ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പര അടുത്ത മാസം നടക്കാനിരിക്കെ അതിനുള്ള തയ്യാറെടുപ്പുകളിലൊന്നായ ദുലീപ് ട്രോഫി പുരോഗമിക്കുകയാണ്. സെമി ഫൈനല്‍ പോരാട്ടങ്ങളാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. വിന്‍ഡീഡിനെതിരേ ഇന്ത്യന്‍ റെഡ് ബോള്‍ ടീമിന്റെ ഭാഗമാവാനിടയുള്ള ചിലര്‍ വിവിധ ടീമുകള്‍ക്കായി കളിക്കുന്നുണ്ട്.
അടുത്ത ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കു അവകാശവാദമുന്നയിക്കാന്‍ ചില മുന്‍നിര താരങ്ങള്‍ക്കു ലഭിക്കുന്ന സുവര്‍ണാവസരം കൂടിയാണ് ഈ മല്‍സരം. ആദ്യദിനത്തിലെ മല്‍സരം പൂര്‍ത്തിയായപ്പോള്‍ ചില വമ്പന്‍ താരങ്ങള്‍ ഫ്‌ളോപ്പായി മാറിയപ്പോള്‍ ചിലര്‍ മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ സെലക്ടര്‍മാടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.

ആരെല്ലാം ഫ്‌ളോപ്പ്?
ദുലീപ് ട്രോഫിക്കായുള്ള ആദ്യ സെമി ഫൈനലില്‍ ഏറ്റുമുട്ടുന്നത് സൗത്ത് സോണും നോര്‍ത്ത് സോണുമാണ്. രണ്ടാം സെമിയിലാവട്ടെ പോരാട്ടം വെസ്റ്റ് സോണും സെന്‍ട്രല്‍ സോണും തമ്മിലാണ്. രജത് പാട്ടിധാര്‍ നയിക്കുന്ന സെന്‍ട്രല്‍ സോണിനെതിരേ വെസ്റ്റ് സോണിനെ നയിക്കുന്നത് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ്.
വലിയ താരനിരയുമായാണ് ശര്‍ദ്ദുലിന്റെ ടീം ഇറങ്ങിയത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത അവര്‍ ഒന്നാംദിനം ആറു വിക്കറ്റിനു 371 റണ്‍സും സ്‌കോര്‍ ചെയ്തു. ഇന്ത്യന്‍ ടെസ്റ്റ് ഓപ്പര്‍ യശസ്വി ജയ്‌സ്വാളും സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരുമെല്ലാം ഈ ടീമിന്റെ ഭാഗമാണ്. പക്ഷെ രണ്ടു പേരും ഫ്‌ളോപ്പായി. വെറും നാലു റണ്‍സാണ് ജയ്‌സ്വാളിനു നേടാനായത്.
വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു തിരിച്ചുവരവ് സ്വപ്‌നം കാണുന്ന ശ്രേയസിനും അവസരം മുതലാക്കാനായില്ല. അഞ്ചാമനായി കളിച്ച അദ്ദേഹം 25 റണ്‍സെടുത്ത് പുറത്തായി.
സമീപകാലത്തു ഐപിഎല്ലിലുള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ ശ്രേയസിനായിരുന്നു. ദുലീപ് ട്രോഫിയിലും വലിയ ഇന്നിങ്‌സുകളും അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു. പക്ഷെ ആദ്യ ഇന്നിങ്‌സില്‍ ശ്രേയസ് നിരാശപ്പെടുത്തിയിരിക്കുകയാണ്.
അതേസമയം, വെസ്റ്റ് സോണിനെ ഈ മല്‍സരത്തില്‍ ശക്തമായ നിലയിലെത്തിച്ചത് റുതുരാജ് ഗെയ്ക്വാദിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ്. നാലാംനമ്പറില്‍ ഇറങ്ങിയ അദ്ദേഹം 184 റണ്‍സുമായി ടീമിന്റെ അമരക്കാരനായി മാറി. 67 റണ്‍സോടെ ക്രീസിലുള്ള തനുഷ് കോട്ടിയാനാണ് ടീമിന്റെ മറ്റൊരു പ്രധാനപ്പെട്ട സ്‌കോറര്‍.

സഞ്ജുവിനു പുതിയ വില്ലന്‍
ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുകയെന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ സ്വപ്‌നങ്ങള്‍ക്കു ലവില്ലനായി പുതിയൊരാള്‍ കൂടി വന്നിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററായ എന്‍ ജഗദീശനാണ് ഈ താരം. ഇന്ത്യ അവസാനമായി കളിച്ച ഇംഗ്ലണ്ടുമായുളള ടെസ്റ്റ് പരമ്പരയിലെ അവസാന മല്‍സരത്തില്‍ അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നിരുന്നു. പരിക്കേറ്റു പിന്‍മാറിയ റിഷഭ് പന്തിന്റെ പകരക്കാരനായിട്ടായിരുന്നു ഇത്.
ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ സീസണില്‍ നടത്തിയ മികച്ച പ്രകടനമാണ് ജഗദീശനു തുണയായത്. ഇഷാന്‍ കിഷന്റെ പരിക്കും അദ്ദേഹത്തിനു നേട്ടമായി. ഇപ്പോഴിതാ ദുലീപ് ട്രോഫിയിലെ ആദ്യ സെമിയില്‍ നോര്‍ത്ത് സോണിനെതിരേ സൗത്ത് സോണിനായി തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് ജഗദീശന്‍. മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ നയിക്കുന്ന ടീമിനായി ഓപ്പണിങിലാണ് അദ്ദേഹം കളിച്ചത്.
ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ 154 റണ്‍സോടെ ജഗദീശന്‍ ക്രീസിലുണ്ട്. 278 ബോളുകള്‍ നേരിട്ട അദ്ദേഹം 13 ഫോറുകളും രണ്ടു സിക്‌സറും നേടി. ഈ പ്രകടനം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വീണ്ടും തന്റെ സ്ഥാനത്തിനു വേണ്ടി ജഗദീശന്‍ അവകാശവാദമുന്നയിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ ഈ പ്രകടനം സഞ്ജുവിനും വലിയ തിരിച്ചടിയാണ്. കാരണം ടെസ്റ്റ് ടീമിലെ വിക്കറ്റ് കീപ്പിങ് റോളിലേക്കു റിഷഭ് പന്തും ധ്രുവ് ജുറേലുമാണ് ഒന്നും രണ്ടും സ്ഥാനക്കാര്‍. മൂന്നാമനായെങ്കിലും പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ സഞ്ജു നില്‍ക്കവെയാണ് ജഗദീശന്റെ അപ്രതീക്ഷിത എന്‍ട്രി. ഇനി റിഷഭ്, ജുറേല്‍ ഇവരിലൊരാള്‍ക്കു പരിക്കേറ്റാലും മുന്‍തൂക്കം ലഭിച്ചേക്കുക അദ്ദേഹത്തിനായിരിക്കും.