ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് മികച്ച വര്‍ഷങ്ങളിലൊന്നായിരുന്നു ഇത്. ഐസിസി ട്രോഫിയെന്ന സ്വപ്‌നം ഒരിക്കല്‍ക്കൂടി പൊലിഞ്ഞെങ്കിലും മറ്റു പ്രധാനപ്പെട്ട പല നേട്ടങ്ങളും കൈവരിക്കാന്‍ 2023ല്‍ ഇന്ത്യക്കു സാധിച്ചിട്ടുണ്ട്. ഏഷ്യാ കപ്പില്‍ വീണ്ടും ചാംപ്യന്‍മാരായ ഇന്ത്യ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ റണ്ണറപ്പാവുകയും ചെയ്തു, കൂടാതെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ ഈ വര്‍ഷം കളിച്ചിരുന്നു.
പക്ഷെ ഫീല്‍ഡിങിലേക്കു വന്നാല്‍, പ്രത്യേകിച്ചും ക്യാച്ചിങ് ശേഷിയുടെ കാര്യത്തില്‍ ഇന്ത്യ ഏറെ പിറകിലാണെന്നാണ് പുറത്തുവന്ന കണക്കുകള്‍ തെളിയിക്കുന്നത്. ഏകദിനത്തില്‍ ഈ വര്‍ഷത്തെ ടീമുകളുടെ ക്യാച്ചിങ് കാര്യക്ഷമതയുടെ കണക്കുകള്‍ വന്നപ്പോള്‍ അതില്‍ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ പോലും രോഹിത് ശര്‍മയും സംഘവും ഇല്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം.

മാത്രമല്ല ഫീല്‍ഡിങില്‍ ഏറ്റവും മോശക്കാരെന്നു പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം നേരിടാറുള്ള പാകിസ്താന്‍ ആദ്യ മൂന്നിലുണ്ടെന്നതും മറ്റൊരു വലിയ സര്‍പ്രൈസാണ്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ മൂന്നു ടീമുകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത് എന്നതാണ് മറ്റൊരു കൗതുകം.
ഏകദിനത്തില്‍ ഈ വര്‍ഷം ക്യാച്ചിങ് കാര്യക്ഷമതയുടെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള ടീം 2019ലെ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ടാണ്. 85.2 ശതമാനമാണ് അവരുടെ ക്യാച്ചിങ് കാര്യക്ഷമത. വെറും 21 ക്യാച്ചുകള്‍ മാത്രമേ അവര്‍ നഷ്ടപ്പെടുത്തിയിട്ടുള്ളൂ.
ഈ ലിസ്റ്റിലെ രണ്ടാംസ്ഥാനക്കാര്‍ ഏഷ്യയില്‍ നിന്നുള്ള ബംഗ്ലാദേശാണ്. 82.1 ശതമാനം ക്യാച്ചിങ് കാര്യക്ഷമതയാണ് ബംഗ്ലാ കടുവകള്‍ക്കുള്ളത്. ഈ വര്‍ഷം അവര്‍ പാഴാക്കിയതാവട്ടെ 25 ക്യാച്ചുകളുമാണ്. ബംഗ്ലാദേശിനു തൊട്ടു പിന്നിലായി മൂന്നാംസ്ഥാനത്തു പാകിസ്താനാണ്. കണക്കുകളില്‍ അവര്‍ ബംഗ്ലാദേശിനേക്കാള്‍ അധികം പിറകിലുമല്ല. 81.3 ശതമാനം ക്യാച്ചിങ് കാര്യക്ഷമത പാക് പടയ്ക്കുണ്ട്. അവര്‍ നഷ്ടപ്പെടുത്തിയത് 29 ക്യാച്ചുകളുമായിരുന്നു.
ഫീല്‍ഡിങില്‍ എല്ലാ കാലത്തും ഉന്നത നിലവാരം പുലര്‍ത്തിയിട്ടുള്ള രണ്ടു ടീമുകളാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. ന്യൂസിലാന്‍ഡും സൗത്താഫ്രിക്കയുമാണ് ഈ ടീമുകള്‍. ഏകദിനത്തില്‍ കിവികളുടെ ക്യാച്ചിങ് കാര്യക്ഷമത 80 ശതമാനമാണ്. 40 ക്യാച്ചുകള്‍ അവര്‍ പാഴാക്കി. ഫീല്‍ഡിങില്‍ എല്ലായ്‌പ്പോഴും കൈയടികള്‍ നേടാറുള്ള സൗത്താഫ്രിക്കയുടെ ക്യാച്ചിങ് കാര്യക്ഷമത 79.3 ശതമാനമാണ്. 37 ക്യാച്ചുകളാണ് സൗത്താഫ്രിക്ക നഷ്ടപ്പെടുത്തിയത്.

ആറാം സ്ഥാനം ശ്രീലങ്കയ്ക്കാണ്. 75.3 ശതമാനമാണ് ക്യാച്ചിങിന്റെ കാര്യത്തില്‍ അവരുടെ കാര്യക്ഷമത. ലങ്ക പാഴാക്കിയതാവട്ടെ 40 ക്യാച്ചുകളുമാണ്. ലങ്കയ്ക്കും പിന്നിലായി ഏഴാംസ്ഥനത്തു നില്‍ക്കുകയാണ് ടീം ഇന്ത്യ. ക്യാച്ചിങ് കാര്യക്ഷമതയുടെ ശതമാനമെടുത്താല്‍ ലങ്കയുമായി നേരിയ വ്യത്യാസം മാത്രമേ ഇന്ത്യക്കുള്ളൂ. 75.1 ശതമാനമാണ് ഇന്ത്യയുടെ ക്യാച്ചിങ് കാര്യക്ഷമത.
ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയത് നോക്കിയാല്‍ അത് 50നു മുകളില്‍ വരും. ഏകദിനത്തില്‍ ഈ വര്‍ഷം ഏറ്റവുമധികം ക്യാച്ചുകള്‍ പാഴാക്കിയതും ഇന്ത്യയാണ്. 53 ക്യാച്ചുകളാണ് ഇന്ത്യയുടെ കൈകളില്‍ നിന്നും വഴുതിപ്പോയത്. മറ്റൊരു ടീമും ഈ വര്‍ഷം ഏകദിനത്തില്‍ 50 ക്യാച്ചുകള്‍ പാഴാക്കിയിട്ടില്ല. ക്യാച്ചിങിന്റെ കാര്യത്തില്‍ ഇന്ത്യ വളരെയേറെ മെച്ചപ്പെടാനുണ്ടെന്ന മുന്നറിയിപ്പ് കൂടിയാണ് ഇതു നല്‍കുന്നത്.
നിലവിലെ ലോക ചാംപ്യന്മാരായ ഓസ്‌ട്രേലിയ ക്യാച്ചിങ് കാര്യക്ഷമതയില്‍ ഇന്ത്യക്കും പിറകിലായി എട്ടാംസ്ഥാനത്താണ്. 74.8 ശതമാനം ക്യാച്ചിങ് കാര്യക്ഷമതയാണ് ഓസീസിനുള്ളത്. 37 ക്യാച്ചുകള്‍ അവര്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.
ഓസ്‌ട്രേലിയക്കു പിന്നില്‍ 9,10 സ്ഥാനങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസും അഫ്ഗാനിസ്താനുമാണ്. 71.9 ശതമാനം ക്യാച്ചിങ് കാര്യക്ഷമതയുള്ള വിന്‍ഡീസ് 36 ക്യാച്ചുകളും 66.3 ക്യാച്ചിങ് കാര്യക്ഷമതയുള്ള അഫ്ഗാന്‍ 33 ക്യാച്ചുകളുമാണ് പാഴാക്കിയത്.