മുംബൈ: ഇന്ത്യന്‍ ടീമില്‍ നിന്ന് തന്നെ മനപ്പൂര്‍വ്വം തഴയുകയാണെന്ന് നിരന്തരം ആരോപണം ഉന്നയിക്കുന്ന താരമാണ് സര്‍ഫറാസ് ഖാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ടീമിലേക്ക് സര്‍ഫറാസിന് വിളിയെത്തിയിരുന്നില്ല. 79ന് മുകളില്‍ ശരാശരിയില്‍ കളിച്ചിട്ടും സെലക്ടര്‍മാര്‍ കണ്ണടച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് തഴയപ്പെട്ടപ്പോള്‍ സെലക്ടര്‍മാര്‍ക്കെതിരേ പരസ്യമായി പ്രതികരിച്ച് വീണ്ടും സര്‍ഫറാസ് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ദുലീപ് ട്രോഫിയില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ് സര്‍ഫറാസ് ഖാന്‍. വെസ്റ്റ് സോണ്‍ താരമായ സര്‍ഫറാസിന്റെ സ്‌കോര്‍ 0, 6, 0 എന്നിങ്ങനെയാണ്. സൗത്ത് സോണിനെതിരായ ഫൈനലില്‍ നാല് പന്ത് നേരിട്ടാണ് താരം പൂജ്യത്തിന് പുറത്തായത്. രണ്ടാം ഇന്നിങ്‌സില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ സര്‍ഫറാസിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ താരത്തിന്റെ പ്രകടനം തീര്‍ത്തും നിരാശയുണ്ടാക്കുന്നതാണ്.
സര്‍ഫറാസിനെ ഇന്ത്യ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താത്തത് നന്നായി എന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. അമിത ശരീര ഭാരമുള്ള കളിക്കാരനാണ് സര്‍ഫറാസ്. അതിവേഗത്തില്‍ ഓടാനോ ഡൈവ് ചെയ്യാനോ ഒന്നും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സര്‍ഫറാസിന് സാധിക്കില്ല. അതുകൊണ്ടാണ് ഇന്ത്യ അദ്ദേഹത്തെ ടീമിന് പുറത്തുനിര്‍ത്തിയിരിക്കുന്നത്. ദുലീപ് ട്രോഫിയില്‍ ഫ്‌ളോപ്പായതോടെ സെലക്ടര്‍മാരുടെ തീരുമാനം ശരിയാണെന്ന് തെളിയുകയാണ്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ്. അതിന് മുമ്പായി ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് നടക്കാനുണ്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് മുമ്പ് മറ്റ് ടെസ്റ്റ് പരമ്പരകള്‍ നടക്കാനില്ലാത്തതിനാല്‍ സര്‍ഫറാസിന് ഇന്ത്യന്‍ ടീമിലേക്കെത്തുക പ്രയാസമായിരിക്കും. നിലവില്‍ മധ്യനിരയില്‍ അജിന്‍ക്യ രഹാനെയുണ്ട്. വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്.

ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന് തിളങ്ങാനായാല്‍ റിഷഭ് പന്ത് വരുന്നതുവരെ ടെസ്റ്റിലെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ഇഷാനായിരിക്കും. ഇതോടെ മധ്യനിരയില്‍ സര്‍ഫറാസിന് ഇടം നേടുക കൂടുതല്‍ പ്രയാസമായി മാറും. അമിത പ്രതിരോധം നടത്തുന്ന താരമല്ല സര്‍ഫറാസ്. മോശമല്ലാത്ത സ്‌ട്രൈക്കറേറ്റില്‍ റണ്‍സുയര്‍ത്താന്‍ സര്‍ഫറാസിന് കഴിവുണ്ട്. എന്നാല്‍ നിലവിലെ ഇന്ത്യയുടെ പദ്ധതികളില്‍ സര്‍ഫറാസിന് സ്ഥാനമില്ലെന്നതാണ് വസ്തുത.
ഇന്ത്യ ടെസ്റ്റ് ടീമില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്‌വാദ് എന്നിവരെ ഇന്ത്യ ബാറ്റിങ് നിരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിലൂടെ ജയ്‌സ്വാളിന് ഇന്ത്യ അരങ്ങേറ്റത്തിനുള്ള അവസരം നല്‍കിയിട്ടുണ്ട്. ടെസ്റ്റില്‍ റുതുരാജിന് കൂടുതല്‍ പിന്തുണ നല്‍കിയേക്കും. അങ്ങനെ വന്നാല്‍ സര്‍ഫറാസിന് ഇന്ത്യന്‍ ടീമിന് പുറത്തുതന്നെ തുടരേണ്ടി വരും. എന്നാല്‍ അടുത്ത രഞ്ജി ട്രോഫിയിലും വലിയ മികവുകാട്ടിയാല്‍ അദ്ദേഹത്തെ തഴയുക എളുപ്പമാവില്ല.
38 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 76.32 ശരാശരിയില്‍ 3511 റണ്‍സാണ് സര്‍ഫറാസ് നേടിയത്. ഇതില്‍ 13 സെഞ്ച്വറിയും 9 ഫിഫ്റ്റിയും ഉള്‍പ്പെടും. 301* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 26 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 469 റണ്‍സും അദ്ദേഹം നേടി. അവസാന ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമായിരുന്നു ജയ്‌സ്വാള്‍. അവസരം ലഭിച്ചപ്പോഴൊന്നും വലിയൊരു മികവുകാട്ടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
അതേ സമയം ചേതേശ്വര്‍ പുജാര ഒരു ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് പുജാരയുള്ളത്. മടങ്ങിവരവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പുജാരക്ക് കാര്യങ്ങള്‍ എളുപ്പമല്ല. പൃഥ്വി ഷാക്കും വലിയൊരു പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. 23 കാരനായ താരത്തിന് ഇന്ത്യക്കൊപ്പം മികച്ച തുടക്കം ലഭിച്ചിരുന്നെങ്കിലും മുതലാക്കാനായില്ല. സൂര്യകുമാര്‍ യാദവിനും ഹനുമ വിഹാരിക്കും ദുലീപ് ട്രോഫിയില്‍ കാര്യമായൊന്നും ചെയ്യാനായിട്ടില്ല.