Duleep Trophy: ആദ്യം തഴഞ്ഞു, ഇപ്പോള്‍ കിടിലന്‍ സെഞ്ച്വറി; പക വീട്ടി സഞ്ജു! ആരാധകര്‍ ഹാപ്പി
ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിക്കായി തകര്‍പ്പന്‍ സെഞ്ച്വറി നേടി സഞ്ജു സാംസണ്‍. ആദ്യ ദിനം 89 റണ്‍സുമായി അവസാനിപ്പിച്ച സഞ്ജു രണ്ടാം ദിനം സെഞ്ച്വറിയോടെ കൈയടി നേടുകയായിരുന്നു. 95 പന്തില്‍ 11 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജു സെഞ്ച്വറി നേടിയത്. 106.31 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ കിടിലന്‍ പ്രകടനം. ടെസ്റ്റിലും തന്റെ പ്രഹര ശേഷിയെ ഉയര്‍ത്തിപ്പിടിച്ചുള്ള സെഞ്ച്വറിയാണ് സഞ്ജു നേടിയെടുത്തത്. സമീപകാലത്തെ സഞ്ജുവിന്റെ മോശം പ്രകടനങ്ങള്‍ക്കെതിരേ വിമര്‍ശനം ശക്തമായിരുന്നു.
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് സെലക്ടര്‍മാരെ തന്റെ പേര് ഓര്‍മ്മിപ്പിച്ച് സഞ്ജു സെഞ്ച്വറി നേടിയതെന്ന് പറയാം. മോശം പന്തുകളെ തിരഞ്ഞാക്രമിച്ച് പക്വതയോടെ ടീം സ്‌കോറിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സഞ്ജുവിനായി. ഏറ്റവും അനിവാര്യമായ സമയത്താണ് സഞ്ജുവിന്റെ ഈ നിര്‍ണ്ണായക പ്രകടനം. വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച് ഡി ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ സഞ്ജുവിന് സാധിച്ചു. 101 പന്ത് നേരിട്ട് 106 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. നവദീപ് സൈനിയാണ് സഞ്ജുവിന് മടക്ക ടിക്കറ്റ് നല്‍കിയത്.
ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് ഉറപ്പ്
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ സഞ്ജുവിന് രണ്ടാം ടെസ്റ്റിലേക്ക് വിളി ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇതുവരെ ടെസ്റ്റിലേക്ക് വിളിയെത്താത്ത താരമാണ് സഞ്ജു. ശ്രേയസ് അയ്യരടക്കം ഡെക്കായ പിച്ചില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ സഞ്ജു കസറിയത് സെലക്ടര്‍മാര്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. സഞ്ജുവിന് ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.
എന്നാല്‍ പിന്നാലെ നടക്കുന്ന ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് സീറ്റുറപ്പാണെന്ന് പറയാം. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സര ടി20 പരമ്പരയില്‍ സഞ്ജു ഡെക്കിന് പുറത്തായതിനാല്‍ ഇനി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുക പ്രയാസമായിരിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ദുലീപ് ട്രോഫിയില്‍ കിടിലന്‍ സെഞ്ച്വറി നേടിയതോടെ സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്ന കാര്യം നിസംശയം പറയാം.
പക്വതയോടെ കളിച്ച് സഞ്ജു
ദുലീപ് ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ കസറാന്‍ സഞ്ജു സാംസണിന് സാധിച്ചിരുന്നു. എന്നാല്‍ അര്‍ധ സെഞ്ച്വറിയിലേക്കെത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ടീമിനെ മുന്നോട്ട് ഉയര്‍ത്താന്‍ സഞ്ജുവിന് സാധിച്ചു. മികച്ച തുടക്കത്തിന് ശേഷം ഇന്ത്യ ഡി ടീം അല്‍പ്പം പതറി. ഈ അവസരത്തിലാണ് ആറാമനായി ഇറങ്ങിയ സഞ്ജു മുന്നില്‍ നിന്ന് ടീമിനെ നയിച്ചത്.
സ്പിന്നര്‍മാര്‍ക്കെതിരേ സഞ്ജു കൂടുതല്‍ മികവ് കാട്ടി. ടെസ്റ്റിലെ പതിവ് ക്ലാസിക് ശൈലിയില്‍ ഊന്നാതെ ആക്രമിച്ച് തന്നെയാണ് കളിച്ചത്. സഞ്ജുവിന്റെ ടെസ്റ്റിലെ മികവില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നെങ്കിലും ഇതെല്ലാം തീര്‍ക്കുന്ന തരത്തിലുള്ള ഗംഭീര ബാറ്റിങ് വിരുന്നാണ് സഞ്ജു നേടിയെടുത്തത്. സഞ്ജുവിന് ടെസ്റ്റിലേക്ക് ഒരു അവസരം നല്‍കാമെന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചിരിക്കുന്നതെന്ന് പറയാം.

സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കും?
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണെ വൈസ് ക്യാപ്റ്റനാക്കിയേക്കുമെന്നാണ് വിവരം. ശുബ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരൊന്നും ടി20 പരമ്പരക്ക് ഉണ്ടാകില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ സഞ്ജു സാംസണെ വൈസ് ക്യാപ്റ്റനാക്കിയേക്കുമെന്നും വിവരമുണ്ട്. മൂന്ന് ഫോര്‍മാറ്റിലും തനിക്ക് തിളങ്ങാനാവുമെന്നാണ് സഞ്ജു പ്രകടനംകൊണ്ട് തെളിയിക്കുന്നത്.
സഞ്ജുവിന്റെ സ്ഥിരതയും പക്വതയില്ലായ്മയും ഉത്തരവാദിത്തക്കുറവുമെല്ലാം വലിയ ചോദ്യം ഉയര്‍ത്തവെ ഇതിനെല്ലാം സെഞ്ച്വറിയോടെ മറുപടി നല്‍കാന്‍ അദ്ദേഹത്തിനായിരിക്കുകയാണ്. മലയാളി താരത്തെ ആദ്യം ദുലീപ് ട്രോഫിക്ക് പരിഗണിച്ചില്ലെങ്കിലും ഇഷാന്‍ കിഷന് പരിക്കേറ്റപ്പോള്‍ പകരക്കാരന്റെ റോളില്‍ വിളിയെത്തുകയായിരുന്നു.
ആരാധകര്‍ ഹാപ്പി
സഞ്ജുവിന്റെ 11ാം ഫസ്റ്റ്ക്ലാസ് സെഞ്ച്വറിയാണിത്. ആദ്യം ദുലീപ് ട്രോഫിക്ക് പരിഗണിക്കാതെ തഴഞ്ഞവര്‍ക്ക് സഞ്ജു നല്‍കിയ മറുപടിയാണിതെന്നാണ് ആരാധകര്‍ പറയുന്നത്. ഒതുക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ശക്തമായ തിരിച്ചുവരവ് നടത്താന്‍ സഞ്ജുവിന് സാധിക്കുന്നു. സഞ്ജു പ്രകടനം കൊണ്ട് വിരോധികള്‍ക്ക് മറുപടി നല്‍കുന്നവനാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യന്‍ ടീമിലും തുടര്‍ച്ചയായി അവസരം നല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications