മുംബൈ: ദുലീപ് ട്രോഫി ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം ദുലീപ് ട്രോഫിയില്‍ ശ്രദ്ധേയ പ്രകടനങ്ങളാണ് നടത്തുന്നത്. ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ ദുലീപ് ട്രോഫിയിലെ പ്രകടനം സ്വാധീനിക്കുമെന്നുറപ്പാണ്. ഇന്ത്യന്‍ താരങ്ങളെ ഫോമിലേക്കെത്തിക്കാനാണ് ദുലീപ് ട്രോഫി കളിക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യ എയും ബിയും തമ്മിലുള്ള മത്സരത്തില്‍ റിഷഭ് പന്ത് മികച്ച പ്രകടനം നടത്തി കൈയടി നേടിയിരിക്കുകയാണ്.
വെടിക്കെട്ടുമായി റിഷഭ്
ഇന്ത്യ ബി ടീം താരമായ റിഷഭ് ആദ്യ ഇന്നിങ്‌സില്‍ 7 റണ്‍സെടുത്താണ് പുറത്തായത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ വെടിക്കെട്ട് ഫിഫ്റ്റിയാണ് റിഷഭ് നേടിയെടുത്തത്. 47 പന്തില്‍ 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 61 റണ്‍സാണ് റിഷഭ് നേടിയത്. കുല്‍ദീപ് യാദവിനേയും ആവേശ് ഖാനെയുമെല്ലാം റിഷഭ് തല്ലിപ്പറത്തി. ഇന്ത്യ ബി ടീമിനെ വലിയ സ്‌കോറിലേക്ക് കൊണ്ടുപോകുന്ന പ്രകടനമാണ് റിഷഭ് കാഴ്ചവെച്ചത്. സെഞ്ച്വറിയിലേക്ക് നീങ്ങുമെന്ന് കരുതിയ റിഷഭിനെ പൂട്ടിയത് ശുബ്മാന്‍ ഗില്ലിന്റെ കിടിലന്‍ ക്യാപ്റ്റന്‍സിയാണ്.

ലെഗ് സൈഡില്‍ റിഷഭിനായി കെണി ഒരുക്കിയ ശുബ്മാന്‍ ഗില്ലിന്റെ തന്ത്രം ഫലം കാണുകയായിരുന്നു. തനുഷ് കോട്ടിയാനെതിരേ തുടര്‍ച്ചയായി സ്വീപ് ഷോട്ടുകള്‍ കളിക്കാനാണ് റിഷഭ് ശ്രമിച്ചത്. ഇത് മനസിലാക്കി ലെഗ് സൈഡില്‍ ഷോര്‍ട്ട് തേര്‍ഡ്മാനില്‍ ഗില്‍ ഫീല്‍ഡറെ വിന്യസിച്ചു. കോട്ടിയാനോട് ലെഗ് സൈഡില്‍ പന്തെറിയാനാണ് ഗില്‍ നിര്‍ദേശിച്ചത്. അല്‍പ്പം ബൗണ്‍സോടുകൂടി ലെഗ്‌സൈഡില്‍ കോട്ടിയാന്‍ പന്ത് എറിഞ്ഞപ്പോള്‍ റിഷഭ് സ്വീപ് ഷോട്ടിന് ശ്രമിച്ചു.
ഗില്ലിന്റെ കിടിലന്‍ തന്ത്രം
എഡ്ജില്‍ തട്ടി പന്ത് ഷോര്‍ട്ട് തേര്‍ഡ്മാനില്‍ ക്യാച്ചായി. ഇതോടെ റിഷഭിന് നിരാശയോടെ മടങ്ങേണ്ടി വന്നു. റിഷഭിന്റെ ദൗര്‍ബല്യം മനസിലാക്കി കൃത്യമായി ബൗളര്‍ക്ക് നിര്‍ദേശം നല്‍കുകയും ഫീല്‍ഡ് വിന്യസിക്കുകയും ചെയ്യാന്‍ നായകനെന്ന നിലയില്‍ ഗില്ലിന് സാധിച്ചതാണ് റിഷഭിന്റെ വിക്കറ്റിന് കാരണമായത്. റിഷഭ് വലിയ സ്‌കോറിലേക്കുയരാന്‍ ശ്രമിച്ചതിനെ കൃത്യമായി തടയാന്‍ ഗില്ലിന് സാധിച്ചതാണ് ഇന്ത്യ ബി ടീമിനെ വലിയ ആധിപത്യം നേടിയെടുക്കുന്നതില്‍ നിന്ന് തടുത്തത്.
മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ബി ടീം 6 വിക്കറ്റിന് 150 റണ്‍സെന്ന നിലയിലാണ്. സര്‍ഫറാസ് ഖാനും ബി ടീമിനായി കസറി. 36 പന്തില്‍ 7 ഫോറും 1 സിക്‌സുമടക്കം 46 റണ്‍സാണ് സര്‍ഫറാസ് ഖാന്‍ നേടിയത്. ബംഗ്ലാദേശ് പരമ്പരയില്‍ ഇന്ത്യയുടെ മധ്യനിരയില്‍ സര്‍ഫറാസിനും സ്ഥാനം ലഭിക്കാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ ഇന്ത്യയുടെ മറ്റ് ചില താരങ്ങള്‍ നിരാശപ്പെടുത്തി. ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെ ഓസീസ് പര്യടനത്തില്‍ പരിഗണിക്കണമോയെന്ന ചര്‍ച്ച സജീവമാണ്.
സൂപ്പര്‍ താരങ്ങള്‍ ഫ്‌ളോപ്പ്
എന്നാല്‍ താരത്തിന് പ്രതീക്ഷിച്ച പ്രകടനം നടത്താനാവുന്നില്ല. 9 റണ്‍സാണ് ജയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ നേടിയത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയോടെ ബി ടീമിന്റെ നട്ടെല്ലായ മുഷീര്‍ ഖാന്‍ രണ്ടാം ഇന്നിങ്‌സില്‍ ഡെക്കിനും പുറത്തായി. ഹാര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി ഇന്ത്യ വളര്‍ത്താന്‍ ആഗ്രഹിക്കുന്ന താരമാണ് നിതീഷ് കുമാര്‍. എന്നാല്‍ താരത്തിന് മികച്ച പ്രകടനം നടത്താനാവുന്നില്ല. 19 റണ്‍സാണ് നിതീഷ് കുമാര്‍ നേടിയത്.
ശുബ്മാന്‍ ഗില്ലിന് ആദ്യ ഇന്നിങ്‌സില്‍ 25 റണ്‍സ് മാത്രമാണ് നേടാനായത്. കെ എല്‍ രാഹുലും അവസരത്തിനൊത്ത് ഉയരുന്നില്ല. 37 റണ്‍സാണ് രാഹുലിന് നേടാനായത്. ശിവം ദുബെ, റിയാന്‍ പരാഗ് എന്നിവരെല്ലാം മോശം ഫോമിലാണുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യ ബംഗ്ലാദേശ് പരമ്പരക്ക് ആരെയൊക്കെ പരിഗണിക്കുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.