രാജ്യത്തെ പ്രധാനപ്പെട്ട ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലൊന്നായ ദുലീപ് ട്രോഫിയുടെ പുതിയ സീസണിനു അടുത്ത മാസം തുടക്കമാവുകയാണ്. സീനിയര്‍ ടീമിലെ ഭുരിഭാഗം താരങ്ങളും ഇത്തവണ ടൂര്‍ണമെന്റില്‍ കളിക്കാനൊരുങ്ങുകയാണ്. സെലക്ടര്‍മാരുടെയും പുതിയ കോച്ച് ഗൗതം ഗംഭീറിന്റെയും ആവശ്യ പ്രകാരമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ളര്‍ ദുലീപ് ട്രോഫിയില്‍ കളിക്കാന്‍ തയ്യാറായിരിക്കുന്നത്. അടുത്ത മാസം ബംഗ്ലാദേശുമായി നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്കു ലഭിക്കുന്ന മികച്ച തയ്യാറെടുപ്പ് കൂടിയായിരിക്കും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നടക്കാനിരിക്കുന്ന ദുലീപ് ട്രോഫി.
ശ്രീലങ്കന്‍ പര്യടനത്തിലാണ് ഇന്ത്യന്‍ ടീം അവസാനമായി കളിച്ചത്. 43 ദിവസങ്ങള്‍ ഇനി ടീമിനു മല്‍സരങ്ങളൊന്നുമില്ല. സപ്തംബര്‍ 19നാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുക. ഈ സാഹചര്യത്തിലാണ് താരങ്ങള്‍ കൂട്ടത്തോടെ അടുത്ത മാസം അഞ്ചിനു തുടങ്ങുന്ന ദുലീപ് ട്രോഫിയിലേക്കു തിരിയുന്നത്. ഇന്ത്യ എ, ബി, സി, ഡി എന്നിങ്ങന നാലു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ഈ ടീമുകളെ തിരഞ്ഞെടുക്കുന്നത്.

നേരത്തേ മേഖല തിരിച്ച് നോര്‍ത്ത് സോണ്‍, ഈസ്റ്റ് സോണ്‍, വെസ്റ്റ് സോണ്‍, സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് ഈസ്റ്റ് സോണ്‍ എന്നിങ്ങനെ ആറു ടീമുകളായിരുന്നു ദുലീപ് ട്രോഫിക്കുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ ഫോര്‍മാറ്റില്‍ മാറ്റം വരുത്തുകയും എ, ബി, സി, ഡി എന്നിങ്ങനെ നാലു ടീമുകളാക്കി ചുരുക്കുകയുമായിരുന്നു. 44 കളിക്കാരെയാണ് നാലു ടീമുകളിലേക്കായി സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുക. എങ്ങനെയായിരിക്കും ഓരോ ടീമുകളെന്നും നമുക്കു പരിശോധിക്കാം.
ഇന്ത്യന്‍ നായകന്‍ രോഹിത്തായിരിക്കും ഒരു ടീമിനെ നയിക്കുകയെന്നുറപ്പായിരിക്കുകയാണ്. നിലവില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ സജീവമല്ലെങ്കിലും ടി20 സ്‌പെഷ്യലിസ്റ്റും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവായിരിക്കും മറ്റൊരു ക്യാപ്റ്റന്‍. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരിക്കും മൂന്നാമത്തെ നായകനായേക്കുക. അടുത്തിടെ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പ്രൊമോഷന്‍ ലഭിച്ച യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലായിരിക്കും നാലാമത്തെ ക്യാപ്റ്റനായേക്കുകയെന്നും സൂചനയുണ്ട്.

സാധ്യതാ ടീമുകള്‍
ഇന്ത്യ എ - രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിധാര്‍, തിലക് വര്‍മ, സര്‍ഫറാസ് ഖാന്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷംസ് മ്യുലാനി, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ.
ഇന്ത്യ ബി- സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), സായ് കിഷോര്‍, കുല്‍ദീപ് യാദവ്, ആകാശ്ദീപ്, മാലിക്ക്, ടി നടരാജന്‍.
ഇന്ത്യ സി- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, അഭിമന്യു ഈശ്വരന്‍, വിരാട് കോലി, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്.
ഇന്ത്യ ഡി- റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ഹനുമാ വിഹാരി, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, സൗരഭ് കുമാര്‍, മുഹമ്മദ് ഷമി, ആവേശ് ഖാന്‍, യഷ് ദയാല്‍.