Duleep Trophy: മിന്നിച്ച് മുഷീര്‍, സച്ചിന്റെ വമ്പന്‍ റെക്കോഡ് തകര്‍ത്തു; ഇന്ത്യന്‍ ടീമിലെത്തുമോ?
മുംബൈ: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യ എയും ഇന്ത്യ ബി ടീമും തമ്മിലുള്ള മത്സരത്തില്‍ പോരാട്ടം കടുക്കുകയാണ്. അഭിമന്യു ഈശ്വരന്‍ നയിക്കുന്ന ഇന്ത്യ ബി ടീമാണ് ആദ്യം ബാറ്റ് ചെയ്തത്. 321 റണ്‍സിനാണ് ബി ടീം ഓള്‍ഔട്ടായത്. വലിയ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ബി ടീമിന് കരുത്തായത് മൂന്നാം നമ്പറിലിറങ്ങിയ മുഷീര്‍ ഖാനാണ്. 373 പന്ത് നേരിട്ട് 16 ഫോറും 5 സിക്‌സുമടക്കം 181 റണ്‍സാണ് മുഷീര്‍ ഖാന്‍ നേടിയത്.
16 ഫോറും 5 സിക്‌സും പറത്തിയ താരം ഇരട്ട സെഞ്ച്വറിയിലേക്കെത്തുമെന്ന് കരുതിയെങ്കിലും കുല്‍ദീപ് യാദവിന് മുന്നില്‍ വീണാണ് പുറത്തായത്. എന്നാല്‍ മടങ്ങുന്നതിന് മുമ്പ് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരിലുണ്ടായിരുന്ന 33 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ക്കാന്‍ മുഷീര്‍ ഖാന് സാധിച്ചു. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന് ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കായി മിന്നിക്കുന്ന മുഷീര്‍ ഇന്ത്യന്‍ ടീമിലേക്ക് സീറ്റ് നേടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അരങ്ങേറ്റത്തില്‍ സച്ചിനെ പിന്നിലാക്കി
മുഷീര്‍ ഖാന്റെ അരങ്ങേറ്റ ദുലീപ് ട്രോഫി മത്സരമായിരുന്നു ഇത്. 181 റണ്‍സാണ് അരങ്ങേറ്റ ഇന്നിങ്‌സില്‍ മുഷീര്‍ നേടിയത്. ദുലീപ് ട്രോഫിയില്‍ അരങ്ങേറ്റ ഇന്നിങ്‌സിലെ ഉയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ സച്ചിന്റെ പേരിലുണ്ട്.
1991ല്‍ വെസ്റ്റ് സോണിനായി ഈസ്റ്റ് സോണിനെതിരേ 159 റണ്‍സടിച്ചാണ് സച്ചിന്‍ ഈ റെക്കോഡ് നേടിയത്. എന്നാല്‍ ഈ റെക്കോഡാണ് 33 വര്‍ഷത്തിന് ശേഷം മുഷീര്‍ ഖാന്‍ തകര്‍ത്തത്. എന്തായാലും അരങ്ങറ്റ മത്സരം അവിസ്മരണീയമാക്കാന്‍ മുഷീറിന് സാധിച്ചു.
ബാബ അപരാജിത് തലപ്പത്ത്
ദുലീപ് ട്രോഫി അരങ്ങേറ്റ മത്സരത്തില്‍ കൂടുതല്‍ റണ്‍സടിക്കുന്ന താരമെന്ന റെക്കോഡ് ബാബ അപരാജിതിന്റെ പേരിലാണ്. 212 റണ്‍സടിച്ചാണ് താരം ഈ റെക്കോഡ് നേടിയത്. യഷ് ദുല്ലാണ് രണ്ടാം സ്ഥാനത്തുള്ളത്. 193 റണ്‍സാണ് അദ്ദേഹം നേടിയത്. 181 റണ്‍സ് നേടി മുഷീര്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുഷീര്‍ ഖാന്‍ വലിയ തകര്‍ച്ചയില്‍ നിന്നാണ് ടീമിനെ കരകയറ്റിയത്.
എട്ടാം വിക്കറ്റില്‍ നവദീപ് സൈനിയുമായി 205 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ട് സൃഷ്ടിക്കാനും മുഷീര്‍ ഖാനായി. ദുലീപ് ട്രോഫിയിലെ എട്ടാം വിക്കറ്റിലെ ഉയര്‍ന്ന കൂട്ടുകെട്ടാണിത്. 94 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് ബി ടീം 321 റണ്‍സ് നേടിയത്.

മുഷീറിനെ ഇന്ത്യ ടീമിലെടുക്കുമോ?
ബംഗ്ലാദേശ് പരമ്പര വരാനിരിക്കെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലും അഴിച്ചുപണികള്‍ ഉറപ്പാണ്. ഇന്ത്യ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടാന്‍ ശേഷിയുള്ള യുവതാരങ്ങളെ പരിഗണിക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ മുഷീറിന് അവസരം ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കൊപ്പം മുഷീര്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. ആക്രമിച്ച് കളിക്കാനുള്ള കഴിവിനോടൊപ്പം പിടിച്ചുനിന്ന് റണ്‍സുയര്‍ത്താനും മുഷീറിന് സാധിക്കും.
സമ്മര്‍ദ്ദ സാഹചര്യത്തില്‍ മികവ് കാട്ടാനും മുഷീറിന് കഴിവുണ്ട്. കൂടാതെ സ്പിന്നറെന്ന നിലയിലും മുഷീര്‍ ടീമിന് ഉപകാരിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. സര്‍ഫറാസ് ഖാന്റെ അനിയനായ മുഷീര്‍ ഭാവിയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കാന്‍ സാധ്യതയുള്ളവരിലൊരാളാണ്.
വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാനും മുഷീറിന് കഴിവുണ്ട്. എന്തായാലും മുഷീറിന് സെലക്ടര്‍മാര്‍ പരിഗണിക്കാന്‍ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം. ബംഗ്ലാദേശ് പരമ്പരയിലൂടെത്തന്നെ ഈ വിളിയെത്തുമോയെന്നതാണ് കണ്ടറിയേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications