പിങ്ക് ബോള്‍ ടെസ്റ്റിന് ബുധനാഴ്ച അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ തുടക്കം കുറിക്കാനിരിക്കെ ഇന്ത്യക്കു മുന്നറിയിപ്പുമായി ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. ഈ ടെസ്റ്റില്‍ ജയിക്കാനായാല്‍ പരമ്പരയുടെ കടിഞ്ഞാണ്‍ ഇംഗ്ലണ്ടിന്റെ പക്കലാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവില്‍ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമുകളും 1-1ന് ഒപ്പമാണ്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടാന്‍ ഇന്ത്യ 2-1 അല്ലെങ്കില്‍ 3-1ന് പരമ്പര ജയിക്കണം. ഇംഗ്ലണ്ടിനാവട്ടെ ശേഷിച്ച രണ്ടു ടെസ്റ്റുകളും ജയിച്ചാല്‍ ഫൈനലിലെത്താം.
പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു വിജയിക്കാന്‍ കഴിയുമെന്ന് ആര്‍ച്ചര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ ടെസ്റ്റ് അതുകൊണ്ടു തന്നെ വളരെ പ്രധാനപ്പെട്ടതാണ്. ഇതില്‍ ജയിച്ചാല്‍ പരമ്പര നഷ്ടമാവില്ലെന്നുറപ്പാക്കാം. ഞങ്ങള്‍ എല്ലായ്പ്പോഴും വിജയത്തിനു വേണ്ടിയാണ് ശ്രമിക്കുന്നത്. മൂന്നാം ടെസ്റ്റില്‍ ഞങ്ങള്‍ ഡ്രൈവിങ് സീറ്റിലെത്തും. ഈ ടെസ്റ്റ് ജയിക്കുകയാണെങ്കില്‍ അവസാന മല്‍സരം നിയന്ത്രിക്കാന്‍ ഇംഗ്ലണ്ടിനു കഴിയുമെന്നും ആര്‍ച്ചര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആര്‍ച്ചറുടെ കന്നി പിങ്ക ബോള്‍ ടെസ്റ്റിലെ അരങ്ങേറ്റം കൂടിയാണ് അടുത്ത മല്‍സരം. സത്യസന്ധമായി പറയുകയാണെങ്കില്‍ സാധാരണ പിങ്ക് ബോളായി മാത്രമേ ഇവിടെ ഉപയോഗിച്ച ബോള്‍ തോന്നിയിട്ടുള്ളൂ. കുറച്ചു തവണ പിങ്ക് ബോള്‍ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. അതിനു സമാനമായ ബോള്‍ തന്നെയാണ് മൂന്നാം ടെസ്റ്റിനുമുള്ളത്. ലൈറ്റ്സിനു കീഴില്‍ കളിക്കുമ്പോള്‍ ഈ ബോളിന് സാധാരണത്തേതിനേക്കാള്‍ കൂടുതല്‍ കാഠിന്യം ലഭിക്കുമെന്നും ആര്‍ച്ചര്‍ അഭിപ്രായപ്പെട്ടു.
മൂന്നാംടെസ്റ്റ് പിങ്ക് ബോള്‍ മല്‍സരമാണെങ്കിലും ടേണിങ് പിച്ച് തന്നെയായിരിക്കും ഇതെന്നു 25 കാരനായ ആര്‍ച്ചര്‍ പറയുന്നു. ഉപഭൂഖണ്ഡത്തില്‍ പേസറില്‍ നിന്നും അഞ്ചോ, ആറോ വിക്കറ്റുകള്‍ ക്യാപ്റ്റന്‍ പ്രതീക്ഷിക്കില്ല. രണ്ടോ, മൂന്നോ വിക്കറ്റുകള്‍ ലഭിച്ചാല്‍ നിങ്ങള്‍ നന്നായി ജോലി ചെയ്തുവെന്നു പറയാം. ഞങ്ങളുടെ ജോലിയും അതു തന്നെയാണെന്നു ആര്‍ച്ചര്‍ പറഞ്ഞു.