മുംബൈ: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യയുടെ ബംഗ്ലാദേശ് പരമ്പരക്കുള്ള ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കാനിരിക്കെ ദുലീപ് ട്രോഫിയിലെ പ്രകടനം ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യ സൂപ്പര്‍ താരങ്ങളില്‍ പലര്‍ക്കും വിശ്രമം നല്‍കുമെന്നാണ് വിവരം. ദുലീപ് ട്രോഫിയിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യ ടീമിലേക്ക് പരിഗണിക്കേണ്ട ആദ്യ താരം പേസര്‍ ആകാശ് ദീപാണ്.
ഇതിനോടകം ഇന്ത്യക്കായി ടെസ്റ്റ് കളിച്ച താരമാണ് ആകാശ് ദീപ്. സീനിയര്‍ താരങ്ങളുടെ അഭാവത്തിലാണ് ആകാശിന് അന്ന് അവസരം ലഭിച്ചത്. സീനിയേഴ്‌സ് തിരിച്ചെത്തിയപ്പോള്‍ ആകാശ് തഴയപ്പെടുകയും ചെയ്തു. എന്നാല്‍ ഇത്തവണത്തെ ദുലീപ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ആകാശിനെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിക്കേണ്ടതാണ്. ഇന്ത്യക്കൊപ്പം കൂടുതല്‍ അവസരം അര്‍ഹിക്കുന്ന താരമാണ് ആകാശെന്ന് നിസംശയം പറയാം.
9 വിക്കറ്റുമായി കസറി
ഇന്ത്യ എ ടീം താരമായ ആകാശ് ദീപ് ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. മികച്ച ലൈനിലും ലെങ്തിലും പന്തെറിയുന്ന താരം നല്ല വേഗവും കണ്ടെത്തുന്നുണ്ട്. റിഷഭ് പന്തിനേയും നിതീഷ് കുമാര്‍ റെഡ്ഡിയേയും നവദീപ് സൈനിയേയും യഷ് ദയാലിനേയുമാണ് ആദ്യ ഇന്നിങ്‌സില്‍ ആകാശ് ദീപ് പുറത്താക്കിയത്. മികച്ച ഫിറ്റ്‌നസുള്ള താരം വ്യത്യസ്തമായ ലൈനില്‍ പന്തെറിഞ്ഞ് ബാറ്റ്‌സ്മാനെ വെള്ളം കുടിപ്പിച്ചു.
രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ആകാശ് ദീപ് കൈയടി നേടി. 14 ഓവര്‍ എറിഞ്ഞാണ് ആകാശിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. ബി ടീം നായകന്‍ അഭിമന്യു ഈശ്വരന്‍, മുഷീര്‍ ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, സായ് കിഷോര്‍, നവ്ദീപ് സൈനി എന്നിവരെയാണ് ആകാശ് പുറത്താക്കിയത്. ഇന്ത്യന്‍ ടീമിനൊപ്പവും തിളങ്ങാന്‍ പ്രതിഭയുള്ള താരമാണ് ആകാശ്. ബംഗ്ലാദേശ് പരമ്പരയില്‍ത്തന്നെ അവസരം നല്‍കാവുന്നതാണ്.

ഓസ്‌ട്രേലിയയിലേക്കും കൊണ്ടുപോവാം
നല്ല വേഗത്തോടൊപ്പം മികച്ച നിയന്ത്രണവുമുള്ള ബൗളറാണ് ആകാശ് ദീപ്. ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയായി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വരാനിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ പരിക്കേല്‍ക്കാനുള്ള ഉയര്‍ന്ന സാധ്യതയാണുള്ളത്. ഇത് മുന്നില്‍ക്കണ്ട് ഇന്ത്യ മികച്ച യുവ പേസര്‍മാരേയും ഒപ്പം കൂട്ടും. ഇത്തവണ ഇന്ത്യക്ക് പരിഗണിക്കാവുന്നവരിലൊരാളാണ് ആകാശ്.
നന്നായി ഷോര്‍ട്ട് ബോള്‍ എറിയാനും ശേഷിയുള്ള ബൗളറാണ് ആകാശ്. ഓസ്‌ട്രേലിയയിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ സാധിക്കുന്ന ബൗളിങ് ശൈലിയാണ് ആകാശിന്റേത്. ഇന്ത്യ മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിങ് എന്നിവരെയെല്ലാം ടെസ്റ്റില്‍ പിന്തുണക്കുന്നതിലും നല്ലത് ആകാശ് ദീപിനെ കൂടുതല്‍ അവസരം നല്‍കി പിന്തുണക്കുന്നതാണെന്ന് പറയാം.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം
ആഭ്യന്തര ക്രിക്കറ്റിലെ ആകാശിന്റെ പ്രകടനം ഗംഭീരമാണ്. 31 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 107 വിക്കറ്റാണ് ആകാശ് നേടിയത്. ഏഴ് തവണ നാല് വിക്കറ്റും നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു തവണ 10 വിക്കറ്റ് പ്രകടനവും നടത്താന്‍ ആകാശിനായി. 28 ലിസ്റ്റ് എ മത്സരത്തില്‍ നിന്ന് 42 വിക്കറ്റാണ് ആകാശ് വീഴ്ത്തിയത്. ഐപിഎല്ലിലടക്കം കളിച്ചിട്ടുള്ള താരം 42 ടി20യില്‍ നിന്ന് 49 വിക്കറ്റും നേടിയിട്ടുണ്ട്. 27കാരനായ ആകാശ് കരിയറിന്റെ നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്.
ഇപ്പോള്‍ തുടര്‍ അവസരങ്ങള്‍ ലഭിച്ചാല്‍ ഇന്ത്യന്‍ ടീമിനൊപ്പം മികച്ചൊരു കരിയര്‍ നേടിയെടുക്കാന്‍ ആകാശിനാവും. ഒരു ടെസ്റ്റില്‍ നിന്ന് മൂന്ന് വിക്കറ്റുകള്‍ ഇന്ത്യന്‍ ജേഴ്‌സില്‍ ആകാശ് വീഴ്ത്തിയിട്ടുണ്ട്. പ്രതിഭ മനസിലാക്കി കൂടുതല്‍ അവസരം ആകാശിന് നല്‍കുമെന്ന് തന്നെ പ്രതീക്ഷിക്കാം.