മുംബൈ: സഞ്ജു സാംസണ്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ അഭിമാനമാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ സഞ്ജുവിന് വലിയ ആരാധക പിന്തുണയും ലഭിക്കുന്നു. സഞ്ജു പ്രതിഭാശാലിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ത്യക്കായി കളിച്ച് മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സഞ്ജുവിനായിട്ടുണ്ട്. എന്നാല്‍ നിലവില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട് നില്‍ക്കുകയാണ് സഞ്ജു. തിരിച്ചുവരവും പ്രയാസമാണെന്നതാണ് വസ്തുത.
ഇപ്പോള്‍ ദുലീപ് ട്രോഫിയില്‍ സഞ്ജു കളിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യ ഡി ടീമിനൊപ്പം നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെക്കുന്നത്. ബാറ്റിങ്ങിലും കീപ്പിങ്ങിലും ശോഭിക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. ഇന്ത്യ ഡി ടീം താരമായ സഞ്ജു ആറ് പന്ത് നേരിട്ട് അഞ്ച് റണ്‍സെടുത്താണ് പുറത്തായത്. കൂടാതെ സ്റ്റംപിങ് അവസരമടക്കം പാഴാക്കി. സഞ്ജു കഴിവുള്ള താരമാണെങ്കിലും ചില ദൗര്‍ബല്യങ്ങള്‍ അദ്ദേഹത്തെ കരിയറില്‍ വേട്ടയാടുകയാണ്. അത് എന്തൊക്കെയാണെന്ന് അറിയാം.
സ്ഥിരതയില്ലായ്മക്ക് പരിഹാരമില്ല
സഞ്ജു സാംസണിന്റെ കരിയറിന്റെ തുടക്കം മുതല്‍ കേള്‍ക്കുന്ന പിഴവുകളിലൊന്നാണ് സ്ഥിരതയില്ലായ്മ. സഞ്ജു ഒരു മികച്ച പ്രകടനം നടത്തിയാല്‍ ഈ മികവ് നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. സ്ഥിരതയുടെ കാര്യത്തില്‍ സഞ്ജുവിന് മെച്ചപ്പെടാന്‍ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള ശ്രമംകൊണ്ടാണ് സഞ്ജുവിന് സ്ഥിരത കണ്ടെത്താന്‍ സാധിക്കാത്തതെന്ന് പറയാം.
എന്നാല്‍ ഈ ശൈലി സഞ്ജു മാറ്റുന്നില്ല. സ്ഥിരതയില്ലാത്ത താരമായതിനാല്‍ത്തന്നെ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിക്കാനും സാധിക്കുന്നില്ല. സഞ്ജുവിന്റെ സ്ഥിരതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെക്കാലമായി ഉണ്ടായിരുന്നിട്ടും ഇതിനെ മറികടക്കാനുള്ള ശ്രമം സഞ്ജുവില്‍ നിന്ന് ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത. സഞ്ജുവിന്റെ കരിയറിനെ പിന്നോട്ടടിക്കുന്ന പ്രധാന ദൗര്‍ബല്യമാണിത്. എന്നാല്‍ ഇതിനെ മറികടക്കാന്‍ സഞ്ജു ശ്രമിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 9 വര്‍ഷവും സഞ്ജു പിന്നിടുകയാണ്. എന്നാല്‍ ഇതിനനുസരിച്ച് ഉത്തരവാദിത്തത്തോടെ കളിക്കാന്‍ സഞ്ജു സാംസണിന് സാധിക്കുന്നില്ല. സഞ്ജു തന്റെ ഭാഗ്യത്തില്‍ മാത്രം വിശ്വസിച്ച് കളിക്കുകയാണ്. തന്റേതായ ദിവസം മികച്ച പ്രകടനം നടത്തുമെന്നതല്ലാതെ ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സഞ്ജുവിന് സാധിക്കുന്നില്ല.
ദുലീപ് ട്രോഫിയിലും സഞ്ജുവിന്റെ പ്രകടനം ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകാത്ത തരത്തിലായിരുന്നു. ടീമിന്റെ മൂന്ന് വിക്കറ്റ് നഷ്ടമായിരിക്കുന്ന സാഹചര്യത്തില്‍ പതിയെ പിടിച്ചുനിന്ന് റണ്‍സുയര്‍ത്താനായിരുന്നു സഞ്ജു ശ്രമിക്കേണ്ടിയിരുന്നത്. എന്നാല്‍ സഞ്ജു നിരുത്തരവാദിത്തപരമായി മോശം ഷോട്ടിന് ശ്രമിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നത് അദ്ദേഹത്തിന്റെ ശൈലിയാണെങ്കിലും അവസരത്തിനൊത്ത് ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല.
അവസരങ്ങള്‍ മുതലാക്കുന്നില്ല
സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമില്‍ ആവശ്യത്തിന് അവസരം ലഭിക്കുന്നില്ലെന്നത് നേരത്തെ മുതലുള്ള ആക്ഷേപമാണ്. ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെടുമ്പോഴെല്ലാം അവസരം നല്‍കുന്നില്ലെന്ന ആരോപണം സഞ്ജു ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ സഞ്ജുവിന് അവസരം ലഭിക്കാത്തതല്ല അത് മുതലാക്കാന്‍ അറിയാത്തതാണ് പ്രശ്‌നമെന്ന് പറയാം. അവസാനമായി ഇന്ത്യക്കായി സഞ്ജു കളിച്ചത് ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലാണ്.
ഈ പരമ്പരയിലെ രണ്ട് മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിച്ചിരുന്നു. രണ്ട് മത്സരത്തിലും ഡെക്കിനാണ് അദ്ദേഹം പുറത്തായത്. ഇപ്പോഴിതാ ദുലീപ് ട്രോഫിയില്‍ കൈയടി നേടാന്‍ അവസരം ലഭിച്ചപ്പോഴും നിരാശപ്പെടുത്തി. ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിക്കാന്‍ അവസരം ലഭിക്കുന്നുണ്ടെങ്കിലും ഇത് മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത.
സഞ്ജുവിന് ഇനി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുക പ്രയാസമായിരിക്കും. റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍ തുടങ്ങിയ യുവതാരങ്ങള്‍ വളര്‍ന്നുവരുന്നത് സഞ്ജുവിന്റെ മടങ്ങിവരവ് സാധ്യതകള്‍ കുറക്കുന്നതാണെന്ന് പറയാം.