ഒന്നിലധികം ടീമുകള്‍ക്കായി രഞ്ജി ട്രോഫി കളിച്ചു, ഇന്ത്യയുടെ എട്ട് സൂപ്പര്‍ താരങ്ങള്‍ ഇതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ പല താരങ്ങളും രഞ്ജി ട്രോഫിയിലൂടെ വളര്‍ന്നുവന്നവരാണ്. ഇന്ത്യന്‍ ടീമിലെ പല സൂപ്പര്‍ താരങ്ങള്‍ക്കും രഞ്ജി ട്രോഫിയില്‍ മികച്ച റെക്കോഡുകളും അവകാശപ്പെടാനാവും. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനം വളരെ ശക്തമായതിനാലാണ് എക്കാലത്തും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ താര ക്ഷാമം ഉണ്ടാകാത്തത്. സീനിയര്‍ താരങ്ങള്‍ പോലും ഫോം ഔട്ടാകുമ്പോള്‍ രഞ്ജി ട്രോഫി കളിച്ച് മികവ് തെളിയിച്ചാണ് തിരിച്ചുവരുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ ചില സൂപ്പര്‍ താരങ്ങള്‍ രഞ്ജി ട്രോഫിയില്‍ ഒന്നിലധികം ടീമുകള്‍ക്കായി കളിച്ചിട്ടുള്ളവരാണ്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

എംഎസ് ധോണി
മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണി ഒന്നിലധികം ടീമുകള്‍ക്കായി രഞ്ജി ട്രോഫി കളിച്ച താരമാണ്. ഝാര്‍ഖണ്ഡ്, ബീഹാര്‍ ടീമുകള്‍ക്കായാണ് ധോണി രഞ്ജി ട്രോഫി കളിച്ചത്. ബീഹാറിനൊപ്പമായിരുന്നു ധോണിയുടെ രഞ്ജി ട്രോഫിയുടെ തുടക്കം. 2004ല്‍ ഝാര്‍ഖണ്ഡിനായും ധോണി കളിച്ചു. 2007ല്‍ ഇന്ത്യയുടെ നായകനെന്ന നിലയില്‍ തലവര തെളിഞ്ഞതിന് ശേഷം ധോണിക്ക് അധികം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യന്‍ ടീമിലെത്തിയ ശേഷം അപൂര്‍വ്വമായാണ് ധോണി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചത്.

സഹീര്‍ ഖാന്‍
ഇന്ത്യയുടെ ഇടം കൈയന്‍ പേസര്‍ സഹീര്‍ ഖാനും രണ്ട് ടീമുകള്‍ക്കായി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. ബറോഡ, മുംബൈ ടീമുകള്‍ക്കായാണ് സഹീര്‍ ഖാന്‍ കളിച്ചത്. ബറോഡയ്‌ക്കൊപ്പം രഞ്ജി കരിയര്‍ ആരംഭിച്ച സഹീര്‍ 2006വരെ അവര്‍ക്കൊപ്പം തുടര്‍ന്നു. പിന്നീട് മുംബൈയിലേക്കെത്തിയ താരം 2014വരെ മുംബൈയില്‍ തുടര്‍ന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളായ സഹീര്‍ നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്രിക്കറ്റ് ഡയറക്ടറാണ്.

റോബിന്‍ ഉത്തപ്പ
മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ ഏറെ നാളുകളായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമല്ലെങ്കിലും ഐപിഎല്ലില്‍ ഇപ്പോഴും സജീവമാണ്. മൂന്ന് ടീമുകള്‍ക്കായി ഉത്തപ്പ രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. കര്‍ണാടകക്കാരനായ ഉത്തപ്പ ദീര്‍ഘനാള്‍ ടീമിനൊപ്പം കളി തുടര്‍ന്നെങ്കിലും 2017ല്‍ സൗരാഷ്ട്രയിലേക്കെത്തി. 2019ല്‍ കേരളത്തിലേക്ക് കൂടുമാറിയ ഉത്തപ്പ വീണ്ടും കര്‍ണാടകയിലേക്ക് തിരിച്ചുപോയി. ഇത്തവണത്തെ ഐപിഎല്ലില്‍ സിഎസ്‌കെയുടെ താരമാണ് റോബിന്‍ ഉത്തപ്പ.

ഇര്‍ഫാന്‍ പഠാന്‍
ഇന്ത്യയുടെ സീനിയര്‍ സ്വിങ് പേസര്‍മാരിലൊരാളാണ് ഇര്‍ഫാന്‍ പഠാന്‍. ഇന്ത്യക്കായി ടെസ്റ്റ് ഹാട്രിക്കടക്കം നേടിയിട്ടുള്ള ഇര്‍ഫാന്‍ രണ്ട് ടീമുകള്‍ക്കായി രഞ്ജി ട്രോഫി കളിച്ചു. ബറോഡക്കും ജമ്മു കാശ്മീരിനും വേണ്ടിയാണ് പഠാന്‍ രഞ്ജി ട്രോഫി കളിച്ചത്. 2000 മുതല്‍ 2017വരെ ബറോഡയുടെ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. നിലവില്‍ വിരമിച്ച ശേഷം അവതാരകനായും കമന്റേറ്ററായുമെല്ലാം ഇര്‍ഫാന്‍ പഠാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അമ്പാട്ടി റായിഡു
ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തന്മാരിലൊരാളായ അമ്പാട്ടി റായിഡുവും ഒന്നിലധികം ടീമിനായി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, ഹൈദരാബാദ്, ബറോഡ, വിദര്‍ഭ ടീമുകള്‍ക്കായാണ് റായിഡു രഞ്ജി കളിച്ചത്. ഇന്ത്യന്‍ ടീമിനൊപ്പം അധികം വളര്‍ച്ച കൈവരിക്കാന്‍ സാധിക്കാതിരുന്ന താരം ഐപിഎല്ലില്‍ ഇപ്പോഴും സജീവമാണ്. ഇത്തവണയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാവാന്‍ റായിഡുവിന് സാധിച്ചിട്ടുണ്ട്.

വസിം ജാഫര്‍
ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസമാണ് വസിം ജാഫര്‍. ഇന്ത്യക്കായും ഓപ്പണര്‍ റോളില്‍ ഇറങ്ങിയിട്ടുള്ള വസിം ജാഫര്‍ മുംബൈ, വിദര്‍ഭ ടീമുകള്‍ക്കൊപ്പം മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളിലൊരാളാണ്. രഞ്ജിയില്‍ 12038 റണ്‍സാണ് വസിം ജാഫര്‍ നേടിയത്. മുംബൈക്കായി ഏറെ നാള്‍ രഞ്ജി കളിക്കാനും മികച്ച പ്രകടനം നടത്താനും ജാഫറിന് സാധിച്ചിരുന്നു.

വീരേന്ദര്‍ സെവാഗ്
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും ഒന്നിലധികം ടീമുകള്‍ക്കായി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. ഡല്‍ഹി, ഹരിയാന ടീമുകള്‍ക്കായാണ് സെവാഗ് കളിച്ചത്. ഡല്‍ഹിക്കൊപ്പമാണ് തുടങ്ങിയതെങ്കിലും ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഡല്‍ഹി വിട്ട് ഹരിയാനയിലേക്കെത്തുകയായിരുന്നു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി തിളങ്ങിയ സെവാഗ് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും കളിച്ചിട്ടുണ്ട്.

പീയൂഷ് ചൗള
ഇന്ത്യന്‍ സ്പിന്നര്‍ പീയൂഷ് ചൗളയും ഒന്നിലധികം ടീമുകള്‍ക്കായി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശ്, ഗുജറാത്ത് ടീമുകള്‍ക്കായാണ് ചൗള കളിച്ചത്. 2017വരെ ലെഗ് സ്പിന്നര്‍ യുപിക്കായാണ് കളിച്ചത്. പിന്നീടാണ് ഗുജറാത്തിനായി കളിച്ചത്. ഇന്ത്യയുടെ ലോകകപ്പ് ടീമിലംഗമായിരുന്ന ചൗള ഐപിഎല്ലില്‍ കെകെആര്‍, മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുണ്ട്. ഇത്തവണ താരം അണ്‍സോള്‍ഡാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications