ബെംഗളൂരു: ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബി ടീമിനെതിരായ പോരാട്ടത്തില്‍ ശുഭ്മന്‍ ഗില്‍ നയിച്ച ഇന്ത്യ എ ടീമിനു കിട്ടിയത് മുട്ടന്‍ പണി. ഇതിനു കാരണക്കാരനായതാവട്ടെ ഇന്ത്യയുടെ ഭാവി ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ധ്രുവ് ജുറേലുമാണ്. അദ്ദേഹം വരുത്തിയ വലിയൊരു പിഴവ് ഗില്ലിന്റെയും ടീമിന്റെയും കണക്കുകൂട്ടല്‍ പാടെ തെറ്റിക്കുകയും ചെയ്തു.
റിവ്യു എടുക്കുന്ന കാര്യത്തിലാണ് ജുറേല്‍ ടീമിനെയും ക്യാപ്റ്റന്‍ ഗില്ലിനെയും 'വഴി തെറ്റിച്ചത്'. വിക്കറ്റിനു പിന്നില്‍ അദ്ദേഹം കുറേക്കൂടി ശ്രദ്ധ പുലര്‍ത്തിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന അബദ്ധമാണിത്. ജുറേലിന്റെ പിഴവ് കാരണം വിലപ്പെട്ട ഒരു റിവ്യു ഇന്ത്യ എ ടീമിനു നഷ്ടമാവുകയു ചെയ്തു.

ആവേശിന്റെ ഓവറില്‍ സംഭവം
ഇന്ത്യ എ ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാന്‍ രണ്ടാംദിനത്തില്‍ എറിഞ്ഞ 84ാമത്തെ ഓവറിലായിരന്നു സംഭവം. സെഞ്ച്വറിയുമായ മുഷീര്‍ ഖാനും (109*) ഫാസ്റ്റ് ബൗളര്‍ നവദീപ് സെയ്‌നിയുമായിരുന്നു (29*) അപ്പോള്‍ ക്രീസില്‍.
ഈ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത് മുഷീറാണ്. ആദ്യത്തെ മൂന്നു ബോളിലും അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനായില്ല. നാലാമത്തേത് ലെങ്ത് ബോളായിരുന്നു. ഓഫ്സ്റ്റംപിനു പുറത്തേക്കുപോയ ബോളില്‍ മുഷീര്‍ അര്‍ധ മനസോടെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിന്റെ കൈകളിലേക്കു വരികയും ചെയ്തു.
ശക്തമായ അപ്പീല്‍
ക്യാച്ചെടുത്തതിനു പിന്നാലെ ധ്രുവ് ജുറേല്‍ വിക്കറ്റിനായി ശക്തമായി അപ്പീല്‍ ചെയ്യുന്നതാണ് കണ്ടത്. മുഷീര്‍ ഖാനെ ബോള്‍ കടന്നു പോയപ്പോഴുള്ള ചെറിയൊരു ശബ്ദമായിരുന്നു ഇതിനു കാരണം. എഡ്ജുണ്ടെന്നുറപ്പിച്ച ജുറേല്‍ അപ്പീല്‍ ചെയ്തതോടെ സ്ലിപ്പിലുണ്ടായിരുന്ന കെഎല്‍ രാഹുലുള്‍പ്പെടെുള്ളവരും അപ്പീല്‍ ചെയ്യുകയായിരുന്നു. വളരെ ആത്മവിശ്വാസത്തിലാണ് ജുറേല്‍ കാണപ്പെട്ടത്. ബൗളറായ ആവേശ് ഖാനും അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഇതു തള്ളുകയായിരുന്നു.
ഇതോടെ റിവ്യു എടുക്കണോ, വേണ്ടയോ എന്ന സംശയത്തിലായിരുന്നു നായകന്‍ ശുഭ്മന്‍ ഗില്‍. റിവ്യു എടുക്കാന്‍ അദ്ദേഹം ഒട്ടും തന്നെ താല്‍പ്പര്യം കാണിക്കുകയും ചെയ്തിരുന്നില്ല. എങ്കിലും ജുറേലിന്റെ അടുത്തേക്കു വന്ന ഗില്‍ അഭിപ്രായം തേടുകയായിരുന്നു. റിവ്യു എടുക്കാമെന്ന് തന്നെയാണ് ക്യാപ്റ്റനെ ജുറേല്‍ ധരിപ്പിച്ചത്. ഇതോടെ ടൈമര്‍ തീരുന്നതിനു തൊട്ടുമുമ്പ് ഗില്‍ റിവ്യു എടുക്കുകയും ചെയ്തു.
തീരുമാനം പിഴച്ചു
ധ്രുവ് ജുറേലിനെ വിശ്വസിച്ച് റിവ്യു എടുത്ത ശുഭ്മന്‍ ഗില്ലിന്റെ കണക്കുകൂട്ടല്‍ പിഴയ്ക്കുകയായിരുന്നു. റീപ്ലേ പരിശോധിച്ച തേര്‍ഡ് അംപയര്‍ അവരുടെ റിവ്യു തള്ളുകയും ചെയ്തു. റീപ്ലേയില്‍ ബാറ്റില്‍ ബോള്‍ എഡ്ജായിട്ടില്ലെന്നു വ്യക്തമാവുകയായിരുന്നു. മാത്രമല്ല മുഷീര്‍ ഖാന്റെ ബാറ്റ് പാഡില്‍ തട്ടിയതിന്റെ ശബ്ദമാണ് വന്നതെന്നും റീപ്ലേ തെളിയിക്കുകയായിരുന്നു.

ഇതോടെ കളിയിലെ രണ്ടാമത്തെയും അവസാനത്തെയും റിവ്യു കൂടി ഇന്ത്യ എ ടീമിനു നഷ്ടമാവുകയുമായിരുന്നു. വിക്കറ്റിനു പിന്നില്‍ നിലയുറപ്പിച്ചതിനാല്‍ തന്നെ ഈ ബോളിന്റെ ആംഗിള്‍ ഏറ്റവും നന്നായി മനസ്സിലാക്കാന്‍ സാധിക്കുന്നയാള്‍ ജുറേലായിരുന്നു. പക്ഷെ താരത്തിന്റെ ശ്രദ്ധക്കുറവ് കാരണം ടീമിനു നിര്‍ണായകമായ ഒരു റിവ്യു നഷ്ടമാവുകയും ചെയ്തു.
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ ബി ടീം 96 ഓവര്‍ കഴിഞ്ഞപ്പോള്‍ ഏഴു വിക്കറ്റിനു 260 റണ്‍സെടുത്തിട്ടുണ്ട്. എട്ടാം വിക്കറ്റില്‍ നേടിയ 166 റണ്‍സാണ് അവരെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. ഒരു സമയത്തു ഏഴിനു 94 റണ്‍സിലേക്കു ബി ടീം കൂപ്പുകുത്തിയിരുന്നു. എന്നാല്‍ മുഷീറിന്റെ സെഞ്ച്വറി ടീമിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.