പെര്‍ത്ത്: 66 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തി തുടക്കത്തില്‍ ചെറിയ പ്രതീക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ ഇന്ത്യ ത്രിരാഷ്ട്ര കപ്പില്‍ നിന്നും പുറത്തായി. ഇംഗ്ലണ്ടിനോട് ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ തോല്‍ക്കുന്നത്. അര്‍ദ്ധസെഞ്ചുറികള്‍ നേടിയ ടെയ്‌ലറും ബട്‌ലറുമാണ് ഇന്ത്യയെ തോല്‍പിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ നേരിടും.
ജയിക്കാന്‍ 201 റണ്‍സിന്റെ സാദാ വിജയലക്ഷ്യമായിരുന്നിട്ടും ഇന്ത്യയ്ക്ക് മുന്നില്‍ ഇംഗ്ലണ്ട് തുടക്കത്തില്‍ പകച്ചു. 10 റണ്‍സെടുത്ത ബെല്ലിനെ മോഹിത് ശര്‍മയും 17 റണ്‍സെടുത്ത മൊയിന്‍ അലിയെ അക്ഷര്‍ പട്ടേലും പുറത്താക്കി. എന്നാല്‍ രണ്ടാം സ്‌പെല്ലിനെത്തി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയാണ് ഇന്ത്യയെ കളിയിലേക്ക് കൊണ്ടുവന്നത്.

സ്റ്റുവര്‍ട്ട് ബിന്നിയെ ആണ് ധോണി ബൗളിംഗ് ഓപ്പണ്‍ ചെയ്യാന്‍ നിയോഗിച്ചത്. ആദ്യ സ്‌പെല്ലില്‍ നിരാശപ്പെടുത്തിയെങ്കിലും ബിന്നി രണ്ടാം സ്‌പെല്ലില്‍ തകര്‍ത്തു. പക്ഷേ 66 ന് അഞ്ച് എന്ന നിലയില്‍ നിന്നും ഇംഗ്ലണ്ട് പതിയെ പിടിച്ചുകയറി. വിക്കറ്റ് ടേക്കിംഗ് ബൗളര്‍മാരില്ലാത്തതാണ് ഇന്ത്യയ്ക്ക് വിനയായത്. ഇഷ്ടം പോലെ റണ്‍സ് വഴങ്ങിയ ജഡേജയ്ക്ക് വിക്കറ്റുകളും വീഴ്ത്താനായില്ല.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചയാണ് ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 83 റണ്‍സിന്റെ ഭേദപ്പെട്ട തുടക്കം കിട്ടിയിലും വെറും 200 റണ്‍സിലെത്താനേ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ. അവസാന വിക്കറ്റില്‍ ഷമിയും മോഹിത് ശര്‍മയും ചേര്‍ന്നടിച്ച 35 റണ്‍സാണ് ഇന്ത്യയെ 200 ല്‍ എത്തിച്ചത്. 101 പന്തില്‍ 73 റണ്‍സടിച്ച ഓപ്പണര്‍ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.