മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോമും ഫിറ്റ്‌നസും തെളിയിക്കണമെന്നതാണ് പുതിയ പരിശീലകനായ ഗൗതം ഗംഭീറിന്റെ നിലപാട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിലെ താരങ്ങളെല്ലാം വരാനിരിക്കുന്ന ദുലീപ് ട്രോഫി കളിക്കാന്‍ പോവുകയാണ്. സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ദുലീപ് ട്രോഫി കളിക്കുന്നുണ്ട്. എന്നാല്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് മാത്രം വിശ്രമം അനുവദിച്ചിരുന്നു.
ഇവര്‍ സീനിയര്‍ താരങ്ങളായതിനാല്‍ വിശ്രമം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് ഇവര്‍ക്ക് വിശ്രമം നല്‍കിയത്. ഇതിനെതിരേ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്ത്യയുടെ സീനിയര്‍ താരങ്ങളെന്ന നിലയില്‍ മറ്റ് താരങ്ങള്‍ക്ക് ലഭിക്കാത്ത പ്രത്യേക പരിഗണന ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്നതാണ് വസ്തുത. ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതോടൊപ്പം ഫോമോ ഫിറ്റ്‌നസോ തെളിയാക്കാതെ തന്നെ ഇവര്‍ക്ക് ടീമിലേക്ക് തിരിച്ചെത്താനും സാധിക്കും.
ഇപ്പോഴിതാ കണക്കുകള്‍ നിരത്തി രോഹിത്തിനേയും കോലിയേയും ബുംറയേയും വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സഞ്ജയുടെ പ്രതികരണം. 'കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 249 അന്താരാഷ്ട്ര മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതില്‍ രോഹിത് 59% ശതമാനം മത്സരം മാത്രമാണ് കളിച്ചത്. വിരാട് 61% മത്സരവും ബുംറ 34% മത്സരവുമാണ് കളിച്ചത് ഇവര്‍ക്ക് എന്തിനാണ് ഇത്രയും വിശ്രമം.
ദുലീപ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു' എന്നാണ് സഞ്ജയ് കുറിച്ചത്. കോലിയും രോഹിത്തും ജസ്പ്രീത് ബുംറയുമാണ് നിലവിലെ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ആവശ്യത്തിന് വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണ്. ഇവര്‍ക്ക് ഫോമിലേക്കെത്താന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടത് അത്യാവശ്യമുള്ള കാര്യമല്ല. എന്നാല്‍ മറ്റ് താരങ്ങളെ സംബന്ധിച്ച് ടീമിലേക്കെത്താന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടി വരുന്നതിനെ തെറ്റ് പറയാനാവില്ല.

പക്ഷെ വിരാട് കോലിയുടെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. സ്പിന്നിനെതിരേ കോലി പതറുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കോലിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ബംഗ്ലാദേശിനെതിരാ പരമ്പര, ന്യൂസീലന്‍ഡിനെതിരായ പരമ്പര ഓസ്‌ട്രേലിയന്‍ പര്യടനം എന്നിവയെല്ലാം വരാനിരിക്കുകയാണ്. നിലവിലെ കോലിയുടെ സ്പിന്നിനെതിരേ പ്രകടനം വിലയിരുത്തുമ്പോള്‍ കോലി ദുലീപ് ട്രോഫി കളിക്കേണ്ടതായിരുന്നു.
കോലിയില്‍ ഇന്ത്യ ഇപ്പോഴും വലിയ പ്രതീക്ഷവെക്കുന്നു. ബംഗ്ലാദേശ് പാകിസ്താനെയടക്കം തോല്‍പ്പിച്ച് കരുത്തുകാട്ടിയാണ് ഇന്ത്യയെ നേരിടാന്‍ പോകുന്നത്. ഈ സാഹചര്യത്തില്‍ നിസാരക്കാരായി ഇവരെ കാണാനാവില്ല. അതുകൊണ്ടുതന്നെ വിരാട് കോലിയെ ഫോമിലേക്കെത്തിക്കേണ്ടതായുണ്ട്. ഇതിന് ദുലീപ് ട്രോഫി കളിക്കാന്‍ താരം തയ്യാറാകണമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയുമടക്കം പല പ്രമുഖരും മോശം ഫോമില്‍ നിന്ന് തിരിച്ചുവരാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരുന്നു.
ഇതേ പാത കോലിയും പിന്തുടരേണ്ടതായുണ്ട്. എന്നാല്‍ രോഹിത് ശര്‍മയും ബുംറയും മികച്ച ഫോമിലാണ്. ശ്രീലങ്കന്‍ പരമ്പരയില്‍ രോഹിത് ബാറ്റിങ് വെടിക്കെട്ടാണ് നടത്തിയത്. ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നസ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ പ്രധാന ടൂര്‍ണമെന്റുകളില്‍ മാത്രം ബുംറയെ കളിപ്പിക്കുന്നതാണ് നല്ലത്. ന്യൂസീലന്‍ഡ് പരമ്പരയിലും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ബുംറക്ക് നിര്‍ണ്ണായക റോളാണുള്ളത്.
അതുകൊണ്ടുതന്നെ മാനസികമായും ശാരീരികമായും അദ്ദേഹത്തിന് വിശ്രമം അനുവദിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇന്ത്യയുടെ യുവതാരങ്ങളെല്ലാം ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ടീം മാനേജ്‌മെന്റിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. ഇന്ത്യയുടെ പല താരങ്ങളും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. ഇവര്‍ക്ക് ദുലീപ് ട്രോഫി മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് പറയാം.