സച്ചിന്‍ 194ല്‍ നില്‍ക്കെ ഡിക്ലയര്‍ ചെയ്തു, ദ്രാവിഡിനെതിരേ യുവരാജ്!
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് എക്കാലവും ഓര്‍മിക്കപ്പെടുന്ന ദിവസങ്ങളിലൊന്നാണ് 2009 മാര്‍ച്ച് 29. കാരണം അന്നായിരുന്നു മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി കുറിച്ച ആദ്യത്തെ ഇന്ത്യന്‍ താരമായി മാറിയത്. ചിരവൈരികളായ പാകിസ്താനുമായി മുള്‍ത്താനില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇത്. ഇന്ത്യക്കു വേണ്ടി ആദ്യ ഇന്നിങ്‌സിലായിരുന്നു വീരു 309 റണ്‍സ് അടിച്ചെടുത്തത്.

ഈ ടെസ്റ്റില്‍ സെവാഗിന്റെ ട്രിപ്പിള്‍ സെഞ്ച്വറി പോലെ പ്രധാനപ്പെട്ട മറ്റൊരു മുഹൂര്‍ത്തമായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഡബിള്‍ സെഞ്ച്വറി നഷ്ടം. സച്ചിന്‍ 194 റണ്‍സെടുത്തു നില്‍ക്കവെ അന്നത്തെ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ഡിക്ലര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരേ അന്നു വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അന്നു ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന യുവരാജ് സിങ്. ദ്രാവിഡിന്റെ അന്നത്തെ തീരുമാനത്തോടു തനിക്കു യോജിപ്പില്ലെന്നാണ് യുവ തുറന്നു പറഞ്ഞിരിക്കുന്നത്.

ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം ക്രീസിലുണ്ടായിരുന്നത് യുവരാജ് സിങായിരുന്നു. ഓവറുകളുടെ ബ്രേക്കിനിടെയാണ് ഞങ്ങള്‍ക്കു ഡിക്ലയറേഷനെക്കുറിച്ചുള്ള സന്ദേശം ലഭിക്കുന്നത്. കുറേക്കൂടി വേഗതയില്‍ ബാറ്റ് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. നമ്മള്‍ ഡിക്ലയര്‍ ചെയ്യാന്‍ പോവുകയാണെന്നും ഞങ്ങളെ അറിയിച്ചു. സ്‌പോര്‍ട്‌സ് 18ന്റെ ഹോം ഓഫ് ഹീറോസെന്ന ഷോയില്‍ സംസാരിക്കവെയാണ് യുവരാജ് സിങ് അന്നത്തെ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

യുവരാജ് സിങ് കന്നി ടെസ്റ്റ് ഫിഫ്റ്റി തികച്ചതിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ഡിക്ലയറേഷന്‍ പ്രഖ്യാപിക്കുകയായിരുന്നു. 66 ബോളില്‍ 59 റണ്‍സെടുത്ത യുവിയെ ഇമ്രാന്‍ ഫര്‍ഹത് സ്വന്തം ബൗളിങില്‍ പിടികൂടുകയായിരുന്നു. യുവിയുടെ പുറത്താവലിനു പിന്നാലെ ഇന്ത്യ ഡിക്ലയര്‍ ചെയ്തപ്പോള്‍ ക്രീസിന്റെ മറുവശത്ത് 194 റണ്‍സോടെ സച്ചിനുണ്ടായിരുന്നു.

മറ്റൊരു ഓവറില്‍ സച്ചിന്‍ ആറു റണ്‍സ് നേടി ഡബിള്‍ സെഞ്ച്വറി തികയ്ക്കുമായിരുന്നു. ഡിക്ലയറേഷനു ശേഷം ഞങ്ങള്‍ അന്നു 8-10 ഓവറുകളെങ്കിലും ബൗള്‍ ചെയ്തു. ഒരു രണ്ടോവര്‍ കൂടി നമ്മള്‍ അന്നു ബാറ്റ് ചെയ്തിരുന്നെങ്കില്‍ അതു ടെസ്റ്റ് മല്‍സരത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടാക്കുമായിരുന്നുവെന്ന് താന്‍ കരുതുന്നില്ലെന്നും യുവരാജ് സിങ് വ്യക്തമാക്കി. ഡബിള്‍ സെഞ്ച്വറി മിസ്സായപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നിരാശ വളരെ അടുത്തു നിന്നു ആദ്യം വീക്ഷിച്ചിട്ടുള്ളയാള്‍ കൂടിയാണ് യുവി.

അങ്ങനെയൊരു ഡിക്ലയറേഷന്‍ ഒരു ടെസ്റ്റിന്റെ മൂന്നാമത്തെയോ, നാലാമത്തെയോ ദിവസമായിരുന്നെങ്കില്‍ നിങ്ങള്‍ ടീമിനാണ് പ്രഥമ പരിഗണന നല്‍കി ഡിക്ലയര്‍ ചെയ്യാം. അഭിപ്രായങ്ങളില്‍ വ്യത്യാസമുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 200 റണ്‍സെടുത്ത ശേഷം ടീമിനു ഡിക്ലയര്‍ ചെയ്താല്‍ മതിയായിരുന്നുവെന്നാണ് താന്‍ ഇപ്പോഴും കരുതുന്നതെന്നും രാഹുല്‍ ദ്രാവിഡിനെ പേരെടുത്തു വിമര്‍ശിക്കാതെ യുവരാജ് സിങ് തുറന്നടിച്ചു.

ഈ ടെസ്റ്റില്‍ പാകിസ്താനെതിരേ ഇന്ത്യന്‍ ടീം ഉജ്ജ്വല വിജയം സ്വന്തമാക്കിയിരുന്നു. ഇന്നിങ്‌സിനും 50 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ലാഹോറില്‍ നടന്ന തൊട്ടടുത്ത ടെസ്റ്റില്‍ യുവരാജ് സിങ് കന്നി സെഞ്ച്വറി നേടിയിരുന്നു. മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ 57.50 ശരാശരിയില്‍ 200ന് മുകളില്‍ റണ്‍സ് താരം അടിച്ചെടുക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications