മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മധ്യനിരയിലെ വിശ്വസ്തരായ താരങ്ങളിലൊരാളാണ് ശ്രേയസ് അയ്യര്‍. ക്ലാസിക് ശൈലിയില്‍ കളിക്കുന്ന താരം നായകനെന്ന നിലയിലും ഇതിനോടകം മികവ് കാട്ടിയിട്ടുള്ളവനാണ്. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനങ്ങളെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. നിലവില്‍ ദൂലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ടീമിന്റെ നായകനാണ് ശ്രേയസ്. രണ്ടാം മത്സരത്തില്‍ ഡെക്കിനാണ് ശ്രേയസ് പുറത്തായത്.
കൂളിങ് ഗ്ലാസ് അണിഞ്ഞ് ബാറ്റ് ചെയ്യാനെത്തിയ ശ്രേയസിന് പ്രതീക്ഷിച്ച പ്രകടനം ബാറ്റിങ്ങില്‍ കാഴ്ചവെക്കാനായില്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ നിന്ന് തഴയപ്പെട്ട ശ്രേയസിന് ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് അല്‍പ്പം പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം. ഇപ്പോഴിതാ ശ്രേയസ് ചിന്തിക്കുന്നത് താന്‍ വിരാട് കോലിയാണെന്നാണെന്നും ഈ അഹങ്കാരമാണ് താരത്തെ പിന്നോട്ടടിക്കുന്നതെന്നും വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ പാക് താരമായ ബാസിത് അലി.
ഇന്ത്യന്‍ ടീമിലെത്തണമെന്ന് അവന് ആഗ്രഹമില്ല
ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ ശ്രേയസ് അയ്യരെ കാണുമ്പോള്‍ കടുത്ത നിരാശ തോന്നുന്നു. അവന്‍ ശ്രദ്ധ നല്‍കുന്നില്ല. റെഡ് ബോള്‍ ക്രിക്കറ്റില്‍ പ്രതിഭയുണ്ടെങ്കിലും അവനത് തിരിച്ചറിഞ്ഞ് കളിക്കുന്നില്ല. ലോകകപ്പില്‍ രണ്ട് സെഞ്ച്വറി നേടിയ ഐപിഎല്ലില്‍ കെകെആറിനെ ചാമ്പ്യനാക്കിയ നായകനാണ് ശ്രേയസ്. ദുലീപ് ട്രോഫിയില്‍ 100-200 റണ്‍സ് നേടാന്‍ അവന് സാധിക്കേണ്ടതായിരുന്നു. എന്നാല്‍ അതിന് സാധിക്കുന്നില്ല. പുജാരയും രഹാനെയും ദുലീപ് ട്രോഫി കളിക്കാത്തത് ശ്രേയസിന്റെ ഭാഗ്യമാണ്.
ഇന്ത്യക്കായി കളിക്കണമെന്ന ആര്‍ത്തി അവനില്‍ കാണുന്നില്ല. ബൗണ്ടറി നേടുന്നതിനോട് മാത്രമാണ് അവന്‍ ആര്‍ത്തികാട്ടുന്നത്. എന്നാല്‍ കളിക്കാനുള്ള നിലവാരത്തിലേക്കുയരുകയാണ് വേണ്ടത്. രണ്ട് സെഞ്ച്വറികള്‍ ലോകകപ്പില്‍ നേടിയതോടെ വിരാട് കോലിയാണെന്നാണ് അവന്‍ കരുതുന്നത്. എന്നാല്‍ ഇതൊരിക്കലും നടക്കുന്ന കാര്യമല്ല. അവനെ സ്നേഹിക്കുന്ന ഇന്ത്യന്‍ ആരാധകര്‍ എന്നോട് ക്ഷമിക്കണം. ഞാനായിരുന്നു സെലക്ടറെങ്കില്‍ ദുലീപ് ട്രോഫി പോലും കളിപ്പിക്കില്ല' ബാസിത് അലി പറഞ്ഞു.

ശ്രേയസ് ഉത്തരവാദിത്തം കാട്ടുന്നില്ല
അജിന്‍ക്യ രഹാനെക്ക് പകരം ഇന്ത്യയുടെ മധ്യനിരയില്‍ സ്ഥാനം പിടിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട താരമാണ് ശ്രേയസ്. ആദ്യമേ ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തിയിരുന്ന ശ്രേയസിന് പിന്നീട് ഷോര്‍ട്ട് ബോളുകള്‍ ദൗര്‍ബല്യമായി മാറി. ഇതോടെ തുടര്‍ച്ചയായി ഇതേ ദൗര്‍ബല്യത്തില്‍ ശ്രേയസ് പുറത്താവാനും തുടങ്ങി. ശ്രേയസിന്റെ ഈഗോയുമായി ഏറ്റുമുട്ടുമ്പോള്‍ വേഗത്തില്‍ അദ്ദേഹത്തിന്റെ വിക്കറ്റ് നേടാന്‍ എതിരാളികള്‍ക്ക് സാധിക്കുന്നു.
ശ്രേയസ് കെകെആറിനെ കപ്പിലേക്കെത്തിച്ചെങ്കിലും താരത്തിന്റെ ബാറ്റിങ് പ്രകടനം അത്ര മികച്ചതായിരുന്നില്ല. നിലവില്‍ ഇന്ത്യയുടെ പരിഗണനയിലുള്ള താരമാണ് ശ്രേയസ്. എന്നാല്‍ റിയാന്‍ പരാഗിനെപ്പോലെ മികച്ച താരങ്ങള്‍ അവസരത്തിനായി പൊരുതുമ്പോള്‍ ശ്രേയസിന് കാര്യങ്ങള്‍ എളുപ്പമല്ല. കടന്നാക്രമിച്ച് കളിക്കാനും പിടിച്ചുനിന്ന് കളിക്കാനും പ്രയാസപ്പെടുന്ന ശ്രേയസിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്. ഗൗതം ഗംഭീറിന്റെ വിശ്വസ്തനായ താരമാണെങ്കിലും ഇനി പിന്തുണ ലഭിക്കാന്‍ സാധ്യത കുറവാണ്.
തെറ്റുകള്‍ ആവര്‍ത്തിക്കുന്ന താരം
തെറ്റുകള്‍ ആവര്‍ത്തിക്കുന്ന ബാറ്റ്സ്മാനാണ് ശ്രേയസ് അയ്യര്‍. പിഴവുകള്‍ നികത്താന്‍ താരം തയ്യാറാവുന്നില്ല. ഐപിഎല്ലിന് ശേഷം ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ടീം മാനേജ്മെന്റിന്റെ നിര്‍ദേശം അവഗണിച്ചതോടെയാണ് താരത്തെ ബിസിസി ഐ കരാറിന് പുറത്താക്കുന്നത്. പിന്നീട് ഗംഭീര്‍ പരിശീലകനായതോടെയാണ് ശ്രേയസ് തിരിച്ചുവരുന്നത്. ഇപ്പോള്‍ ദുലീപ് ട്രോഫി കളിക്കാന്‍ ശ്രേയസ് നിര്‍ബന്ധിതനാവുകയായിരുന്നുവെന്ന് പറയാം.
സമീപകാലത്തെ താരത്തിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ശ്രേയസിന്് ഇന്ത്യന്‍ ടീമിലേക്കുള്ള മടക്കം എളുപ്പമാവില്ല. സ്ഥിരതയോടെ കളിക്കാന്‍ ശ്രേയസിന് സാധിക്കാത്ത പക്ഷം പുറത്തിരിക്കാനാവും താരത്തിന്റെ വിധിയെന്ന് നിസംശയം പറയാം.