മുംബൈ: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങളെല്ലാം ദുലീപ് ട്രോഫിയില്‍ കളിക്കുന്നുണ്ട്. ബംഗ്ലാദേശ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ താരങ്ങളെല്ലാം ദുലീപ് ട്രോഫി കളിച്ച് ഫോം തെളിയിക്കണമെന്നാണ് ടീം മാനേജ്‌മെന്റ് പറയുന്നത്. ദുലീപ് ട്രോഫിക്കുള്ള ആദ്യ ടീം പ്രഖ്യാപനത്തില്‍ സഞ്ജു സാംസണിന് ടീമില്‍ ഇടമില്ലായിരുന്നു. എന്നാല്‍ ഇഷാന്‍ കിഷന് പരിക്കേറ്റതോടെ ഇന്ത്യ ഡി ടീമിലേക്ക് സഞ്ജുവിനെ ഉള്‍പ്പെടുത്തുകയായിരുന്നു.
ആദ്യ മത്സരത്തില്‍ കളിക്കാനുള്ള അവസരം സഞ്ജുവിന് ലഭിച്ചില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ സഞ്ജു ഡി ടീമിനൊപ്പം ഉണ്ടാകുമെന്നാണ് വിവരം. ആദ്യ മത്സരം പുരോഗമിക്കുന്നതിനിടെ സഞ്ജു സാംസണ്‍ ഡ്രസിങ് റൂമിലിരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതില്‍ സഞ്ജുവിനെ തീര്‍ത്തും നിരാശയാനായാണ് കാണപ്പെടുന്നത്. എന്തുകൊണ്ടാണ് സഞ്ജുവിന് ഇത്ര നിരാശയെന്ന ചോദ്യം ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.
പതിവ് സന്തോഷമില്ല
പൊതുവേ എല്ലാവരോടുമൊപ്പം വളരെ സന്തോഷത്തോടെ ഇരിക്കുന്ന സഞ്ജുവിനെയാണ് കാണാന്‍ സാധിക്കുന്നത്. ടീമിലുണ്ടായിട്ടും ഇന്ത്യന്‍ ടീമിനൊപ്പം കളിക്കാന്‍ അവസരം ലഭിക്കാതിരിക്കുമ്പോഴും ഡ്രസിങ് റൂമില്‍ സഞ്ജു നിരാശയോടെ ഇരിക്കുന്നത് അധികം കാണാനായിട്ടില്ല. എന്നാല്‍ ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ടീമിന്റെ ഡ്രസിങ് റൂമില്‍ സഞ്ജുവിനെ അത്ര സന്തോഷത്തിലല്ല കാണപ്പെടുന്നതെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്.
കെ എസ് ഭരത്തിനോട് സംസാരിച്ചുകൊണ്ടിരിക്കുന്ന സഞ്ജുവിന്റെ ചിത്രങ്ങളാണ് പ്രചരിച്ചത്. ഇതിന് ശേഷം ഒറ്റക്കിരുന്ന് ഏറെ നേരം സഞ്ജു മത്സരം കണ്ടു. ഉന്മേഷത്തോടെയല്ല സഞ്ജുവിനെ കാണപ്പെടുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജുവിന് അവസരം ലഭിക്കാത്തതിന്റെ നിരാശയാണോയെന്നും ആരാധകര്‍ ചോദിക്കുന്നു. ഇതിന്റെ വീഡിയോകള്‍ ആരാധക പേജുകളിലാണ് വൈറലാവുന്നത്.

സഞ്ജു രണ്ടാം മത്സരത്തിലും കളിക്കില്ലേ?
ആദ്യം തഴയപ്പെട്ട സഞ്ജു ഇഷാന്റെ പരിക്കിന്റെ ആനുകൂല്യത്തിലാണ് ടീമിലേക്കെത്തിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ തഴയപ്പെട്ടു. രണ്ടാം മത്സരത്തില്‍ കളിക്കുമെന്നാണ് വിവരമെങ്കിലും അവസരം ലഭിക്കുമോയെന്നത് കണ്ടറിയണം. ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെടുന്ന താരമല്ല സഞ്ജു. എന്നാല്‍ കെ എസ് ഭരത് ഇപ്പോഴും പരിഗണനയിലുണ്ട്. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തിലും ഭരത്തിനെ തന്നെ കളിപ്പിക്കാനാണ് സാധ്യത.
അങ്ങനെ വന്നാല്‍ സഞ്ജുവിന് ബെഞ്ചിലിരിക്കേണ്ടി വരും. ഇത് സഞ്ജുവിനെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണെന്ന് തന്നെ പറയാം. ടീം മാനേജ്‌മെന്റ് ഇക്കാര്യം സഞ്ജുവിനോട് പറഞ്ഞിരുന്നോ അതാണോ സഞ്ജുവിന് ഇത്രയു നിരാശയെന്നാണ് ആരാധകര്‍ സംശയമായി ഉയര്‍ത്തുന്നത്. എന്നാല്‍ സഞ്ജു സാംസണ്‍ നെറ്റ്‌സില്‍ പരിശീലനം നടത്തിയിരുന്നു. പക്ഷെ അധികം സമയം പരിശീലനം നടത്താതെയാണ് സഞ്ജു മടങ്ങിയത്.
സഞ്ജുവിന് ബംഗ്ലാദേശ് പരമ്പരയില്‍ ഇടമില്ല
ഇന്ത്യയുടെ അടുത്ത പരമ്പര ബംഗ്ലാദേശിനെതിരേയാണ്. രണ്ട് മത്സര ടെസ്റ്റ് പരമ്പരയും മൂന്ന് മത്സര ടി20 പരമ്പരയുമാണ് ഇന്ത്യ ബംഗ്ലാദേശിനെതിരേ കളിക്കുന്നത്. സഞ്ജുവിന് ഈ രണ്ട് പരമ്പരയിലും ഇടം ലഭിച്ചേക്കില്ല. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് മത്സരം കളിച്ച സഞ്ജു ഡെക്കിനാണ് പുറത്തായത്. ഒരു റണ്‍സ് പോലും നേടാനാവാത്ത സഞ്ജുവിനെ ഇന്ത്യ ഇനി പരിഗണിച്ചേക്കില്ല. ടെസ്റ്റ് ടീമില്‍ ഇടം നേടുകയെന്നതും സഞ്ജുവിനെ സംബന്ധിച്ച് വെല്ലുവിളിയാണ്.
അതുകൊണ്ടുതന്നെ തിരിച്ചുവരവ് നടത്താന്‍ സഞ്ജുവിന് ദുലീപ് ട്രോഫിയില്‍ അവസരം ലഭിക്കേണ്ടത് അത്യാവശ്യമാണ്. കളിക്കാന്‍ അവസരം ലഭിക്കുകയും വമ്പന്‍ പ്രകടനം നടത്തുകയും ചെയ്താല്‍ സഞ്ജുവിന് സര്‍പ്രൈസ് വിളിയെത്താന്‍ സാധ്യതയുണ്ട്. ദ്രുവ് ജുറേല്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം മോശം ഫോമിലാണുള്ളത്. ഇതിനെ മുതലാക്കി ശ്രദ്ധ നേടുന്ന പ്രകടനം നടത്താനായാല്‍ സഞ്ജുവിന് ബംഗ്ലാദേശ് പരമ്പരയില്‍ ചിലപ്പോള്‍ അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്.