Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Duleep Trophy: തുടക്കം ഗംഭീരം, പക്ഷെ നിരാശപ്പെടുത്തി സഞ്ജു! ഇന്ത്യന്‍ ടീമിലെത്താന്‍ ഇത് പോരാ

ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ടീമിനൊപ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച് സഞ്ജു സാംസണ്‍. ആദ്യ ഇന്നിങ്‌സില്‍ ആറ് പന്ത് നേരിട്ട് അഞ്ച് റണ്‍സുമായി പുറത്തായ സഞ്ജു രണ്ടാം ഇന്നിങ്‌സില്‍ 45 പന്ത് നേരിട്ട് 40 റണ്‍സാണ് നേടിയത്. മൂന്ന് വീതം സിക്‌സും ഫോറും പറത്തിയ സഞ്ജു വലിയ സ്‌കോര്‍ നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അര്‍ധ സെഞ്ച്വറിയിലേക്കെത്തും മുമ്പ് താരം പുറത്തായി. സ്പിന്നര്‍മാര്‍ക്കെതിരേ ആത്മവിശ്വാസത്തോടെ കളിക്കുന്ന സഞ്ജുവിനെയാണ് കണ്ടത്.

സഞ്ജു ക്രീസിലെത്തിയപ്പോള്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ഫീല്‍ഡര്‍മാരെ അടുത്ത് വിന്യസിച്ച് എ ടീം നായകന്‍ മായങ്ക് അഗര്‍വാള്‍ തന്ത്രം പയറ്റി. എന്നാല്‍ ക്രീസില്‍ നിന്ന് കയറിക്കളിച്ച് ബൗണ്ടറി പറത്തിയാണ് സഞ്ജു ഇതിന് മറുപടി നല്‍കിയത്. സ്പിന്നര്‍മാര്‍ക്കെതിരേ തന്റെ ആധിപത്യം തെളിയിക്കുന്ന തരത്തില്‍ ബാറ്റു വീശാന്‍ സഞ്ജുവിനായി. എന്നാല്‍ ലഭിച്ച മികച്ച തുടക്കത്തെ മുതലാക്കാന്‍ സഞ്ജുവിന് സാധിച്ചില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

ഇന്ത്യന്‍ ടീമിലെത്താന്‍ വലിയ സ്‌കോര്‍ വേണം

സഞ്ജുവിന്റെ നിലവിലെ പ്രകടനം ആരാധകരെ തൃപ്തിപ്പെടുത്തുന്നതാണ്. സഞ്ജുവിന്റെ സ്്‌റ്റൈലിഷ് സിക്‌സുകള്‍ കാണാന്‍ സാധിച്ചു. കട്ട് ഷോട്ടുകള്‍ ഉള്‍പ്പെടെ ബൗളര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം നേടുന്ന ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിനായി. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ സഞ്ജുവിന് നിലവിലെ പ്രകടനം മതിയാവില്ല. ഇഷാന്‍ കിഷന്‍ ബുച്ചി ബാവു ടൂര്‍ണമെന്റിലും ദുലീപ് ട്രോഫിയിലും സെഞ്ച്വറി പ്രകടനം നടത്തി.

അതുകൊണ്ടുതന്നെ മടങ്ങിവരവ് നടത്താന്‍ സഞ്ജുവിന് ഇരട്ട സെഞ്ച്വറി പ്രകടനമെങ്കിലും പുറത്തെടുക്കണമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ലഭിച്ച മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാന്‍ സഞ്ജുവിന് സാധിക്കാതെ പോയി. 488 എന്ന വലിയ വിജയലക്ഷ്യം ഇന്ത്യ എ ടീം മുന്നോട്ടുവെച്ചിരുന്നു. അതുകൊണ്ടുതന്നെ കടന്നാക്രമിച്ച് കളിക്കാനാണ് സഞ്ജു ശ്രമിച്ചത്. എന്നാല്‍ വലിയൊരു ഇംപാക്ട് സൃഷ്ടിക്കുന്ന പ്രകടനമായി ഇത് മാറിയില്ലെന്ന് പറയാം.

sanju samson

സഞ്ജുവിന് മടങ്ങിവരവ് പ്രയാസം

ഇന്ത്യന്‍ ടീമിലേക്ക് സഞ്ജു സാംസണിന് മടങ്ങിയെത്തുക പ്രയാസമാണെന്ന് പറയാം. റിഷഭ് പന്ത് ഒന്നാം നമ്പര്‍ കീപ്പറാവുമ്പോള്‍ രണ്ടാമനാവാന്‍ ഇഷാന്‍ കിഷന്‍ തയ്യാറായിക്കഴിഞ്ഞു. ഇഷാന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ബാറ്റിങ്ങില്‍ മിന്നിക്കുന്ന ഇഷാന്‍ വിക്കറ്റ് കീപ്പറെന്ന നിലയിലും തിളങ്ങുന്നു. അതുകൊണ്ടുതന്നെ രണ്ടാം കീപ്പറായി ഇടം കൈയന്‍ താരം ഇഷാന്‍ കിഷനെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. ബംഗ്ലാദേശ് ടി20 പരമ്പരയില്‍ ഇന്ത്യ സഞ്ജു സാംസണെ പരിഗണിക്കില്ലെന്നുറപ്പാണ്.

സഞ്ജു വിക്കറ്റിന് പിന്നിലും ഗംഭീര പ്രകടനമല്ല കാഴ്ചവെച്ചത്. സ്റ്റംപിങ് അവസരമടക്കം സഞ്ജു പാഴാക്കിയിരുന്നു. അധികം ഡൈവ് ചെയ്യാനൊന്നും സഞ്ജു തയ്യാറായില്ല. നിലവിലെ സഞ്ജുവിന്റെ പ്രകടനം ശരാശരി മാത്രമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിലേക്ക് പെട്ടെന്ന് മടങ്ങിയെത്തുകയെന്നത് സഞ്ജുവിനെ സംബന്ധിച്ച് ദുഷ്‌കരമാണെന്ന് തന്നെ പറയാം.

ശ്രേയസിനും വലിയ സ്‌കോര്‍ നേടാനായില്ല

ശ്രേയസ് അയ്യര്‍ക്കും വലിയ സ്‌കോറിലേക്ക് ഉയരാന്‍ സാധിച്ചില്ല. 55 പന്തില്‍ എട്ട് ഫോറുള്‍പ്പെടെ 41 റണ്‍സാണ് ശ്രേയസ് നേടിയത്. നായകനെന്ന നിലയില്‍ വലിയ പ്രകടനത്തോടെ മാച്ച് വിന്നറാവാന്‍ ശ്രേയസിന് സാധിക്കാതെ പോയി. ആദ്യ ഇന്നിങ്‌സില്‍ ശോഭിച്ച ദേവ്ദത്ത് പടിക്കല്‍ രണ്ടാം ഇന്നിങ്‌സില്‍ നിരാശപ്പെടുത്തി. ഒരു റണ്‍സെടുത്താണ് താരം മടങ്ങിയത്. ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യ ഡി ടീം രണ്ടാം മത്സരത്തിലും തോല്‍വിയിലേക്ക് നീങ്ങുകയാണ്.

ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പ് ദുലീപ് ട്രോഫിയിലെ പ്രകടനത്തെ വിലയിരുത്തിയാവുമെന്ന് സെലക്ടര്‍മാരും പരിശീലകരും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സഞ്ജു സാംസണ് വലിയ പ്രതീക്ഷ വേണ്ടെന്ന് തന്നെ പറയാം.

Story first published: Sunday, September 15, 2024, 13:57 [IST]
Other articles published on Sep 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+