ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു ഭീഷണിയുയര്‍ത്തി യുവതാരം ധ്രുവ് ജുറേലിന്റെ വണ്ടര്‍ ക്യാച്ച്. എമേര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടിയാണ് വിക്കറ്റ് കീപ്പറായി ഇറങ്ങി ജുറേല്‍ കിടിലന്‍ ക്യാച്ചെടുത്തത്. ഇതിന്റെ വീഡിയോ വൈറലാവുകയും ചെയ്തിരിക്കുകയാണ്. ഈ ക്യാച്ചിനൊരു പ്രത്യേകത കൂടിയുണ്ട്.
ഇന്ത്യന്‍ എ ടീമിനായി ധ്രുവ് ജുറേലിന്റെ ക്യാച്ച് കാണാം
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ ഒരു ക്യാച്ചിനെ അനുസ്മരിപ്പിക്കുന്നതാണ് ജുറേലിന്റെ ക്യാച്ച്. ഇതു തന്നെയാണ് ആരാധകര്‍ക്കിടയില്‍ ഇതു വൈറലാവാനുള്ള പ്രധാന കാരണം. യുഎഇ എ ടീമിനെതിരേയാണ് ഇന്ത്യന്‍ എ ടീമിനു വേണ്ടി ജുറേല്‍ വിക്കറ്റ് കാത്തത്. തന്റെ റോള്‍ താരം ഭംഗിയാക്കുകയും ചെയ്തു.

2019ല്‍ ഇംഗ്ലണ്ട് വേദിയായ ഐസിസി ഏകദിന ലോകകപ്പില്‍ എംഎസ് ധോണിയെടുത്ത ക്യാച്ചിന്റെ തനിപ്പകര്‍പ്പായിരുന്നു ജുറേലിന്റെ ക്യാച്ച്. വെസ്റ്റ് ഇന്‍ഡീസുമായുള്ള ലോകകപ്പ് മല്‍സരത്തിലായിരുന്നു ധോണിയുടെ ഡൈവിങ് ക്യാച്ച്. അപകടകാരിയായ കാര്‍ലോസ് ബ്രാത്വെയ്റ്റിന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ ധോണി വലതു വശത്തേക്കു ഡൈവ് ചെയ്ത് ഒരു കൈയ്ക്കുള്ളിലാക്കി ലാന്‍ഡ് ചെയ്യുകയായിരുന്നു. ധോണിയുടെ അസാധാരണമായ കായികക്ഷമതയും ചടുലതയുമെല്ലാം അടിവരയിടുന്ന ക്യാച്ച് കൂടിയായിരുന്നു ഇത്.
അന്നു ധോണിയെടുത്തതിനേക്കാള്‍ ദുഷ്‌കരമായ ക്യാച്ചായിരുന്നു ജുറേലിന്റേതെന്നു പറയേണ്ടി വരും. കാരണം അന്നു നിന്നിടത്തു നിന്നും വലതു വശത്തേക്കു ഡൈവ് ചെയ്തായിരുന്നു ധോണി ക്യാച്ചെടുത്തത്. പക്ഷെ ഇത്തവണ ഇടംകൈയന്‍ ബാറ്റര്‍ക്കെതിരേ വലതു വശത്തേക്ക് ഡൈവ് ചെയ്താണ് ജുറേല്‍ ക്യാച്ച് ചെയ്തിരിക്കുന്നത്.
2019ലെ ലോകകപ്പില്‍ എംഎസ് ധോണിയുടെ ക്യാച്ച്
യുഎഇ ബാറ്റര്‍ അന്‍ഷ് ടണ്ടന്റെ പാഡ് ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ പേസര്‍ ഹര്‍ഷിത് റാണയുടെ ബോള്‍. ബോളിന്റെ വേഗത മുതലെടുത്ത് അതു ലെഗ് സൈഡിലേക്കു വഴി തിരിച്ചുവിടാന്‍ ബാറ്റര്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ ജുറേലിനെ കബളിപ്പിക്കാനായില്ല. സ്‌ട്രൈക്ക് നേരിട്ടതില്‍ നിന്നും നേരെ എതിര്‍ ഭാഗത്തേക്കു ബോള്‍ പോയെങ്കിലും വായുവില്‍ പറന്ന് ജുറേല്‍ അതിനെ കൈയ്ക്കുള്ളിലാക്കുകയായിരുന്നു. താരത്തിന്റെ ഈ ക്യാച്ച് കാണികളെ ത്രില്ലടിപ്പിക്കുകയും ചെയ്തു.
അതേസമയം, മല്‍സരത്തില്‍ യഷ് ധൂല്‍ നയിക്കുന്ന ഇന്ത്യന്‍ ടീം തകര്‍പ്പന്‍ ജയം കൊയ്തു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ കളി കൂടിയായിരുന്നു ഇത്. ഗ്രൂപ്പ് ബിയില്‍ യുഎഇയ്‌ക്കെതിരേ എട്ടു വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ ആഘോഷിച്ചത്.
50 ഓവര്‍ ടൂര്‍ണമെന്റില്‍ ആദ്യം ബാറ്റ് ചെയ്ത യുഎഇയ്ക്കു നിശ്ചിത ഓവറില്‍ 175 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഒരാള്‍ പോലും യുഎഇ നിരയില്‍ ഫിഫ്റ്റിയടിച്ചില്ല. 47 റണ്‍സെടുത്ത യുഎഇ ക്യാപ്റ്റന്‍ വല്‍ത്തപ്പ ചിദംബരമാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. ആര്യാന്‍ഷ് ശര്‍മ 38ഉം മുഹമ്മദ് ഫറസ്സുദ്ദീന്‍ 35 റണ്‍സും നേടി.

മറുപടി ബാറ്റിങില്‍ 176 റണ്‍സ് ചേസ് ചെയ്യാന്‍ ഇന്ത്യക്കു 26.3 ഓവറുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തുകയും ചെയ്തു. നായകന്‍റെ കളി കെട്ടഴിച്ച ധൂല്‍ സെഞ്ച്വറിയോടെ കസറി. നാലാം നമ്പറില്‍ ഇറങ്ങിയ താരം 108 റണ്‍സോടെ പുറത്താവാതെ നിന്നു. 84 ബോളില്‍ 20 ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ധൂലിന്റെ ഇന്നിങ്‌സ്.
പുറത്താവാതെ 41 റണ്ണെടുത്ത നികിന്‍ ജോസാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ഐപിഎല്ലിലൂടെ ശ്രദ്ധേയരായ അഭിഷേക് ശര്‍മയും സായ് സുദര്‍ശനുമായിരുന്നു ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. പക്ഷെ സായ് എട്ടു റണ്‍സിനും അഭിഷേക് 19 റണ്‍സിനും പുറത്താവുകയായിരുന്നു.