IPL 2021: ആറു വര്‍ഷം മുമ്പ് ഇവിടെ കരിയര്‍ തുടങ്ങി, ഇതു സ്വപ്‌നസാഫല്യമെന്ന് റിഷഭ് പന്ത്
ഐപിഎല്ലിന്റെ 14ാം സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. കരിയര്‍ തുടങ്ങിയ അതേ ടീമിനെ ഐപിഎല്ലില്‍ നയിക്കാന്‍ ലഭിച്ചത് സ്വപ്‌നസാഫല്യമായാണു കരുതുന്നതെന്നു താരം പ്രതികരിച്ചു.
പരിക്കു കാരണം പുതിയ സീസണ്‍ നഷ്ടമായ ശ്രേയസ് അയ്യര്‍ക്കു പകരമാണ് പന്തിനെ നായകസ്ഥാനമേല്‍പ്പിച്ചത്. ആര്‍ അശ്വിന്‍, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് എന്നിവരുടെ പേരുകളും ഡിസിയുടെ നായകസ്ഥാനത്തേക്കു ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ പന്തിനെ ദൗത്യമേല്‍പ്പിക്കാന്‍ ഡിസി ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

ക്യാപ്റ്റനാവുന്നത് സ്വപ്‌നം കണ്ടു
ഡല്‍ഹിയിലാണ് ഞാന്‍ വളര്‍ന്നത്, ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ തന്നെയാണ് ഞാന്‍ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. ഈ ടീമിനനെ ഒരു ദിവസം നയിക്കണമെന്നത് ഞാന്‍ എല്ലായ്‌പ്പോഴും സ്വപ്‌നം കണ്ടിരുന്ന കാര്യമാണ്. ഇന്നു ഈ സ്വപ്‌നം യാഥാര്‍ഥ്യമായപ്പോള്‍ ഏറെ വിനയം തോന്നുന്നു. ഈ റോളിലേക്കു ഞാന്‍ യോഗ്യനാണെന്ന് വിശ്വസിക്കുകയും പരിഗണിക്കുകയും ചെയ്ത ടീമുടകളോടു നന്ദിയുണ്ട്. മികച്ച കോച്ചിങ് സംഘഘവും സമര്‍ഥരായ സീനിയര്‍ താരങ്ങളും ഡിസിയില്‍ എനിക്കു ചുറ്റുമുണ്ട്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി ഏറ്റവും മികച്ചത് നല്‍കാന്‍ തനിക്കു കാത്തിരിക്കാനാവില്ലെന്നും പന്ത് പ്രതികരിച്ചു.

സംയുക്തമായെടുത്ത തീരുമാനം
റിഷഭ് പന്തിനെ പുതിയ സീസണില്‍ ക്യാപ്റ്റനാക്കാമെന്നത് തങ്ങള്‍ സംയുക്തമായെടുത്ത തീരുമാനമാണെന്നു ഡിസി ചെയര്‍മാനും സഹ ഉടമയുമായ കിരണ്‍ കുമാര്‍ ഗ്രാന്ധി വ്യക്തമാക്കി. ശ്രേയസ് അയ്യര്‍ക്കു എത്രയും വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കാനാവാട്ടെയെന്നു ആശംസിക്കുകയാണ്.
ശ്രേയസിനു കീഴില്‍ പുതിയ ഉയരങ്ങളിലെത്താന്‍ സിഡിക്കു കഴിഞ്ഞു. അദ്ദേഹത്തിന്റെ സേവനം ടീം തീര്‍ച്ചയായും മിസ്സ് ചെയ്യും. ശ്രേയസിന്റെ അഭാവത്തില്‍ പന്തിനു ക്യാപ്റ്റന്‍സി നല്‍കാമെന്നത് ഞങ്ങള്‍ സംയുക്തമായി തീരുമാനിച്ചതാണ്. കൂടുതല്‍ വളരാന്‍ പന്തിനു ലഭിച്ച മഹത്തായ അവസരമാണിത്. പുതിയ റോളില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുകയാണെന്നും കിരണ്‍ കുമാര്‍ വ്യക്തമാക്കി.

നിര്‍ഭയ ശൈലി
ശ്രേയസിന്റെ ക്യാപ്റ്റന്‍സിയും ബാറ്റിങും ഡിസിക്കു പുതിയ സീസണില്‍ മിസ്സ് ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. വേഗത്തില്‍ അദ്ദേഹത്തിനു കളിക്കളത്തില്‍ തിരിച്ചെത്താനാവട്ടെയെന്നു ആശംസിക്കുകയാണെന്നു ടീമിന്റെ സഹഉടമയായമ പാര്‍ഥ് ജിന്‍ഡല്‍ പറഞ്ഞു. വളരെ ആവേശഭരിതമായ, നിര്‍ഭയമായ ശൈലിയിലുള്ള ക്രിക്കറ്റ് കളിക്കുന്നവരാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. റിഷഭ് പന്തിന്റെ ശൈലിയും ഇതു തന്നെയാണ്. ക്രിക്കറ്ററെന്ന നിലയില്‍ പന്തിന്റെ വളര്‍ച്ചയില്‍ ഡിസി സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഡിസി ടീമിന്റെ വളര്‍ച്ചയിലും പന്തിന്റെ റോള്‍ വലുതാണ്. റിഷഭിനും ടീമിനും വിജയാശംസകള്‍ നേരുന്നതായും ജിന്‍ഡല്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications