അനന്ത്പൂര്‍: ദുലീപ് ട്രോഫി റെഡ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മൂന്നാമത്തെയും അവസാനത്തെയും റൗണ്ട് വ്യാഴാഴ്ചയാണ് ആരംഭിക്കുക. അനന്ത്പൂരില്‍ നടക്കുന്ന മല്‍സരത്തില്‍ ശ്രേയസ് അയ്യരുടെ ഡി ടീം അഭിമന്യു ഈശ്വരന്റെ ബി ടീമുമായി ഏറ്റുമുട്ടും. ബെംഗളൂരു വേദിയാവുന്ന മറ്റൊരു കളിയില്‍ മായങ്ക് അഗര്‍വാളിന്റെ ഇന്ത്യ എ ടീമും റുതുരാജ് ഗെയ്ക്വാദിന്റെ ഇന്ത്യ സി ടീമും പോരടിക്കുകയും ചെയ്യും.
ടൂര്‍ണമെന്റില്‍ ഇന്ത്യ ഡി ടീമിന്റെ ഭാഗമാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ഇന്ത്യ എയോടു 186 റണ്‍സിന്റെ വന്‍ പരാജയമേറ്റു വാങ്ങിയ കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹത്തെ കളിപ്പിക്കുകയും ചെയ്തിരുന്നു. ഭേദപ്പെട്ട പ്രകടനമാണ് സഞ്ജു കാഴ്ചവച്ചത്. അവസാന റൗണ്ടില്‍ കൂടി അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അവസരം പാഴാക്കി സഞ്ജു
കെഎസ് ഭരതിനു പകരമാണ് രണ്ടാം റൗണ്ടില്‍ ഇന്ത്യ ഡി ടീമില്‍ സഞ്ജു സാംസണിനു പ്ലെയിങ് ഇലവനിലേക്കു നറുക്കുവീണത്. എന്നാല്‍ അടുത്ത മല്‍സരത്തില്‍ ഇവരില്‍ ആരെ കളിപ്പിക്കണമെന്നതായിരിക്കും ഡി ടീം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആലോചിക്കുക. ആദ്യ മല്‍സരത്തിലാണ് ഭരതാണ് ടീമിനായി വിക്കറ്റ് കാത്തത്. സഞ്ജുവിനു പുറത്തായിരുന്നു സ്ഥാനം.
ഇന്ത്യ സിക്കെതിരായ ആദ്യ റൗണ്ടില്‍ രണ്ടിന്നിങ്‌സുകളിലായി വെറും 29 റണ്‍സ് മാത്രമേ ഭരതിനു നേടാന്‍ സാധിച്ചിരുന്നുള്ളൂ. ആദ്യ ഇന്നിങ്‌സില്‍ 42 ബോളില്‍ 13 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. രണ്ടാമിന്നിങ്‌സിലാവട്ടെ 20 ബോളില്‍ 16 റണ്‍സിനും ഭരത് പുറത്തായി. രണ്ടിന്നിങ്‌സിലും മോശം ഷോട്ടുകള്‍ക്കു തുനിഞ്ഞാണ് താരം വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ബാറ്റിങിലെ ഈ ഫ്‌ളോപ്പ് ഷോ തന്നെയാണ് രണ്ടാംറൗണ്ടില്‍ ഭരതിനു പകരം സഞ്ജുവിനു പ്ലെയിങ് ഇലവനിലേക്കു വഴി തുറന്നത്.
രണ്ടാം റൗണ്ടില്‍ തനിക്കു ലഭിച്ച അവസരം വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സഞ്ജുവിനും കഴിഞ്ഞിട്ടില്ലെന്നു കാണാം. രണ്ടിന്നിങ്‌സുകളിലായി 45 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ആദ്യ ഇന്നിങ്‌സില്‍ ആറു ബോളില്‍ നിന്നും അഞ്ചു റണ്‍സെടുത്ത സഞ്ജു മോശം ഷോട്ട് കളിച്ചാണ് വിക്കറ്റ് വലിച്ചെറിഞ്ഞത്. രണ്ടാമിന്നിങ്‌സില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. അഗ്രസീവ് ബാറ്റിങ് പുറത്തെടുത്ത സഞ്ജു 45 ബോളില്‍ മൂന്നു വീതം ഫോറും സിക്‌സറുമടക്കം 40 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.
വിക്കറ്റ് കീപ്പിങില്‍ നിരാശപ്പെടുത്തി
കെഎസ് ഭരതുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടിന്നിങ്‌സുകളിലായി കൂടുതല്‍ റണ്ണെടുത്തത് സഞ്ജു സാംസണ്‍ തന്നെയാണ്. പക്ഷെ വിക്കറ്റ് കീപ്പിങില്‍ അദ്ദേഹത്തിന്റെ പ്രകടനം ഒട്ടും സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല. ആഭ്യന്തര ക്രിക്കറ്റില്‍ ഒരുപാട് റെഡ് ബോള്‍ മല്‍സരങ്ങളുടെ അനുഭവസമ്പത്തുണ്ടായിട്ടും ഒരു തുടക്കക്കാരനെപ്പോലെയാണ് സഞ്ജു പലപ്പോഴും കാണപ്പെട്ടത്. മാത്രമല്ല പലപ്പോഴും അലസനായും അദ്ദേഹം കാണപ്പെട്ടു.

ഇന്ത്യ എയുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ വിക്കറ്റ് കീപ്പിങില്‍ ശരാശരി പ്രകടനം മാത്രമാണ് അദ്ദേഹം കാഴ്ചവച്ചത്. സഞ്ജുവിനു തിരിച്ചടിയാവുന്നതും ഇതു തന്നെയാണ്. വിക്കറ്റിനു പിന്നില്‍ പല തവണ സഞ്ജുവിന്റെ കൈകള്‍ ചോര്‍ന്നിരുന്നു. അധിക റണ്‍സും എതിര്‍ ടീമിനു ലഭിക്കുകയും ചെയ്തു. ആദ്യദിനം അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ് തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ഇതേ തുടര്‍ന്നു സഞ്ജുവിനോടു ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ് ചൂടാവുകയും ചെയ്തിരുന്നു.
വിക്കറ്റ് കീപ്പിങില്‍ സഞ്ജുവിന്റെ ഈ ഫ്‌ളോപ്പ് ഷോ ഇന്ത്യ ഡി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ആശങ്കയിലാക്കുന്നുണ്ട്. നേരത്തേ ആദ്യ റൗണ്ടില്‍ ബാറ്റിങില്‍ ക്ലിക്കായില്ലെങ്കിലും വിക്കറ്റ് കീപ്പിങില്‍ പഴുതടച്ച പ്രകടനമാണ് ഭരത് കാഴ്ചവച്ചത്. അതുകൊണ്ടു തന്നെ മൂന്നാം റൗണ്ടില്‍ സഞ്ജുവിനെ തഴഞ്ഞ് ഭരതിനെ ശ്രേയസ് കളിപ്പിച്ചാലും അദ്ഭുതപ്പെടാനില്ല. ആര്‍ക്കായിരിക്കും അവസാന റൗണ്ടില്‍ നറുക്കുവീഴുകയെന്നു കാത്തിരുന്നു കാണാം.