കൊളംബോ: എമേര്‍ജിങ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇന്ത്യയെ നാണംകെടുത്തി പാകിസ്താനു കിരീടം. ഏകപക്ഷീയമായി മാറിയ ഫൈനലില്‍ 128 റണ്‍സിന്റെ വമ്പന്‍ ജയമാണ് യഷ് ധൂല്‍ നയിച്ച ഇന്ത്യന്‍ യുവനിരയ്‌ക്കെതിരേ പാക് പട സ്വന്തമാക്കിയത്. തുടരെ രണ്ടാം തവണയാണ് പാകിസ്താന്‍ കിരീടത്തില്‍ മുത്തമിട്ടത്.
2013ലെ പ്രഥമ എഡിഷനില്‍ ചാംപ്യന്‍മാരായ ശേഷം പിന്നീടൊരിക്കലും എമേര്‍ജിങ് ഏഷ്യാ കപ്പ് ഇന്ത്യക്കു ലഭിച്ചിട്ടില്ല. 2018ല്‍ ഫൈനലിലെത്തിയെങ്കിലും ശ്രീലങ്കയോടു തോല്‍ക്കുകയായിരുന്നു. ഇത്തവണ വീണ്ടുമൊരു ഫൈനലില്‍ ഇന്ത്യക്കു കാലിടറി.
ഫൈനലില്‍ പാകിസ്താന്റെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യ ബാക്ക്ഫൂട്ടിലായിരുന്നു. 353 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു പാകിസ്താന്‍ നല്‍കിയത്. പക്ഷെ ഇന്ത്യക്കു ഈ ടോട്ടലിനു മുന്നില്‍ മറുപടിയില്ലായിരുന്നു. 40 ഓവറില്‍ 224 റണ്‍സിനു ഇന്ത്യ കൂടാരംകയറി. ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ (61) കസറിയെങ്കിലും മറ്റാരില്‍ നിന്നും പ്രതീക്ഷിച്ചതു പോലെ സ്‌കോറുകള്‍ വന്നില്ല.

നായകന്‍ ധൂലാണ് (39) മറ്റൊരു പ്രധാന സ്‌കോറര്‍. 41 ബോളില്‍ നാലു ഫോറുകളടക്കം 39 റണ്‍സെടുത്ത അദ്ദേഹം അഞ്ചാമനായി പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. സായ് സുദര്‍ശനാണ് (29) 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം.
വമ്പന്‍ റണ്‍ചേസില്‍ ആഗ്രഹിച്ച തുടക്കമായിരുന്നു ഓപ്പണിങ് ജോടികളായ അഭിഷേകും സായിയും ഇന്ത്യക്കു നല്‍കിയത്. 8.2 ഓവറില്‍ 64 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ സായിയെ പുറത്താക്കി അര്‍ഷാദ് ഇഖ്ബാല്‍ പാകിസ്താന് ആദ്യ ബ്രേക്ക്ത്രൂ നല്‍കി.
പിന്നീട് ഇന്ത്യക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഇന്ത്യയുടെ ഒരു ജോടിയെയും അധികനേരം ക്രീസില്‍ നില്‍ക്കാന്‍ പാകിസ്താന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. മൂന്നാം വിക്കറ്റില്‍ അഭിഷേക്- ധൂല്‍ സഖ്യം 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ ഇന്ത്യക്കു പ്രതീക്ഷ കൈവന്നിരുന്നു.
പക്ഷെ ടീം സ്‌കോര്‍ 132ല്‍ വച്ച് അഭിഷേത് വീണതോടെ ഇന്ത്യയുടെ പതനം ആരംഭിക്കുകയായിരുന്നു. പിന്നീട് ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. നിഷാന്ത് സിന്ധു (10), ധ്രുവ് ജുറേല്‍ (9), റിയാന്‍ പരാഗ് (14), ഹര്‍ഷിത് റാണ (13) തുടങ്ങിയവരെല്ലാം കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങിയതോടെ ഇന്ത്യ വെറും 224 റണ്‍സിനു കൂടാരം കയറുകയും ചെയ്തു.

നേരത്തേ ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ ധൂല്‍ ബൗളിങ് തിരഞ്ഞെടുക്കകയായിരുന്നു. പക്ഷെ ഈ തീരുമാനം അമ്പെ പാളി. നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റിനാണ് 352 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പാകിസ്താന്‍ പടുത്തുയര്‍ത്തിയത്. ഓപ്പണിങ് വിക്കറ്റില്‍ 121 റണ്‍സ് പാക് പട അടിച്ചെടുത്തപ്പോള്‍ തന്നെ മല്‍സരം ഇന്ത്യയില്‍ നിന്നും വഴുതിപ്പോയിരുന്നു.
ഒരു ഘട്ടത്തില്‍ അഞ്ചിനു 187ലേക്കു പാകിസ്താനെ ഒതുക്കാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ നാലാം നമ്പറില്‍ ഇറങ്ങിയ തയ്യാബ് താഹിറിന്റെ (108) കിടിലന്‍ സെഞ്ച്വറി ഇന്ത്യയെ നിസ്സഹായരാക്കി. വെറും 71 ബോളിലാണ് 12 ഫോറും നാലു സിക്‌സറുമടക്കം താരം 108 റണ്‍സ് വാരിക്കൂട്ടിയത്.
ഓപ്പണിങ് ജോടികളായ സയീം അയൂബ് (59), സഹിബ്‌സാദ ഫര്‍ഹാന്‍ (65) എന്നിവരാണ് പാകിസ്താന്റെ മറ്റു സ്‌കോറര്‍മാര്‍. മുബസിര്‍ ഖാന്‍ 35ഉം ഒമെയര്‍ യൂസുഫ് 35ഉം റണ്ണെടുത്തു. ഏഴു ബൗളര്‍മാരെയാണ് മല്‍സരത്തില്‍ ഇന്ത്യന്‍ നായകന്‍ ധൂല്‍ പരീക്ഷിച്ചത്. പക്ഷെ പാക് ഇന്നിങ്‌സിനു കടിഞ്ഞാണിടാനായില്ല. റിയാന്‍ പരാഗും രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കറും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.