ഇന്ത്യയുടെ സ്വന്തം 360 ബാറ്ററെന്നു വിശേഷിപ്പിക്കപ്പെടുന്ന സൂര്യകുമാര്‍ യാദവ് ദുലീപ് ട്രോഫിയുടെ ഫൈനലില്‍ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറി. ടി20 ഫോര്‍മാറ്റല്ലാതെ മറ്റൊന്നും തനിക്കു വഴങ്ങില്ലെന്ന് ഒരിക്കല്‍ക്കൂടി ഈ കളിയിലും അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലേക്കു തന്റെ സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിക്കാന്‍ സ്‌കൈയ്ക്കു ലഭിച്ച സുവര്‍ണാവസരമായിരുന്നു ഇത്. പക്ഷെ സൂര്യ ഇതു കളഞ്ഞുകുളിക്കുകയും ചെയ്തു.
സൗത്ത് സോണിനെതിരായ ഫൈനലില്‍ വെസ്റ്റ് സോണിനു വേണ്ടിയാണ് സൂര്യ ബാറ്റിങിനിറങ്ങിയത്. പക്ഷെ ഒന്നാമിന്നിങ്‌സില്‍ സ്‌കൈ വന്നതും പോയതുമെല്ലാം കണ്ണടച്ചു തുറക്കും വേഗത്തിലായിരുന്നു. വെറും ആറു ബോളുകളുടെ ആയുസ്സ് മാത്രമേ സൂര്യക്കുണ്ടായുള്ളൂ. ഓപ്പണര്‍ പൃഥ്വി ഷായുടെ പുറത്താവലിനു ശേഷമാണ് നാലാമനായി അദ്ദേഹം ക്രീസിലെത്തിയത്.

കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം ശ്രദ്ധിക്കപ്പെട്ട പേസര്‍ വിജയ്കുമാര്‍ വൈശാഖിന്റെ ഓവറാണ് സൂര്യക്കു ആദ്യം കളിക്കേണ്ടി വന്നത്. ആദ്യ ബോള്‍ തന്നെ അദ്ദേഹം സിക്‌സറിലേക്കു പായിക്കുകയായിരുന്നു. പക്ഷെ അതു യഥാര്‍ഥത്തില്‍ സിക്‌സര്‍ ലഭിക്കേണ്ടതായിരുന്നില്ല. ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ സൂര്യയുടെ ക്യാച്ച് ഫീല്‍ഡര്‍ കൈവിടുകയായിരുന്നു. അതുകൊണ്ടു തന്നെ അതു ലക്കി സിക്‌സറായിരുന്നെന്നു പറയാം. അടുത്ത ബോളില്‍ സൂര്യ സിംഗിളെടുത്തു.
തുടര്‍ന്നുള്ള മൂന്നു ബോളില്‍ ഒരു റണ്‍സാണ് അദ്ദേഹം നേടിയത്. അടുത്ത ബോളില്‍ ഫാസ്റ്റ് ബൗളര്‍ കവെരപ്പയ്ക്കു സൂര്യ വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയും ചെയ്തു. സൗത്ത് സോണ്‍ ക്യാപ്റ്റന്‍ ഹനുമാ വിഹാരിയാണ് ക്യാച്ചെടുത്തത്. ഇതോടെ സൂര്യക്കു നിരാശനായി ക്രീസ് വിടേണ്ടിയും വന്നു.
സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിനെ പലരും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റിലും ടി20 ശൈലിയില്‍ കളിക്കുകയെന്നത് അസാധ്യമാണെന്നു സൂര്യ ഇനിയും പഠിച്ചിട്ടില്ലെന്നും ഫോര്‍മാറ്റിനു അനുസരിച്ച് ശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ ഓള്‍ ഫോര്‍മാറ്റ് പ്ലെയറാവാന്‍ സാധിക്കൂയെന്നു പലും ചൂണ്ടിക്കാട്ടി.
ഇന്ത്യക്കു വേണ്ടി ഇതിനകം ഒരു ടെസ്റ്റില്‍ സൂര്യ കളിച്ചു കഴിഞ്ഞു. ഈ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിലൂടെയായിരുന്നു ഇത്. പരിക്കു കാരണം ശ്രേയസ് അയ്യര്‍ക്കു പുറത്തിരിക്കേണ്ടി വന്നതോടെ നാഗ്പൂരില്‍ നടന്ന ടെസ്റ്റില്‍ സൂര്യക്കു നറുക്കുവീഴുകയായിരുന്നു.

ആറാം നമ്പറിലാണ് താരത്തെ ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ എട്ടു റണ്‍സ് മാത്രമെടുത്ത് സൂര്യ മടങ്ങുകയായിരുന്നു. ഓസീസ് സ്റ്റാര്‍ സ്പിന്നര്‍ നതാന്‍ ലയണിനെതിരേ അശ്രദ്ധമായ ഷോട്ടിനു ശ്രമിച്ചാണ് അദ്ദേഹം ക്ലീന്‍ ബൗള്‍ഡായത്. 10 ബോളില്‍ ഒരു ഫോറാണ് സൂര്യ നേടിയത്.
ഇന്ത്യ ഈ ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം കൊയ്തതോടെ രണ്ടാമിന്നിങ്‌സില്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതുമില്ല. ഈ ടെസ്റ്റിനു ശേഷം ടീമില്‍ നിന്നുമൊഴിവാക്കപ്പെട്ട സൂര്യക്കു പിന്നീടൊരിക്കലും അവസരവും ലഭിച്ചില്ല.
അതേസമയം, വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന, ടി20 പരമ്പരകളിലായിരിക്കും സൂര്യയെ ഇനി ഇന്ത്യന്‍ ടീമിനൊപ്പം കാണാന്‍ സാധിക്കുക. ഇപ്പോള്‍ നടക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ശേഷമാണ് വിന്‍ഡീസുമായി മൂന്ന് ഏകദിനങ്ങളിലും അഞ്ചു ടി20കളിലും ഇന്ത്യ ഏറ്റുമുട്ടുന്നത്. ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയാണ് സ്‌കൈ.