ബെംഗളൂരു: ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ മോശം ഫോം തുടരുകയാണ്. പരിക്കില്‍ നിന്നും മുക്തനായി കളിക്കളത്തിലേക്കു മടങ്ങിയെത്തിയ ശേഷം റിഷഭിനു മികച്ചൊരു ഇന്നിങ്‌സ് പോലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാനായിട്ടില്ല. ഇപ്പോഴിതാ റെഡ് ബോള്‍ ക്രിക്കറ്റിലേക്കുള്ള താരത്തിന്റെ മടങ്ങിവരവും ദുരന്തത്തില്‍ കലാശിച്ചിരിക്കുകയാണ്.
ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബി ടീമിനു വേണ്ടി കളിച്ചാണ് റെഡ് ബോളിലേക്കു വലിയ ഇടവേളയ്ക്കു ശേഷം റിഷഭ് മടങ്ങിയെത്തിയത്. പക്ഷെ ഇന്ത്യ എയ്‌ക്കെതിരായ മല്‍സരത്തില്‍ ബാറ്റിങില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാതെ ക്രീസ് വിടുകയായിരുന്നു. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹം 10 ബോളില്‍ ഒരു ഫോറുള്‍പ്പെടെ ഏഴു റണ്‍സ് മാത്രമാണ് നേടിയത്.

മടങ്ങിവരവിനു ശേഷം സ്ഥിരമായി കണ്ടു കൊണ്ടിരിക്കുന്ന പതിവുപോലെയുള്ള തീര്‍ത്തും അലക്ഷ്യമായ കണ്ണുംപൂട്ടിയുള്ള അടി തന്നെയാണ് റിഷഭിനു വിക്കറ്റ് നഷ്ടമാക്കിയത്. പേസര്‍ ആകാശ് ദീപിന്റെ ബൗളിങില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് പിറകിലേക്ക് ഓടി കിടിലനൊരു ഡൈവിങ് ക്യാച്ചിലൂടെ റിഷഭിനെ മടക്കിയത്. ബാറ്റിങില്‍ ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായി മാറിയ റിഷഭിനെതിരേ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ഒരു ഫിഫ്റ്റി പോലുമില്ല
കാറപകടത്തിലേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്നു ഒരു വര്‍ഷത്തിലേറെ കളിക്കളത്തിനു പുറത്തായിരുന്ന റിഷഭ് പന്ത് ടി20 ലോകപ്പിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തിയത്. ഇതിനു ശേഷം വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ കളിച്ചിട്ടുള്ള 11 ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും നേടാന്‍ അദ്ദേഹത്തിനായിട്ടില്ല.
11 ഇന്നിങ്‌സുകളില്‍ ഒന്നില്‍ മാത്രമാണ് റിഷഭിനു 40ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായത്. ശ്രീലങ്കയുമായുള്ള മല്‍സരത്തില്‍ നേടിയ 49 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശേഷിച്ച 10 ഇന്നിങ്‌സുകളില്‍ 7, 6, 2, 0, 4, 15, 36, 20, 18, 42 എന്നിങ്ങങനെയാണ് താരത്തിന്റെ സ്‌കോറുകള്‍.
ബംഗ്ലാദേശുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര ഈ മാസം ആരംഭിക്കാനിരിക്കെ റിഷഭിന്റെ പ്രകടനം ഇന്ത്യന്‍ ടീമിനെ തീര്‍ച്ചയായും ആശങ്കയിലാക്കുന്നുണ്ട്. ദുലീപ് ട്രോഫിയിലൂടെ താരം താളം വീണ്ടെടുക്കുമെന്നായിരുന്നു കരുതിയത്. പക്ഷെ ആദ്യ മല്‍സരത്തില്‍ തന്നെ റിഷഭ് നിരാശപ്പെടുത്തിയിരിക്കുകയാണ്.
റിഷഭിനു പകരം ജുറേല്‍ മതി
ജീവിതവും കരിയറും അപകടത്തിലാക്കിയ ആ പരിക്കിനു ശേഷം റിഷഭ് പന്ത് ബാറ്റിങില്‍ വന്‍ ദുരന്തമായി മാറിയിരിക്കുകയാണ്. നേരത്തേ തന്റെ ഏറ്റവും ഫേവറിറ്റ് ഫോര്‍മാറ്റായിരുന്ന റെഡ് ബോള്‍ ക്രിക്കറ്റില്‍ പോലും അദ്ദേഹത്തിനു നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല. ഇതോടെ റിഷഭിന്റെ കരിയര്‍ പോലും ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.
നിലവിലെ ഫോമില്‍ ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹത്തെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാക്കുന്നത് വലിയ മണ്ടത്തരം തന്നെയായിരിക്കും. റിഷഭിന്റെ കരിയറിനെ പരിക്കിനു മുമ്പ്, പരിക്കിനു ശേഷം എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായി തിരിക്കാം.

ഇപ്പോഴത്തെ ഫോമില്‍ ടെസ്റ്റ് ഇലവനില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നത് മണ്ടത്തരമായിരിക്കും. പകരം ധ്രുവ് ജുറേലിനെയാണ് ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാക്കേണ്ടത്. നേരത്തേ ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്റ്റ് പരമ്പരയില്‍ ജുറേല്‍ ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയതെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
റിഷഭ് പന്ത് വെറും ഫ്രോഡ്
റിഷഭ് പന്ത് ടി20 ലോകകപ്പില്‍ തികഞ്ഞ പരാജയമായിരുന്നു. അതിനു ശേഷം ശ്രീലങ്കന്‍ പര്യടനത്തിനും നനഞ്ഞ പടക്കമായി മാറി. ഡല്‍ഹി പ്രീമിയര്‍ ലീഗിലും അദ്ദേഹത്തിനു കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.
ഇപ്പോഴിതാ ദുലീപ് ട്രോഫിയിലും റിഷഭ് ഫ്‌ളോപ്പായി മറിയിരിക്കുകയാണ്. അദ്ദേഹം വെറും ഫ്രോഡാണ്. എക്‌സ് ഫാക്ടറെന്നു പുകഴ്ത്തി റിഷഭിനെ ഇനിയും ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തരുതെന്നും ആരാധകര്‍ ആഞ്ഞടിക്കുകയാണ്.