ദുലീപ് ട്രോഫിയില്‍ ഇന്ത്യ എക്കെതിരേ ഇന്ത്യ ഡി പതറുകയാണ്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ എ ടീം 290 റണ്‍സിന് പുറത്തായി. മറുപടിക്കിറങ്ങി ഡി ടീമിന് ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. പ്രധാന താരങ്ങള്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇതില്‍ ഇന്ത്യ ഡി ടീം നായകനായ ശ്രേയസ് അയ്യര്‍ ഡെക്കിനാണ് പുറത്തായത്. മൂന്നാമനായി ബാറ്റ് ചെയ്യാനെത്തിയ ശ്രേയസ് ഏഴ് പന്ത് നേരിട്ടാണ് അക്കൗണ്ട് തുറക്കാനാവാതെ പുറത്തായിരിക്കുന്നത്. ഖലീല്‍ അഹമ്മദാണ് ശ്രേയസിനെ മടക്കിയത്.
ശ്രേയസ് പുറത്തായതിന് പിന്നാലെ താരത്തിനെതിരേ വ്യാപക വിമര്‍ശനവും ട്രോളുകളും ഉയരുകയാണ്. ഇതിന് പിന്നില്‍ ഒരു കാരണവുമുണ്ട്. സണ്‍ഗ്ലാസ് വെച്ച് ബാറ്റ് ചെയ്യാനിറങ്ങിയാണ് ശ്രേയസ് ഡെക്കായത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. ചീപ്പ് ഷോയാണെന്നും അഹങ്കാരം കാട്ടുകയാണെന്നുമാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. എന്തായാലും ശ്രേയസിന്റെ സണ്‍ഗ്ലാസ് ലുക്കും പുറത്താകലും ഇതിനോടകം വലിയ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്.
ഉത്തരവാദിത്തം കാട്ടാതെ വിക്കറ്റ് തുലച്ചു
ശ്രേയസ് അയ്യര്‍ ഉത്തരവാദിത്തം കാട്ടാതെ വിക്കറ്റ് നഷ്ടപ്പെടുത്തിയെന്നാണ് ആരാധകര്‍ പറയുന്നത്. മറ്റ് താരങ്ങളെല്ലാം സ്വാഭാവികമായ രീതിയില്‍ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ ശ്രേയസ് സണ്‍ഗ്ലാസാണ് ഉപയോഗിച്ചത്. വെയില്‍ മുഖത്തേക്ക് വരുന്ന സാഹചര്യം ബാറ്റ് ചെയ്യുമ്പോള്‍ ഉണ്ടാകാറില്ല. കാരണം ഇത്തരത്തില്‍ വെയിലിനെ തടുക്കാനുള്ള തരത്തിലാണ് ഹെല്‍മറ്റുള്ളത്. എന്നിട്ടും എന്തിനാണ് സണ്‍ഗ്ലാസ് ധരിച്ച് ബാറ്റ് ചെയ്യാനെത്തിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ശ്രേയസ് അഹങ്കാരിയാണെന്നും ടീമിനായി അര്‍പ്പണ ബോധത്തോടെ കളിക്കുന്നില്ലെന്നും ഇന്ത്യന്‍ ടീമില്‍ അവസരം കൊടുക്കരുതെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ശ്രേയസിനെ ബിസിസി ഐ കരാറിലേക്ക് തിരികെ കൊണ്ടുവന്നതില്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഇപ്പോള്‍ നിരാശപ്പെടുന്നുണ്ടാവുമെന്നും അഹങ്കാരം കാട്ടി ശ്രേയസ് കരിയര്‍ നശിപ്പിക്കുകയാണെന്നുമാണ് ആരാധകര്‍ പറയുന്നത്. ശ്രേയസ് അയ്യരെ ഇന്ത്യ ബംഗ്ലാദേശ് പരമ്പരയിലേക്ക് പരിഗണിക്കാതിരുന്നത് നന്നായി എന്നും ആരാധകര്‍ പറയുന്നു.

ശ്രേയസിന് തിരിച്ചുവരവ് പ്രയാസം
ശ്രേയസ് അയ്യരുടെ മോശം ഫോമും ഇപ്പോള്‍ വിവാദമായ സണ്‍ഗ്ലാസ് ധരിക്കലും താരത്തിന് തിരിച്ചടിയാകാനാണ് സാധ്യത. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇതില്‍ ശ്രേയസ് തിരിച്ചുവരവ് പ്രതീക്ഷവെച്ചെങ്കിലും അവസരം ലഭിച്ചേക്കില്ല. അതിന് ശേഷം നടക്കുന്ന ടി20 പരമ്പരയിലും ശ്രേയസ് ഉണ്ടാവാന്‍ സാധ്യത കുറവാണ്.
ശ്രേയസ് അയ്യരുടെ മോശം ഷോട്ട് സെലക്ഷനാണ് പ്രധാന പ്രശ്‌നം. കൂടാതെ ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യവും താരത്തെ വേട്ടയാടുന്നു. അതുകൊണ്ടുതന്നെ ശ്രേയസിനെ ഇനി ഗംഭീറും പിന്തുണക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം. അജിന്‍ക്യ രഹാനെക്ക് പകരം ഇന്ത്യ സര്‍ഫറാസ് ഖാനേയും കെ എല്‍ രാഹുലിനേയുമാവും പിന്തുണക്കുക.
സഞ്ജു സാംസണും നിരാശപ്പെടുത്തി
ശ്രേയസ് അയ്യരെപ്പോലെ തന്നെ സഞ്ജു സാംസണും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ദുലീപ് ട്രോഫി ടീമിലേക്ക് ആദ്യം പരിഗണിക്കപ്പെടാതിരുന്ന സഞ്ജുവിന് ഇഷാന്‍ കിഷന് പരിക്കേറ്റതോടെയാണ് അവസരം ലഭിച്ചത്. എന്നാല്‍ ഈ അവസരം മുതലാക്കാന്‍ സഞ്ജുവിന് സാധിക്കാതെ പോയി. ആറ് പന്ത് നേരിട്ട് അഞ്ച് റണ്‍സോടെയാണ് സഞ്ജു പുറത്തായത്. ബൗണ്ടറിയോടെ തുടങ്ങിയെങ്കിലും മോശം ഷോട്ട് കളിച്ചാണ് സഞ്ജു വിക്കറ്റ് തുലച്ചത്.
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് മത്സരത്തിലും സഞ്ജു ഡെക്കിനാണ് പുറത്തായത്. ശക്തമായ തിരിച്ചുവരവ് നടത്താന്‍ ദുലീപ് ട്രോഫിയില്‍ സഞ്ജുവിന് തിളങ്ങേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ അനാവശ്യ ഷോട്ട് കളിച്ചാണ് പുറത്തായത്. ടെസ്റ്റ് ശൈലി തനിക്ക് ചേരില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് സഞ്ജു. മികവ് കാട്ടി തിരിച്ചുവരാനുള്ള സുവര്‍ണ്ണാവസരമായിരുന്നു സഞ്ജുവിന് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഇത് മുതലാക്കാന്‍ മലയാളി താരത്തിനായില്ല.