അനന്ത്പൂര്‍: ദുലീപ് ട്രോഫിയില്‍ വീണ്ടുമൊരു തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ യുവതാരം റുതുരാജ് ഗെയ്ക്വാദിനെക്കുറിച്ച് ആരും തന്നെ മിണ്ടുന്നില്ലെന്നത് എന്തുകൊണ്ടാണെന്നാണ് ആരാധകരുടെ ചോദ്യം. ഇന്ത്യ സി ടീം ക്യാപ്റ്റനായ അദ്ദേഹം രണ്ടാം റൗണ്ടിലും ബാറ്റിങില്‍ മിന്നിച്ചിരുന്നു.
ഇന്ത്യ ബി ടീമുമായി സമനിലയില്‍ കലാശിച്ച മല്‍സരത്തില്‍ രണ്ടു ഫിഫ്റ്റി പ്ലസ് സ്കോറുകള്‍ റുതുരാജ് കുറിച്ചിട്ടും സോഷ്യല്‍ മീഡിയയില്‍ ഇതു വലിയ ചര്‍ച്ചയാവുന്നില്ല. ബാറ്റിങില്‍ മാത്രമല്ല ക്യാപ്റ്റന്‍സിയിലും കൈയടി നേടുന്ന പ്രകടനമാണ് റുതുരാജ് നടത്തിക്കൊണ്ടിരിക്കുന്നത്. ദുലീപ് ട്രോഫിയുടെ രണ്ടു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഓരോ ജയവും സമനിലയുമായി അദ്ദേഹത്തിന്റെ ടീമാണ് പോയിന്റ് പട്ടികയില്‍ തലപ്പതുള്ളത്.

നാലില്‍ രണ്ടിലും ഫിഫ്റ്റി
ദുലീപ് ട്രോഫിയില്‍ ഇത്തവണ രണ്ടു മല്‍സരങ്ങളിലായി നാലിന്നിങ്‌സുകളിലാണ് റുതുരാജ് ഗെയ്ക്വാദിനു കളിക്കാന്‍ അവസരം ലഭിച്ചത്. ഇതില്‍ രണ്ടിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ അദ്ദേഹം കുറിക്കുകയും ചെയ്തു. ഇന്ത്യ ഡിയുമായുള്ള ആദ്യ മല്‍സരത്തിലെ ഒന്നാമിന്നിങ്‌സില്‍ മാത്രമാണ് റുതുരാജ് നിരാശപ്പെടുത്തിയത്. അഞ്ചു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു.
എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ റണ്‍ചേസില്‍ റുതുരാജ് കസറി. 48 ബോളില്‍ എട്ടു ഫോറുകളടക്കം 46 റണ്‍സുമായി താരം ശക്തമായ തിരിച്ചുവരവ് നടത്തി. അതിനു ശേഷം ഇന്ത്യ ബിയുമായി സമനിലയില്‍ പിരിഞ്ഞ രണ്ടാമങ്കത്തിലും റുതുരാജ് മോശമാക്കിയില്ല. ആദ്യ ഇന്നിങ്‌സില്‍ തുടക്കത്തില്‍ തന്നെ പരിക്കേറ്റ് ക്രീസ് വിടേണ്ടി വന്നെങ്കിലും പിന്നീട് ക്രീസിലേക്കു തിരിച്ചെത്തി കിടിലന്‍ ബാറ്റിങ് കാഴ്ചവച്ചു.
58 റണ്‍സുമായാണ് റുതുരാജ് കൈയടി നേടിയത്. 74 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ടീം ടോട്ടല്‍ 500ന് മുകളിലെത്തിക്കുന്നതില്‍ റുതുരാജിന്റെ ഈ ഇന്നിങ്‌സും നിര്‍ണായകമായി മാറി. ആദ്യ ഇന്നിങ്‌സില്‍ നിര്‍ത്തിയ ഇടത്തു നിന്നാണ് അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ തുടങ്ങിയത്. ഒരിക്കല്‍ക്കൂടി അഗ്രസീവ് ഇന്നിങ്‌സിലൂടെ റുതുരാജ് ശ്രദ്ധിക്കപ്പെട്ടു. 93 ബോളില്‍ എട്ടു ഫോറും ഒരു സിക്‌സറുമടക്കം 62 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്.
എന്തു കൊണ്ട് തഴയുന്നു?
വൈറ്റ് ബോള്‍ ക്രിക്കറ്റിലും റെഡ് ബോള്‍ ക്രിക്കറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരുന്നിട്ടും റുതുരാജ് ഗെയ്ക്വാദിനു എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീമില്‍ നിന്നും തഴഞ്ഞുകൊണ്ടിരിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം.
ബംഗ്ലാദേശിനെതിരേ നടക്കാനിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ അടുത്തിടെ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെങ്കിലും റുതുരാജിനു അവസരം ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും നിര്‍ഭാഗ്യവാനായ താരങ്ങളിലൊരാളായാണ് റുതുരാജ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദേശീയ ടീമിനായി കളിക്കാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം മോശമല്ലാത്ത പ്രകടനങ്ങള്‍ നടത്തിയിട്ടും അദ്ദേഹത്തിനു തുടര്‍ച്ചയായി മല്‍സരങ്ങള്‍ ലഭിക്കാറില്ല.
റുതുരാജിനെ എപ്പോള്‍ കാണാം?
ഇന്ത്യന്‍ ടീമിനോടൊപ്പം റുതുരാജ് ഗെയ്ക്വാദിനെ ഉടന്‍ കാണാനിടയില്ല. ബംഗ്ലാദേശുമായുള്ള രണ്ടാം ടെസ്റ്റിലും അദ്ദേഹത്തെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. മാത്രമല്ല അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്നു ടി20കളുടെ പരമ്പരയിലും റുതുരാജിനെ ഉള്‍പ്പെടുത്തുന്ന കാര്യം സംശയമാണ്.
നവംബറിലെ സൗത്താഫ്രിക്കന്‍ പര്യടനത്തിലാണ് അദ്ദേഹത്തിനു ഇനി ദേശീയ ടീമിലേക്കു നറുക്കുവീണേക്കുക. കാരണം ഇതേ മാസമാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം നേരത്തേ ഓസ്‌ട്രേലിയയിലേക്കു തിരിക്കുകയും ചെയ്യും.
അതിനാല്‍ ടെസ്റ്റ് പരമ്പരയുടെ ഭാഗമാവാന്‍ സാധ്യതയുള്ളവരെ സൗത്താഫ്രിക്കയില്‍ നടക്കുന്ന നാലു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല. ഇതു റുതുരാജുള്‍പ്പെടെയുള്ളവര്‍ക്കു ദേശീയ ടീമിലേക്കു വഴി തുറക്കുകയും ചെയ്യും.