ബെംഗളൂരു: ദുലീപ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ ഇന്ത്യ ബി ടീം മികച്ച ടോട്ടലില്‍ എത്തിയിരിക്കുകയാണ്. ഇന്ത്യ എ ടീമുമായുള്ള പോരാട്ടത്തില്‍ രണ്ടാംദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ അവര്‍ ഏഴു വിക്കറ്റിനു 290 റണ്‍സെന്ന മികച്ച നിലയിലാണ്. ഏഴിനു 94 റണ്‍സെന്ന പരിതാപകരമായ അവസ്ഥയില്‍ നിന്നാണ് ബി ടീം ഇത്ര മികച്ച നിലയില്‍ എത്തിയിരിക്കുന്നത്.
അപരാജിതായ എട്ടാം വിക്കറ്റില്‍ മുഷീര്‍ ഖാനും ഫാസ്റ്റ് ബൗളര്‍ നവദീപ് സെയ്‌നിയും ചേര്‍ന്നുണ്ടാക്കിയ സെഞ്ച്വറി കൂട്ടുകെട്ടാണ് അവരെ ഇതിനു സഹായിച്ചത്. 395 ബോളില്‍ 196 റണ്‍സാണ് ഈ ജോടി ഇതിനകം ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഇതിനു 'വളം വച്ചതാവട്ടെ' ഇന്ത്യ എ ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ്. അദ്ദേഹത്തിന്റെ ചില മോശം തീരുമാനങ്ങളാണ് ടീമിനെ ഇപ്പോള്‍ ബാക്ക്ഫൂട്ടിലാക്കിയിരിക്കുന്നത്. രണ്ടാംദിനത്തിലെ ആദ്യ സെഷനില്‍ വലിയൊരു മണ്ടത്തരമാണ് ഗില്‍ കാണിച്ചത്. ഇതു എന്താണെന്നു നോക്കാം.

കുല്‍ദീപിനെ വൈകിപ്പിച്ചു
ഇന്ത്യന്‍ എ ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ രണ്ടാംദിനം കാണിച്ച ഏറ്റവും വലിയ മണ്ടത്തരം ബൗളിങിലെ തുറുപ്പുചീട്ടും സ്റ്റാര്‍ സ്പിന്നറുമായ കുല്‍ദീപ് യാദവിനെ ബൗളിങില്‍ കൊണ്ടുവരാന്‍ വൈകിയെന്നതാണ്. ഏഴു വിക്കറ്റിനു 202 റണ്‍സെന്ന നിലയിലാണ് ബി ടീം ഇന്നു കളി പുനരാരംഭിച്ചത്. സെഞ്ച്വറിയുമായി മുഷീര്‍ ഖാനും (105*) വാലറ്റക്കാരില്‍ ഒരാളുമായ പേസര്‍ നവദീപ് സെയ്‌നിയുമായിരുന്നു (29*) അപ്പോള്‍ ക്രീസില്‍.
രണ്ടാംദിനം പേസര്‍മാരായ ആവേശ് ഖാന്‍, ആകാശ്ദീപ് എന്നിരാണ് എ ടീമിനു വേണ്ടി ന്യൂബോള്‍ കൈകാര്യം ചെയ്തത്. കാര്യമായ വെല്ലുവിളിയില്ലാതെ ഇവരെ മുഷീറും സെയ്‌നിയും കൈകാര്യം ചെയ്തു. പരമാവധി സ്‌ട്രൈക്ക് മുഷീറിനു കൈമാറുകയെന്ന ദൗത്യമാണ് സെയ്‌നിക്കുണ്ടായിരുന്നത്. ഇതു അദ്ദേഹം ഭംഗിയായി ചെയ്തു.
കൂട്ടുകെട്ട് തകര്‍ക്കാന്‍ ശ്രമിച്ചില്ല
ഫാസ്റ്റ് ബൗളര്‍മാരെ മുഷീര്‍ ഖാനും നവദീപ് സെയ്‌നിയും അനായാസം നേരിട്ടു കൊണ്ടിരുന്നിട്ടും പ്ലാന്‍ മാറ്റാനോ, ഈ ജോടിയെ എത്രയും വേഗത്തില്‍ വേര്‍പിരിക്കാനോയുള്ള നീക്കം ശുഭ്മന്‍ ഗില്ലിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ആവേശ് ഖാന്‍, ആകാശ്ദീപ്, ഖലീല്‍ അഹമ്മദ്, ശിവം ദുബെ തുടങ്ങി തന്റെ ഫാസ്റ്റ് ബൗളര്‍മാരെയാണ് ഗില്‍ മാറി മാറി പരീക്ഷിച്ചു കൊണ്ടിരുന്നത്. വളരെ ഡിഫന്‍സീവായ ക്യാപ്റ്റന്‍സിയാണ് താരം പുറത്തെടുത്തത്.

പേസര്‍മാര്‍ ഇംപാക്ടുണ്ടാക്കുന്നില്ല എന്നു ബോധ്യമായ ഉടന്‍ തന്നെ ഗില്ലിനു പ്ലാനില്‍ മാറ്റം വരുത്താമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനു പലപ്പോഴും ബ്രേക്ക്ത്രൂകള്‍ സമ്മാനിച്ചിട്ടുള്ള ബൗളറാണ് കുല്‍ദീപ് യാദവ്. പക്ഷെ അദ്ദേഹത്തില്‍ വേണ്ടത്ര വിശ്വാസമര്‍പ്പിക്കാന്‍ ഗില്‍ തയ്യാറായില്ല.
രണ്ടാംദിനത്തിലെ 23ാം ഓവറിലാണ് കുല്‍ദീപിനെ ഗില്‍ ആദ്യമായി പരീക്ഷിച്ചത്. അപ്പോഴേക്കും ബി ടീമിന്റെ സ്‌കോര്‍ 260 കടന്നിരുന്നു. മുഷീര്‍ 148ലെത്തിയപ്പോള്‍ സെയ്‌നി 42ലുമെത്തിയിരുന്നു. കുല്‍ദീപിനെ കുറേക്കൂടി നേരത്തേ ബൗളിങില്‍ ഗില്‍ കൊണ്ടുവന്നിരുന്നെങ്കില്‍ ഇത്ര വലിയൊരു കൂട്ടുകെട്ട് ബി ടീമിനു ഉണ്ടാക്കാന്‍ സാധിക്കില്ലായിരുന്നു. പക്ഷെ ബൗളിങിലെ തുറുപ്പുചീട്ടായ കുല്‍ദീപിനെ ക്യാപ്റ്റന്‍ മറന്നതോടെ എതിര്‍ ടീം പിടിമുറുക്കുകയും ചെയ്തു.