സഞ്ജുവിന്റെ വരവ് ചുമ്മാ വന്നു പോവാനല്ല... ഒരു സ്വപ്‌നമുണ്ട്, വെളിപ്പെടുത്തി കേരള ഹീറോ
തിരുവനന്തപുരം: ലോകമെമ്പാടമുള്ള മലയാളി ആരാധകരുടെ പ്രാര്‍ഥനകള്‍ യാഥാര്‍ഥ്യമാക്കിയാണ് കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ബംഗ്ലാദേശിനെതിരേ നവംബറില്‍ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുള്‍പ്പെട്ട ടി20 പരമ്പരയിലാണ് സഞ്ജുവിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. താരത്തെ സംബന്ധിച്ചിടത്തോളം ഈ വിളി അപ്രതീക്ഷിതല്ല.
വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനു വേണ്ടി ഡബിള്‍ സെഞ്ച്വറിയുമായി റെക്കോര്‍ഡിട്ടപ്പോള്‍ തന്നെ സഞ്ജു സെലക്ടര്‍മാരുടെ നോട്ടപ്പുള്ളിയായിരുന്നു. ഇതോടെയാണ് യുവതാരം റിഷഭ് പന്തിനെക്കൂടാതെ ടീമിലെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെയും സെലക്ഷന്‍ കമ്മിറ്റി ടീമിലുള്‍പ്പെടുത്തിയത്. 2015നു ശേഷം ആദ്യമായാണ് താരം ടീമിന്റെ ഭാഗമായത്. കരിയറില്‍ രണ്ടാം തവണയും ഇന്ത്യന്‍ കുപ്പായമണിയാന്‍ ഭാഗ്യം ലഭിച്ചതോടെ തന്റെ സ്വപ്‌നത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു.

ലോകകപ്പ് നേടണം
ഇന്ത്യക്കു വേണ്ടി ലോകകപ്പില്‍ കളിക്കണമെന്നും ടീമിന് കിരീടം നേടിക്കൊടുക്കണമെന്നതുമാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നു 24 കാരനായ സഞ്ജു പറയുന്നു. ഈ സ്വപ്‌നം ഏതു വര്‍ഷമാവും യാഥാര്‍ഥ്യമാവുകയെന്നു പറയാന്‍ കഴിയില്ല. എന്നാല്‍ ഇതു യാഥാര്‍ഥ്യമാക്കുന്നതിനായി കഠിനാധ്വാനം നടത്തുമെന്നും താരം വ്യക്തമാക്കി.
ആഭ്യന്തര ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റിലുമെല്ലാം നടത്തിക്കൊണ്ടിരിക്കുന്ന സ്ഥിരതയാര്‍ന്ന പ്രകടനം ഇനി സീനിയര്‍ ടീമിനൊപ്പവും ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് സഞ്ജു.

ഇപ്പോള്‍ കൂടുതലറിയാം
2015ല്‍ ആദ്യമായി ഇന്ത്യക്കു വേണ്ടി കളിച്ച സഞ്ജുവല്ല ഇപ്പോള്‍ താനെന്നു താരം പറഞ്ഞു. സ്വന്തം കളിയെക്കുറിച്ച് ഇപ്പോള്‍ നല്ല ധാരണയുണ്ട്. എതിര്‍ ടീം കളിക്കളത്തില്‍ എന്താണ് ചിന്തിക്കുന്നതെന്ന് ഇപ്പോള്‍ ഏറെക്കുറെ ഊഹിച്ചെടുക്കാന്‍ കഴിയും. നിരവധി മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്താണ് ഇതിനു സഹായിക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ സമ്മര്‍ദ്ദമില്ലാതെ വളരെ ശാന്തനായി ഗ്രൗണ്ടിലിറങ്ങാന്‍ തനിക്കാവും. ഒരു ക്രിക്കറ്ററെന്ന നിലയില്‍ മാത്രമല്ല വ്യക്തിയെന്ന നിലയിലും താന്‍ ഏറെ വളര്‍ന്നതായും സഞ്ജു കൂട്ടിച്ചേര്‍ത്തു.

കഠിനാധ്വാനം നടത്തി
ലോകത്തിലെ ഏറ്റവും മികച്ച ടീം കൂടിയായ ഇന്ത്യയുടെ ഭാഗമാവാന്‍കഠിനാധ്വാനമാണ് ഇത്രയും കാലം നടത്തിയതെന്നു സഞ്ജു വ്യക്തമാക്കി. ഇപ്പോള്‍ വീണ്ടും ടീമിന്റെ ഭാഗമായപ്പോള്‍ വളരെയധികം സന്തോഷവും ആവേശവവും തോന്നുന്നു. ഈയൊരു നിമിഷത്തിനായി വലിയ പരിശ്രമം തന്നെ നടത്തിയിരുന്നു.ടീം എന്തു റോള്‍ നല്‍കിയാലും അത് സന്തോഷത്തോടെ ഏറ്റെടുക്കാന്‍ തയ്യാറാണ്. മുന്‍നിരയിലോ, മധ്യനിരയോ എവിടെ ബാറ്റ് ചെയ്യാനും താന്‍ ഒരുക്കണമാണെന്നും സഞ്ജു പറഞ്ഞു.

വളരെയധികം പഠിച്ചു
19ാം വയസ്സിലാണ് സഞ്ജുആദ്യമായി ഇന്ത്യക്കു വേണ്ടി കളിക്കുന്നത്. 2015ല്‍ ഇന്ത്യയുടെ രണ്ടാംനിര ടീം സിംബാബ്‌വെ പര്യടനം നടത്തിയപ്പോഴായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഈ പരമ്പരയ്ക്കു ശേഷം താരത്തിനു ടീമില്‍ സ്ഥാനം നഷ്മാവുകയായിരുന്നു.
തന്റെ കരിയര്‍ ഒരിക്കലും എളുപ്പമായിരുന്നില്ല. വളരെ സുരക്ഷിതവും എളുപ്പവുമായ കരിയര്‍ ആയിരുന്നെങ്കില്‍ കൂടുതല്‍ പഠിക്കാന്‍ തനിക്കാവില്ലായിരുന്നു. കഴിഞ്ഞ നാലഞ്ച് വര്‍ഷം കൊണ്ട് പലതും പഠിക്കാന്‍ കഴിഞ്ഞു. പല തവണ കാലിടറി വീണാല്‍ മാത്രമേ എങ്ങനെ ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്നും വിജയിക്കണമെന്നും പഠിക്കാന്‍ സാധിക്കുകയുള്ളൂ. ജീവിതത്തില്‍ പല തവണ പരാജയങ്ങള്‍ നേരിട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അവയെ അതിജീവിക്കേണ്ടത് എങ്ങനെയെന്നറിയാം. ഇതു വലിയൊരു അനുഗ്രഹം തന്നെയാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്നു
2018ലെ ഐപിഎല്ലിനു ശേഷം ഇന്ത്യന്‍ എ ടീമില്‍ നിന്നു സഞ്ജു ഒഴിവാക്കപ്പെട്ടിരുന്നു. ബിസിസിഐയുടെ ഫിറ്റ്‌നസ് പരീക്ഷയായ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.
കഴിഞ്ഞ രണ്ട്, മൂന്നു വര്‍ഷങ്ങളായി സ്വന്തം ഫിറ്റ്‌നസിനെ ഒരു മതം പോലെയാണ് താന്‍ പിന്തുടരുന്നത്. ഫിസിയോമാര്‍, പരിശീലകര്‍ എന്നിവരുമായി സംസാരിക്കുമ്പോള്‍ പല വ്യത്യസ്തമായ ഐഡിയകളും ലഭിക്കും. അവര്‍ തരുന്ന ഷെഡ്യൂള്‍ ഫോളോ ചെയ്യുകയേ വേണ്ടതുള്ളൂ.അതിനു ശേഷം യോ യോ ടെസ്‌റ്റെന്നത് തന്നെ സംബന്ധിച്ച് വളരെ എളുപ്പമായി മാറിയതായും താരം വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications