ചെന്നൈ: ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ടീമിനായി സഞ്ജു സാംസണ്‍ സെഞ്ച്വറിയോടെ മിന്നിച്ചിരിക്കുകയാണ്. ആറാമനായി ഇറങ്ങി 106 റണ്‍സോടെയാണ് സഞ്ജു തിളങ്ങിയത്. 12 ഫോറും 3 സിക്‌സും ഉള്‍പ്പെടെ പക്വതയോടെയുള്ള പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. സമീപകാലത്തെ മോശം പ്രകടനങ്ങളുടെ നിരാശ ഇന്നത്തെ സെഞ്ച്വറിയോടെ മായ്ക്കാണ് സഞ്ജുവിനായി. ശ്രീലങ്കയ്‌ക്കെതിരായ അവസാന ടി20 പരമ്പരയില്‍ രണ്ട് മത്സരത്തിലും സഞ്ജു ഡെക്കായിരുന്നു.
ദുലീപ് ട്രോഫിയിലെ സെഞ്ച്വറിയോടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സഞ്ജുവിന് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ടി20 ടീമിലേക്ക് തിരിച്ചെത്താന്‍ സഞ്ജുവിന് മുന്നില്‍ ചില വെല്ലുവിളികളുണ്ട്. ദുലീപ് ട്രോഫിയിലെ സെഞ്ച്വറികൊണ്ട് മാത്രം തിരിച്ചുവരാന്‍ സഞ്ജുവിന് സാധിച്ചേക്കില്ലെന്ന് പറയാം. സഞ്ജുവിന്റെ മടങ്ങിവരവ് ഇഷാന്‍ കിഷന്‍, ദ്രുവ് ജുറേല്‍ എന്നിവരുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും. നിലവില്‍ സഞ്ജുവിന് അനുകൂലമായാണ് കാര്യങ്ങളുള്ളത്.
മുഖ്യ വെല്ലുവിളി ഫ്‌ളോപ്പ്
റിഷഭ് പന്ത് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഉണ്ടാകുമെന്നുറപ്പാണ്. റിഷഭ് പന്തിന് ടി20 പരമ്പരയില്‍ ഇന്ത്യ വിശ്രമം അനുവദിച്ചേക്കും. അങ്ങനെ വരുമ്പോള്‍ ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് ടീമിലേക്ക് വിളിയെത്താനാണ് സാധ്യത. ഇവരില്‍ ആര് കളിക്കണമെന്ന് തീരുമാനിക്കുന്നതില്‍ സമീപകാലത്തെ ഫോം നിര്‍ണ്ണായകമാവും. സഞ്ജു സാംസണ്‍ ഇന്ന് സെഞ്ച്വറി നേടിയപ്പോള്‍ ഇഷാന്‍ കിഷന്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.
ഇന്ത്യ സി ടീം താരമായ ഇഷാന്‍ ഇന്ത്യ എ ടീമിനെതിരേ അഞ്ച് റണ്‍സെടുത്താണ് പുറത്തായത്. 11 പന്ത് മാത്രം നേരിട്ട ഇഷാനെ ആവേശ് ഖാനാണ് പുറത്താക്കിയത്. ക്ലീന്‍ബൗള്‍ഡായാണ് ഇഷാന്റെ പുറത്താകലെന്നതാണ് എടുത്തു പറയേണ്ടത്. ഇഷാന്‍ കിഷന്‍ കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറിയോടെ കസറിയെങ്കിലും മൂന്നാം മത്സരത്തില്‍ നിരാശപ്പെടുത്തിയത് സഞ്ജുവിന് ഗുണം ചെയ്യും. ഇഷാന്‍ തിളങ്ങിയാല്‍ സഞ്ജുവിന് പ്ലേയിങ് 11ലെത്താനാവില്ല. ഇഷാന്‍ ഫ്‌ളോപ്പായതോടെ സഞ്ജുവിന്റെ സാധ്യതകള്‍ ഉയരുകയാണ്.

രണ്ടാം ഇന്നിങ്‌സ് നിര്‍ണ്ണായകം
സഞ്ജു ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയെങ്കിലും എല്ലാവരും ശ്രദ്ധിക്കുന്നത് അദ്ദേഹത്തിന്റെ രണ്ടാം ഇന്നിങ്‌സിലെ പ്രകടനത്തിലേക്കാണ്. ആദ്യ ഇന്നിങ്‌സിലെ മികവ് രണ്ടാം ഇന്നിങ്‌സിലും സഞ്ജു ആവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ വീണ്ടും ചര്‍ച്ചയാക്കപ്പെടുകയും അദ്ദേഹം ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെടാന്‍ സാധ്യത കൂടുകയും ചെയ്യും. ഇക്കാരണത്താല്‍ത്തന്നെ സഞ്ജുവിന് രണ്ടാം ഇന്നിങ്‌സില്‍ തിളങ്ങേണ്ടതായുണ്ട്.
അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരങ്ങളാണ് സഞ്ജുവും ഇഷാനും. സഞ്ജു രണ്ടാം ഇന്നിങ്‌സില്‍ ഫ്‌ളോപ്പാവുകയും ഇഷാന്‍ തിളങ്ങുകയും ചെയ്താല്‍ സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും ഇഷാനൊപ്പം നില്‍ക്കും. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും രണ്ടാം ഇന്നിങ്‌സില്‍ മിന്നിക്കാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. വിക്കറ്റിന് പിന്നില്‍ സഞ്ജു തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബാറ്റിങ്ങിലും സ്ഥിരത കാട്ടിയാല്‍ ബംഗ്ലാദേശ് ടി20 പരമ്പരയില്‍ സഞ്ജുവിന് അവസരം ഉറപ്പാണ്.
മടങ്ങിവരവില്‍ സൂര്യ ഫ്‌ളോപ്പ്
ദുലീപ് ട്രോഫിക്ക് തൊട്ട് മുമ്പ് പരിക്കേറ്റ സൂര്യകുമാര്‍ യാദവ് മൂന്നാം മത്സരത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇന്ത്യ ബി ടീമിനായി കളിക്കാനിറങ്ങിയ സൂര്യകുമാര്‍ യാദവ് അഞ്ച് റണ്‍സാണ് ആകെ നേടിയത്. 15 പന്തുകളാണ് അദ്ദേഹം നേരിട്ടത്. അര്‍ഷ്ദീപ് സിങ്ങാണ് സൂര്യയെ പുറത്താക്കിയത്. സൂര്യകുമാറിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ പദ്ധതിയിട്ടിരുന്നു.
അതുകൊണ്ടുതന്നെ ദുലീപ് ട്രോഫിയിലെ സൂര്യയുടെ പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു. പക്ഷെ താരം മടങ്ങിവരവില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ സൂര്യകുമാര്‍ എത്തുമെന്ന കാര്യം ഉറപ്പാണ്.