For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിള്ളേര് കൊള്ളാം, എന്താ കളി..., പാക് പടയെ തുരത്തി ഇന്ത്യ; ക്യാപ്റ്റന്‍സിയില്‍ മിന്നിച്ച് തിലക്

എമര്‍ജിങ് ഏഷ്യാ കപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യയുടെ എ നിര. ആവേശകരമായ മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യയുടെ യുവനിരയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ എട്ട് വിക്കറ്റിന് 183 റണ്‍സാണ് അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ പാകിസ്താനെ 7 വിക്കറ്റിന് 176 റണ്‍സിലേക്ക് തളച്ചിടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. ഇതോടെ ഏഴ് റണ്‍സിന്റെ തകര്‍പ്പന്‍ ജയം ഇന്ത്യക്കൊപ്പം. പാകിസ്താനെതിരായ ഇന്ത്യയുടെ ജയം ആരാധകരും ആഘോഷിക്കുകയാണ്.

നായകനെന്ന നിലയില്‍ തിലക് വര്‍മ കസറിയപ്പോള്‍ ഒപ്പം ബൗളര്‍മാരും കട്ടക്ക് കൂടെ നിന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അന്‍ഷുല്‍ കാംബോജാണ് കളിയിലെ താരം. റാസിഖ് സലാമും നിശാന്ത് സിന്ധുവും രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു. രമന്‍ദീപ് സിങ്ങിന്റെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങും ഇന്ത്യക്ക് കരുത്തായി മാറുന്നതാണ് കണ്ടത്. എന്തായാലും പാകിസ്താനെ തകര്‍ത്ത് മുന്നോട്ട് പോകാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

മുന്നില്‍ നിന്ന് നയിച്ച് തിലക്

ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും (35) പ്രഭ്‌സിംറാന്‍ സിങ്ങും (36) ചേര്‍ന്ന് മികച്ചൊരു തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 68 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇവര്‍ക്കായി. 22 പന്ത് നേരിട്ട് 5 ഫോറും 2 സിക്‌സും പറത്തിയ അഭിഷേകാണ് ആദ്യം പുറത്തായത്. സുഫിയാന്‍ മുഖീമാണ് അഭിഷേകിനെ പുറത്താക്കിയത്. പാക് ബൗളരുടെ പ്രകോപന പരമായ ആഘോഷം അഭിഷേക് ചോദ്യം ചെയ്തതോടെ നേരിയ തര്‍ക്കം കളത്തിലുണ്ടായി.

പ്രഭ്‌സിംറാന്‍ കടന്നാക്രമിച്ച് കളിക്കുകയാണ് ചെയ്തത്. 19 പന്ത് നേരിട്ട് മൂന്ന് വീതം സിക്‌സും ഫോറും പറത്തിയതാരം 189ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് കടന്നാക്രമിച്ചത്. പവര്‍പ്ലേ നന്നായി മുതലാക്കാന്‍ അദ്ദേഹത്തിനായി. തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 35 പന്ത് നേരിട്ട് രണ്ട് വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 44 റണ്‍സാണ് തിലക് കാഴ്ചവെച്ചത്. നായകന്റെ പ്രകടനമാണ് തിലക് വര്‍മ പുറത്തെടുത്തത്. പക്വതയുള്ള ബാറ്റിങ് പ്രകടനമായിരുന്നു ഇത്.

india emerging asia cup

Photocredit: https://x.com/ACCMedia1/status/1847687330213351644/photo/1

ഇന്ത്യയുടെ മധ്യനിര നിരാശപ്പെടുത്തി

ഇന്ത്യയുടെ മികച്ച തുടക്കത്തെ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ മധ്യനിരക്ക് സാധിക്കാതെ പോയി. നിഹാല്‍ വദേര 22 പന്തില്‍ 25 റണ്‍സാണ് നേടിയത്. ആയുഷ് ബദോനി രണ്ട് റണ്‍സെടുത്തപ്പോള്‍ രമന്‍ദീപ് സിങ് 17 റണ്‍സെടുത്ത് റണ്ണൗട്ടായി. നിശാന്ത് സിന്ധു ആറ് റണ്‍സില്‍ പുറത്തായപ്പോള്‍ അന്‍ഷുല്‍ കാംബോജ് അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി. രാഹുല്‍ ചഹാറും (4*) റാസിഖ് സലാമും (6*) പുറത്താവാതെ നിന്നു. ഇതോടെയാണ് എട്ട് വിക്കറ്റിന് 183 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ഇന്ത്യക്ക് എത്താനായത്.

ഇന്ത്യയുടെ സ്‌കോര്‍ 200ന് മുകളിലേക്ക് പോകേണ്ടതായിരുന്നെങ്കിലും മധ്യനിരക്ക് കാര്യമായ പ്രകടനം നടത്താനാവാത്തതാണ് തിരിച്ചടിയായത്. എന്തായാലും ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനം നടത്താന്‍ യുവ താരങ്ങള്‍ക്കായെന്ന് പറയാം. ആത്മവിശ്വാസത്തോടെ കളിച്ച ഇന്ത്യ വിജയം പിടിച്ചുവാങ്ങുകയായിരുന്നുവെന്ന് പറയാം.

നായകനായി തിലക് മിന്നിച്ചു

പാകിസ്താന്‍ ബാറ്റിങ് നിരയില്‍ നിന്ന് മികച്ച പ്രകടനം ഉണ്ടായെങ്കിലും കൃത്യമായ ബൗളിങ് ചെയ്ഞ്ചുകളിലൂടെ തിലക് വര്‍മ പാക് ടീമിനെ സമ്മര്‍ദ്ദത്തിലാക്കി. അന്‍ഷുല്‍ കാംബോജിനെ കൃത്യമായി ഉപയോഗപ്പെടുത്താന്‍ തിലകിനായി. പാകിസ്താനായി അറഫാത്ത് മിന്‍ഹാസ് 29 പന്തില്‍ 41 റണ്‍സുമായി തിളങ്ങി. യാസിര്‍ ഖാന്‍ 22 പന്തില്‍ 33 റണ്‍സുമായി തിളങ്ങി. വാലറ്റത്ത് അബ്ദുല്‍ സമദ് 25 റണ്‍സും അബ്ബാസ് അഫ്രീദി 18 റണ്‍സും നേടിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. ഇന്ത്യയുടെ മികച്ച ഫീല്‍ഡിങ് പ്രകടനവും പാകിസ്താനെ തകര്‍ക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് തന്നെ പറയാം.

Story first published: Sunday, October 20, 2024, 7:28 [IST]
Other articles published on Oct 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+