
ഇംഗ്ലണ്ടിന് വന്‍ സ്‌കോര്‍
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഇംഗ്ലണ്ട് വന്‍ സ്‌കോര്‍ അടിച്ചെടുത്തു. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സാണ് ആതിഥേയര്‍ നേടിയത്. ഇതോടെ ചരിത്രം വഴിമാറുകയും ചെയ്തു. ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരേ തങ്ങളുടെ ഏറ്റവും വലിയ സ്‌കോറാണ് ഇംഗ്ലണ്ട് ഈ മല്‍സരത്തില്‍ നേടിയത്.
2011 ഫെബ്രുവരിയില്‍ സിഡ്‌നിയില്‍ നടന്ന കളിയില്‍ നേടിയ 333 റണ്‍സെന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.

ജാസണ്‍ വെടിക്കെട്ട്
ഓപ്പണര്‍ ജാസണ്‍ റോയിയുടെ ഇടിവെട്ട് ബാറ്റിങാണ് ഇംഗ്ലണ്ടിനെ റെക്കോര്‍ഡ് സ്‌കോറില്‍ എത്തിച്ചത്. ഓപ്പണറായി ഇറങ്ങിയ താരം സെഞ്ച്വറിയോടെ ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 120 റണ്‍സാണ് റോയ് നേടിയത്. 108 പന്തില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ബട്‌ലര്‍ ഫോം തുടരുന്നു
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി നടത്തിയ ഉജ്ജ്വല ബാറ്റിങിന്റെ മികവില്‍ ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ബട്‌ലര്‍ ഒരിക്കല്‍ക്കൂടി കസറി.
റോയിയെക്കൂടാതെ ബട്‌ലറുടെ (91) ബാറ്റിങാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 300 കടത്തിയത്. 102 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടങ്ങുന്നതായിരുന്നു റോയിയുടെ ഇന്നിങ്‌സ്. ജോണി ബെയര്‍സ്‌റ്റോയാണ് (42) ഇംഗ്ലണ്ടിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.

ബൗളിങില്‍ തിളങ്ങി 'റിച്ചാര്‍ഡ്‌സന്‍മാര്‍'
ഓസീസ് ബൗളര്‍മാരെല്ലാം റണ്‍സ് വഴങ്ങിയെങ്കിലും സമാനമായ പേരുള്ള രണ്ടു താരങ്ങള്‍ രണ്ടു വിക്കറ്റ് വീതം നേടി തിളങ്ങി. കെയ്ന്‍ റിച്ചാര്‍ഡ്‌സനും ജെയ് റിച്ചാര്‍ഡ്‌സനുമാണ് രണ്ടു വിക്കറ്റ് വീതം പങ്കിട്ടത്.
കഴിഞ്ഞ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരനുള്ള പുരസ്‌കാരം നേടിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് ബൗളര്‍ കൂടിയായിരുന്ന ആന്‍ഡ്രു ടൈയും ഓസീസിനു വേണ്ടി രണ്ടു വിക്കറ്റ് പോക്കറ്റിലാക്കി. മാര്‍ക്കസ് സ്‌റ്റോണിസിന് ഒരു വിക്കറ്റ് ലഭിച്ചു.

പൊരുതി നോക്കി, പക്ഷെ എത്തിയില്ല
ഇംഗ്ലണ്ടിന്റെ റെക്കോര്‍ഡ് സ്‌കോറിനു മുന്നില്‍ എളുപ്പം കീഴടങ്ങാന്‍ ഓസ്‌ട്രേലിയക്കു മനസ്സുണ്ടായിരുന്നില്ല. പൊരുതിനോക്കിയ കംഗാരുപ്പട 300 റണ്‍സെന്ന കടമ്പ കടന്നെങ്കിലും മുഴുവന്‍ ഓവറും ക്രീസില്‍ പിടിച്ചുനില്‍ക്കാനായയില്ല. 47.1 ഓവറില്‍ 304 റണ്‍സിന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കൂടാരത്തില്‍ തിരിച്ചെത്തി.

മാര്‍ഷിന്റെ വണ്‍മാന്‍ ഷോ
മൂന്നാമനായി ക്രീസിലെത്തിയ ഷോണ്‍ മാര്‍ഷിന്റെ വണ്‍മാന്‍ ഷോയാണ് ഓസ്‌ട്രേലിയയെ ജയം സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചത്. 131 റണ്‍സാണ് മാര്‍ഷ് വാരിക്കൂട്ടിയത്. 116 പന്തില്‍ 10 ബൗണ്ടറികളും മൂന്നു സിക്‌സറുകളും മാര്‍ഷിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ഓസീസ് നിരയില്‍ 50നു മുകളില്‍ സ്‌കോര്‍ ചെയ്ത ഏക താരവും മാര്‍ഷ് തന്നെയാണ്. ആഷ്ടന്‍ ഏഗറാണ് (46) മറ്റൊരു സ്‌കോറര്‍.

എറിഞ്ഞൊതുക്കി പ്ലങ്കെറും റഷീദും
ലിയാം പ്ലങ്കെറ്റിന്റെയും ആദില്‍ റഷീദിന്റെയും ഉജ്ജ്വല ബൗളിങാണ് മല്‍സരത്തില്‍ ഓസീസിന് കടിഞ്ഞാണിട്ടത്. നാലു വിക്കറ്റുമായി പ്ലങ്കെറ്റ് ഇംഗ്ലീഷ് ബൗളിങിന് ചുക്കാന്‍ പിടിച്ചപ്പോള്‍ മൂന്നു വിക്കറ്റുമായി റഷീദ് ഉറച്ച പിന്തുണ നല്‍കി. മോയിന്‍ അലിക്കു രണ്ടു വിക്കറ്റ് ലഭിച്ചു.
ഇംഗ്ലീഷ് ബാറ്റിങിന്റെ അമരക്കാരനായ ജാസണ്‍ റോയ് ആണ് മാന്‍ ഓഫ് ദി മാച്ച്.


Click it and Unblock the Notifications