മുംബൈ: ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായതിന് പിന്നാലെ പല കടുത്ത തീരുമാനങ്ങളും അദ്ദേഹം എടുത്തിട്ടുണ്ട്. ടി20 നായകസ്ഥാനത്തേക്ക് സൂര്യകുമാര്‍ യാദവിനെ എത്തിച്ചത് മുതല്‍ പല നിര്‍ണ്ണായക തീരുമാനങ്ങളും അദ്ദേഹം ഇതിനോടകം എടുത്തിട്ടുണ്ട്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാന പ്രകാരം താരങ്ങളെല്ലാം ആഭ്യന്തര ക്രിക്കറ്റ് കളിക്കണം. നിര്‍ദേശിക്കുന്ന താരങ്ങള്‍ ആഭ്യന്തര ടൂര്‍ണമെന്റ് കളിക്കാത്ത പക്ഷം ദേശീയ ടീമില്‍ സീറ്റുണ്ടാവില്ല.
ഈ തീരുമാനത്തെത്തുടര്‍ന്ന് വരാനിരിക്കുന്ന ദുലീപ് ട്രോഫിയില്‍ കളിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ താരങ്ങള്‍. ചാമ്പ്യന്‍സ് ട്രോഫി, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി തുടങ്ങിയ സുപ്രധാന പരമ്പരകള്‍ വരാനിരിക്കെ ടീം തിരഞ്ഞെടുപ്പ് നടക്കുക ആഭ്യന്തര മത്സരത്തിലെ പ്രകടനംകൂടി വിലയിരുത്തിയാവും. അതുകൊണ്ടുതന്നെ ദുലീപ് ട്രോഫി താരങ്ങള്‍ക്കെല്ലാം വളരെ പ്രധാനപ്പെട്ടതായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ ചില താരങ്ങള്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ട്.
ദുലീപ് ട്രോഫിയില്‍ മിന്നിച്ചാല്‍ ഇവര്‍ക്ക് ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുക പ്രയാസമായിരിക്കില്ല. ഇത്തരത്തില്‍ ദുലീപ് ട്രോഫി നിര്‍ണ്ണായകമായിരിക്കുന്ന താരങ്ങള്‍ ആരൊക്കെയാണ്? പരിശോധിക്കാം. ശ്രേയസ് അയ്യരാണ് ഒരു താരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായ ശ്രേയസിന് ഗംഭീറുമായി അടുത്ത ബന്ധമുണ്ട്. നിലവില്‍ ടെസ്റ്റ് ടീമിന് പുറത്താണ് ശ്രേയസിന്റെ സ്ഥാനം. മധ്യനിരയില്‍ അജിന്‍ക്യ രഹാനെക്ക് പകരക്കാരനായാണ് ശ്രേയസിനെ എല്ലാവരും കാണുന്നത്.
ഇന്ത്യന്‍ പിച്ചുകളില്‍ മികച്ച പ്രകടനം നടത്താന്‍ ശേഷി ശ്രേയസിനുണ്ട്. എന്നാല്‍ വിദേശ പിച്ചുകളിലെ ബൗണ്‍സ് നിറഞ്ഞ സാഹചര്യം ശ്രേയസിന് വെല്ലുവിളിയാണ്. ഷോര്‍ട്ട് ബോളുകള്‍ നേരിടാന്‍ പ്രയാസപ്പെടുന്ന ശ്രേയസിന് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ടീമില്‍ ഇടം നേടാന്‍ ദുലീപ് ട്രോഫിയില്‍ തിളങ്ങണം. സ്ഥിരതയോടെ വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചാല്‍ ശ്രേയസിന് മടങ്ങിവരവ് അസാധ്യമായിരിക്കില്ല.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷനും ദുലീപ് ട്രോഫി നിര്‍ണ്ണായകം. നിലവില്‍ എല്ലാ ഫോര്‍മാറ്റിലും ടീമിന് പുറത്തുള്ള താരമാണ് ഇഷാന്‍ കിഷന്‍. റിഷഭ് പന്തിന്റെ ബാക്കപ്പ് കീപ്പറായി ടെസ്റ്റ് ടീമിലേക്കെത്താന്‍ ഇഷാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഈ നേട്ടത്തിലേക്കെത്താന്‍ ഇഷാന് മുന്നില്‍ വലിയ കടമ്പയാണുള്ളത്. ഇഷാന്‍ ചെയ്യേണ്ടത് ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തുകയെന്നതാണ്. അത് സാധ്യമായാല്‍ ഇഷാന്റെ മടങ്ങിവരവും പ്രയാസമായിരിക്കില്ല.
സൂര്യകുമാര്‍ യാദവാണ് മറ്റൊരു താരം. ഇന്ത്യയുടെ ടി20 നായകനായ സൂര്യകുമാര്‍ ഒരു ടെസ്റ്റിലാണ് ഇന്ത്യക്കായി കളിച്ചത്. പിന്നീട് അവസരങ്ങള്‍ ലഭിച്ചില്ല. എന്നാല്‍ ആക്രമിച്ച് കളിക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍ ടെസ്റ്റ് ടീമിലും വേണമെന്നാണ് ഗംഭീറിന്റെ നിലപാട്. അതുകൊണ്ടാണ് ഗംഭീര്‍ ദുലീപ് ട്രോഫി കളിക്കാന്‍ സൂര്യകുമാറിനോട് നിര്‍ദേശിച്ചത്. തിളങ്ങാനായാല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കെത്താനുള്ള അവസരം സൂര്യകുമാറിനും ലഭിച്ചേക്കും.
ഗംഭീര്‍ വളരെയധികം പിന്തുണക്കുന്ന താരമാണ് സൂര്യകുമാര്‍. അതുകൊണ്ടുതന്നെ ശരാശരി പ്രകടനം നടത്തിയാല്‍ത്തന്നെ സൂര്യകുമാറിന് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് വിളി ലഭിച്ചേക്കും. റുതുരാജ് ഗെയ്ക് വാദാണ് മറ്റൊരു താരം. ക്ലാസിക് താരമായ റുതുരാജ് ഇന്ത്യക്കായി ഇതുവരെ ടെസ്റ്റ് കളിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് മുന്നിലുള്ളത് സുവര്‍ണ്ണാവസരമാണ്. ടോപ് ഓഡറില്‍ തിളങ്ങാന്‍ ശേഷിയുള്ള താരമാണ് റുതുരാജ്.
മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരക്ക് ഇനി അവസരമില്ല. ഈ റോളിലേക്ക് ശുബ്മാന്‍ ഗില്ലിനെക്കാള്‍ അനുയോജ്യന്‍ റുതുരാജാണ്. അജിന്‍ക്യ രഹാനെക്ക് പകരക്കാരനായും റുതുരാജിനെ കളിപ്പിക്കാവുന്നതാണ്. ദുലീപ് ട്രോഫിയില്‍ റുതുരാജിന് തിളങ്ങാനായാല്‍ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയേക്കും. കെ എസ് ഭരത്തും മടങ്ങിവരവ് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റോളില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെയാണ് ഭരത് തഴയപ്പെട്ടത്.
മുന്‍ ഇന്ത്യന്‍ ഓപ്പണറായ മായങ്ക് യാദവും തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ താരത്തിനും ദുലീപ് ട്രോഫി മുതലാക്കേണ്ടതായുണ്ട്. റിഷഭ് പന്തിന് ടെസ്റ്റ് ടീമില്‍ സ്ഥാനമുണ്ടെങ്കിലും ദുലീപ് ട്രോഫിയില്‍ മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്. റിഷഭും ഫോം തെളിയിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഗംഭീറിന്റെ നിലപാട്. എന്തായാലും ഫോം വിലയിരുത്തിയാവും ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പുണ്ടാവുകയെന്ന് പ്രതീക്ഷിക്കാം.