അനന്ത്പൂര്‍: ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമായി മാറാന്‍ തനിക്കു ഉദ്ദേശമില്ലെന്നു വീണ്ടുമൊരു ഫ്‌ളോപ്പ് ഷോയിലൂടെ തെളിയിച്ചിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ടീമിനു വേണ്ടി മികച്ചൊരു ഇന്നിങ്‌സ് കളിക്കാനുള്ള അവസരം അദ്ദേഹം കളഞ്ഞുകുളിച്ചു. ആറു ബോളില്‍ ഒരു ഫോറടക്കം വെറും അഞ്ചു റണ്‍സ് മാത്രം നേടിയാണ് സഞ്ജു വിക്കറ്റ് വലിച്ചെറിഞ്ഞത്.
നീണ്ട ഇടവേളയ്ക്കു ശേഷം റെഡ് ബോള്‍ ഫോര്‍മാറ്റിലേക്കു മടങ്ങിയെത്തിയ സഞ്ജുവിനു തന്റെ മികവ് തെളിയിക്കാനും ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു അവകാശവാദമുന്നയിക്കാനുമുള്ള മികച്ച അവസരമായിരുന്നു ഈ മല്‍സരം. പക്ഷെ ഒരിക്കല്‍ക്കൂടി തീര്‍ത്തും നിരുത്തരവാദപരമായ ഷോട്ട് കളിച്ചാണ് സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

ടീം പതറവെ ക്രീസില്‍
ഇന്ത്യ എ ടീമിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 290 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഡി ടീം രണ്ടാംദിനം ആദ്യ സെഷനില്‍ മൂന്നു വിക്കറ്റിനു 44 റണ്‍സില്‍ നില്‍ക്കവെയാണ് സഞ്ജു സാംസണ്‍ അഞ്ചാമനായി ക്രീസിലെത്തിയത്. വലിയൊരു സെഞ്ച്വറിയുമായി ടീമിന്റെ ഹീറോയായായി മാറാന്‍ അദ്ദേഹത്തിനു ലഭിച്ച സുവര്‍ണാവസരമായിരുന്നു ഇത്.
14ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ യാഷ് ദുബെയെ (14) പേസര്‍ അക്വിബ് ഖാന്‍ പുറത്താക്കിയ ശേഷമാണ് സഞ്ജു ക്രീസിലെത്തിയത്. ആദ്യ ബോളില്‍ അദ്ദേഹം റണ്ണൊന്നുമെടുത്തില്ല. അടുത്ത ബോള്‍ ബൗണ്ടറിയിലേക്കു പായിച്ച് സഞ്ജു ആരാധകരെ ആവേശത്തിലാക്കുകയും ചെയ്തു.
അനാവശ്യ ഷോട്ട്
രണ്ടാമത്തെ ബോളില്‍ ഫോറടിച്ച ശേഷം സഞ്ജു സാംസണിനു അടുത്ത രണ്ടു ഓവറുകളിലും സ്‌ട്രൈക്ക് ലഭിച്ചില്ല. രണ്ട് ഓവറിലും അവസാന ബോളില്‍ ഓരോ സിംഗിളുകളാണ് ബാറ്റിങ് പങ്കാളിയായ ദേവ്ദത്ത് പടിക്കല്‍ നേടിയത്. 17ാം ഓവറില്‍ സഞ്ജു ഒരു സിംഗിളെടുത്തു. എന്നാല്‍ 18ാം ഓവറിലെ ആദ്യ ബോളില്‍ അദ്ദേഹം പുറത്താവുകയും ചെയ്തു. ഒരുപാട് ഓവറുകള്‍ ബാക്കിനില്‍ക്കവെ തീര്‍ത്തും അശ്രദ്ധമായ ഷോട്ട് കളിച്ചാണ് സഞ്ജു വിക്കറ്റ് പാഴാക്കിയത്.
പേസര്‍ അക്വിബ് ഖാനാണ് അദ്ദേഹത്തെ പുറത്താക്കിയത്. ഷോര്‍ട്ട് പിച്ച് ബോളാണ് പേസര്‍ പരീക്ഷിച്ചത്. ഷോട്ടൊന്നും കളിക്കാതെ ഒഴിവാക്കാമായിരുന്ന ബോളായിരുന്നു അത്. പക്ഷെ സഞ്ജു അമിതാവേശം കാണിച്ചു. പുള്‍ ഷോട്ട് കളിക്കാന്‍ അദ്ദേഹം ശ്രമിക്കുകയായിരുന്നു. പക്ഷെ ടൈമിങ് പാളി. മിഡ് ഓണ്‍ ഏരിയയിലേക്കു ഉയര്‍ന്ന ബോള്‍ പ്രസിദ്ധ് കൃഷ്ണ ഇടതു വശത്തേക്കു ഡൈവ് ചെയ്ത് പിടികൂടുകയായിരുന്നു. ഇതോടെ സഞ്ജുവിനു നിരാശനായി ക്രീസ് വിടേണ്ടി വരികയും ചെയ്തു.

സഞ്ജുവിനു വിമര്‍ശനം
വലിയൊരു ഇന്നിങ്‌സുമായി സെലക്ടര്‍മാരുടെ പ്രശംസ പിടിച്ചുപറ്റാനുള്ള അവസരം വീണ്ടും തുലച്ച സഞ്ജു സാംസണിനെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഭാഗത്തു നിന്നും ഉയരുന്നത്. സഞ്ജു സാംസണ്‍ എന്താണ് ഇങ്ങനെ? ഇഷാന്‍ കിഷന്‍ ആദ്യദിനം ഇന്ത്യ സി ടീമിനു വേണ്ടി സെഞ്ച്വറിയുമായി കസറിയത് അദ്ദേഹം കണ്ടില്ലേ? എന്നിട്ടും എന്തുകൊണ്ടാണ് ഇത്ര നല്ലൊരു അവസരം ലഭിച്ചിട്ടും അദ്ദേഹം അതു പാഴാക്കി കളഞ്ഞത്.
ഇന്ത്യന്‍ ടീമില്‍ എന്തുകൊണ്ടാണ് സഞ്ജുവിനു സ്ഥിരം സാന്നിധ്യമായി മാറാന്‍ സാധിക്കാത്തതെന്നു ഇപ്പോള്‍ മനസ്സിലായി. സെഞ്ച്വറിയുമായി ഇഷാന്‍ ഫോമിലെത്തിയതോടെ സഞ്ജുവിന്റെ കരിയര്‍ കൂടുതല്‍ അവതാളത്തിലായിരിക്കുകയാണ്. അധികം വൈകാതെ തന്നെ ദേശീയ ടീമിലേക്കു ഇഷാന്‍ മടങ്ങിയെത്തും. ഇതോടെ സഞ്ജുവിന്റെ കരിയര്‍ ഏറെക്കുറെ അവസാനിക്കുമെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കി.