മുംബൈ: ദുലീപ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന്റെ നിര്‍ദേശ പ്രകാരം ഒട്ടുമിക്ക പ്രമുഖ താരങ്ങളും വരാനിരിക്കുന്ന ദുലീപ് ട്രോഫിയില്‍ കളിക്കുന്നുണ്ട്. അടുത്ത ബംഗ്ലാദേശ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുക ദുലീപ് ട്രോഫിയിലെ പ്രകടനം വിലയിരുത്തിയാവുമെന്നാണ് റിപ്പോര്‍ട്ട്. വിരാട് കോലിക്കും രോഹിത് ശര്‍മക്കും ജസ്പ്രീത് ബുംറക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.
മറ്റ് പ്രമുഖ യുവതാരങ്ങളെല്ലാം ടീമിലുണ്ട്. എന്നാല്‍ പ്രതിഭാശാലികളായ ചില യുവതാരങ്ങളും തിരിച്ചുവരവ് ആഗ്രഹിക്കുന്ന ചില സീനിയര്‍ താരങ്ങളും തഴയപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ തഴയപ്പെട്ടവരെ പരിഗണിച്ചുള്ള ദുലീപ് ട്രോഫിയിലെ ബെസ്റ്റ് 11 പരിശോധിക്കാം. ഓപ്പണര്‍മാരായി അഭിഷേക് ശര്‍മയും പ്രദോഷ് രഞ്ചന്‍ പോളുമാണ്. അഭിഷേക് ശര്‍മ ഇതിനോടകം ടി20യില്‍ മികച്ച റെക്കോഡ് സൃഷ്ടിച്ച താരമാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ അഭിഷേക് തകര്‍പ്പന്‍ പ്രകടനമാണ് അവസാന സീസണില്‍ നടത്തിയത്.
സിംബാബ്‌വെ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം കുറിച്ച അഭിഷേക് രണ്ടാം ടി20യില്‍ത്തന്നെ സെഞ്ച്വറി പ്രകടനം നടത്തുകയും ചെയ്തു. എന്നാല്‍ ദുലീപ് ട്രോഫിയില്‍ തഴയപ്പെട്ടു. പ്രദോഷ് രഞ്ജന്‍ പോള്‍ തമിഴ്‌നാടിനായി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന താരമാണ്. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരക്കാണ് അവസരം. ഇന്ത്യയുടെ മൂന്നാം നമ്പറിലെ വിശ്വസ്തനായിരുന്നു പുജാര. എന്നാല്‍ ഇപ്പോള്‍ ദേശീയ ടീമിന് പുറത്താണ്.
തിരിച്ചുവരവ് ആഗ്രഹിക്കുന്ന പുജാര ദുലീപ് ട്രോഫിയില്‍ ഇടം അര്‍ഹിച്ചിരുന്നു. തിരിച്ചുവരവ് അര്‍ഹിക്കുന്ന താരമാണ് പുജാര. എന്നാല്‍ ഇത്തരമൊരു അവസരം കൊടുക്കാന്‍ ബിസിസി ഐ തയ്യാറായില്ല. ഹനുമ വിഹാരിയാണ് മറ്റൊരാള്‍. ഇന്ത്യക്കായി വിദേശ പര്യടനങ്ങളിലെല്ലാം തിളങ്ങിയ താരമാണ് വിഹാരി. പന്തുകൊണ്ടും തിളങ്ങാന്‍ ശേഷിയുള്ള താരമാണ് വിഹാരി. ഇന്ത്യന്‍ ടീമില്‍ നിന്ന് അപ്രതീക്ഷിതമായി തഴയപ്പെട്ട താരമാണ് വിഹാരി.

ഇനിയൊരു തിരിച്ചുവരവ് അവസരം വിഹാരിക്ക് ലഭിച്ചേക്കില്ല. സഞ്ജു സാംസണാണ് നായകന്‍. മികച്ച റെക്കോഡുള്ള താരമാണ് സഞ്ജു സാംസണ്‍. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സര ടി20 പരമ്പരയില്‍ ഡെക്കായ സഞ്ജുവിനെ ഇപ്പോള്‍ പൂര്‍ണ്ണമായും തഴഞ്ഞിരിക്കുകയാണ്. ഇനിയൊരു തിരിച്ചുവരവ് അവസരം ലഭിക്കാത്ത തരത്തില്‍ ദുലീപ് ട്രോഫിയില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയിരിക്കുകയാണെന്ന് പറയാം. എന്തായാലും സഞ്ജു ടീമില്‍ ഇടം അര്‍ഹിച്ചിരുന്നു.
റിങ്കു സിങ്ങാണ് മറ്റൊരാള്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനും ഫിനിഷറുമായ റിങ്കു സിങ്ങിനെ ദുലീപ് ട്രോഫിയില്‍ നിന്ന് തഴഞ്ഞത് അത്ഭുതപ്പെടുത്തുന്ന തീരുമാനമാണ്. ഇന്ത്യ വലിയ പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന താരമാണ് റിങ്കുവെങ്കിലും സമീപകാലത്തായി തഴയപ്പെടുകയായിരുന്നു. ഇതിന്റെ ഭാക്കിയായാണ് ഇപ്പോള്‍ ദുലീപ് ട്രോഫിയില്‍ നിന്നും ഒതുക്കപ്പെട്ടതെന്ന് പറയാം. ജയന്ത് യാദവാണ് തഴയപ്പെട്ട മറ്റൊരാള്‍. സ്പിന്‍ ഓള്‍റൗണ്ടറായ ജയന്ത് യാദവ് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ്.
ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് ജയന്ത് യാദവെന്ന് പറയാം. ഇന്ത്യക്കായി നേരത്തെ കളിക്കുകയും ടെസ്റ്റില്‍ സെഞ്ച്വറി നേടുകയും ചെയ്യാന്‍ താരത്തിനായെങ്കിലും വേണ്ടത്ര പിന്തുണ അദ്ദേഹത്തിന് ലഭിച്ചില്ല. കുമാര്‍ കാര്‍ത്തികേയയാണ് മറ്റൊരു താരം. സ്പിന്നറായ താരവും അവസരം അര്‍ഹിക്കുന്നവരിലൊരാളാണ്. പേസ് നിരയില്‍ ഉമേഷ് യാദവും ഇഷാന്ത് ശര്‍മയും അവസരം അര്‍ഹിക്കുന്നു.
ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്താന്‍ ഇപ്പോഴും കഴിവുള്ള താരങ്ങളാണ് ഇരുവരും. ഐപിഎല്ലില്‍ കളിക്കുന്ന ഇരുവര്‍ക്കും ദുലീപ് ട്രോഫിയിലും അവസരം കൊടുക്കാമായിരുന്നു. നവദീപ് സൈനിയാണ് 11ാമന്‍. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താന്‍ കെല്‍പ്പുള്ള താരമാണ് നവദീപ്. എന്നാല്‍ പേസറേയും ദുലീപ് ട്രോഫിയില്‍ നിന്ന് തഴഞ്ഞു.