അന്താരാഷ്ട്ര ക്രിക്കറ്റിനു പിന്നാലെ ആഭ്യന്തര ക്രിക്കറ്റിലും നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ടെസ്റ്റ് ടീമിലേക്കു ഇനി പരിഗണിക്കരുതെന്ന ആവശ്യം ശക്തം. താളം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ ദുലീപ് ട്രോഫി കളിക്കാനെത്തിയ റിഷഭ് അവിടെയും ചെറിയ സ്‌കോറിനു പുറത്തായിരിക്കുകയാണ്. ഇന്ത്യ ബി ടീമിനായി കളിക്കാനിറങ്ങിയ അദ്ദേഹത്തിനു 10 ബോളില്‍ വെറും ഏഴു റണ്‍സ് മാത്രേേമ നേടാനായുള്ളൂ.
2022 ഡിസംബറിലേറ്റ കാറപകടത്തിനു ശേഷം ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ റിഷഭ് ഇനിയും കളിച്ചിട്ടില്ല. ഈ മാസം പകുതിയോടെ ആരംഭിക്കുന്ന ബംഗ്ലാദേശുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലൂടെ ഈ ഫോര്‍മാറ്റിലേക്കു മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ് താരം. ഇതിന്റെ ഭാഗമായിട്ടാണ് ദുലീപ് ട്രോഫിയില്‍ റിഷഭ് കളിക്കുന്നത്. പക്ഷെ അദ്ദേഹത്തിന്റെ തുടക്കം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്.

ഇഷാന്റെ പിന്‍മാറ്റം
ബുച്ചി ബാബു റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ സെഞ്ച്വറിയോടെ കസറിയ യുവതാരം ഇഷാന്‍ കിഷനും ബംഗ്ലാദേശുമായുള്ള പരമ്പരയിലൂടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു മടങ്ങിയെത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇഷാന്റെ മികച്ച പ്രകടനം റിഷഭ് പന്തിന്റെ തിരിച്ചുവരവ് സാധ്യതകള്‍ക്കും വെല്ലുവിളിയായിരുന്നു. ദുലീപ് ട്രോഫിയിലും ഇഷാന്‍ കസറിയാന്‍ അദ്ദേഹത്തിന്റെ കാര്യം കൂടുതല്‍ അവതാളത്തിലുമാവുമായിരുന്നു.
എന്നാല്‍ പരിക്കു കാരണം തികച്ചും അപ്രതീക്ഷിതമായി ആദ്യ റൗണ്ട് മല്‍സരങ്ങളില്‍ നിന്നും ഇഷാന്‍ പിന്‍മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഈ പിന്‍മാറ്റം റിഷഭിനു പ്ലസ് പോയിന്റുമായിരുന്നു. മികച്ച ഇന്നിങ്‌സുമായി ടെസ്റ്റ് ടീമിലേക്കു അവകാശവാദമുന്നയിക്കാനുള്ള സുവര്‍ണാവസരമാണ് അദ്ദേഹം ഇപ്പോള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ടെസ്റ്റ് ടീം എപ്പോള്‍?
ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ദുലീപ് ട്രോഫിയിലെ ആദ്യ റൗണ്ട് മല്‍സരങ്ങളിലെ പ്രകടനം കൂടി വിലയിരുത്തിയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുക്കുക.
എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയതോടെ റിഷഭിന്റെ കാര്യം കുഴപ്പത്തിലായിരിക്കുകയാണ്. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോളിലേക്കു ഇപ്പോഴും അദ്ദേഹം ഫേവറിറ്റാണെങ്കിലും യുവതാരം ധ്രുവ് ജുറേലിനെ കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കില്ല. കരുത്തരായ ഇംഗ്ലണ്ടുമായി അവസാനം കളിച്ച ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറിയ അദ്ദേഹം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.
കരിയറിലെ രണ്ടാം ടെസ്റ്റില്‍ തന്നെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ജുറേലിനെ തേടിയെത്തിയിരുന്നു. ദുലീപ് ട്രോഫിയില്‍ റിഷഭ് നിറം മങ്ങിയതോടെ ബംഗ്ലാദേശിനെതിരേ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ജുറേല്‍ കളിച്ചാലും ഇനി അദ്ഭുതപ്പെടാനില്ല.

സഞ്ജുവും ജുറേലും മതി
റിഷഭ് പന്ത് ബാറ്റിങില്‍ തുടരെ പരാജയമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ധ്രുവ് ജുറേലിനൊപ്പം വിക്കറ്റ് കീപ്പറായി സഞ്ജു സാംസണിനെയും ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തണമെന്ന ആവശ്യമാണ് ആരാധകരില്‍ നിന്നുമുയരുന്നത്.
റിഷഭ് പന്ത് വെറും ഫ്രോഡാണ്. ഒരിക്കലും അയാളെ ബാറ്റിങില്‍ വിശ്വസിക്കരുത്. ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ റോളിലേക്കു ഇന്ത്യക്കു ഏറ്റവും നല്ല ഓപ്ഷനുകള്‍ സഞ്ജു സാംസണും ധ്രുവ് ജുറേലുമാണ്. ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത സഞ്ജുവിനെ പരീക്ഷിച്ചു നോക്കാന്‍ ഏറ്റവും ഉചിതമായ സമയവും ഇതു തന്നെയാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
സഞ്ജുവിനെ എന്തിന് കളിയാക്കുന്നു?
കുഞ്ഞന്‍ ടീമുകളെ പ്രഹരിക്കുന്ന താരമെന്നാണ് സഞ്ജു സാംസണിനെ ശത്രുക്കള്‍ പരിഹസിക്കാറുള്ളത്. എന്നാല്‍ അവരുടെ ആരാധനാപാത്രമായ റിഷഭ് പന്ത് ആഭ്യന്തര ക്രിക്കറ്റില്‍ പോലും റണ്ണെടുക്കാന്‍ പാടുപെടുകയാണ്.
വലിയ അപകടത്തെ അതിജീവിച്ച് തിരിച്ചെത്തിയതിനാല്‍ വെറും അനുകമ്പയുടെ ക്വാട്ടയില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് റിഷഭ്. എല്ലാ ഫോര്‍മാറ്റുകളിലും അദ്ദേഹം സമ്പൂര്‍ണ പരാജയവുമാണ്. സഞ്ജുവിനെയും ധ്രുവ് ജുറേലിനെയും ഓവര്‍ടേക്ക് ചെയ്ത് ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു റിഷഭ് വരാന്‍ പാടില്ലെന്നും ആരാധകര്‍ ആവശ്യപ്പെടുകയാണ്.