ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അവസരത്തിനായി കാത്തിരിക്കുന്ന താരങ്ങള്‍ നിരവധിയായതിനാല്‍ അസാമാന്യ പ്രകടനം കാഴ്ചവെക്കാതെ ഇന്ത്യന്‍ ടീമിലേക്കെത്തുക പ്രയാസമാണ്. ഇന്ത്യന്‍ ടീമിന്റെ ചരിത്രം പരിശോധിച്ചാല്‍ എക്കാലത്തും മികച്ച താരനിരയെ കാണാനാവും. ഓരോ വര്‍ഷവും ഇന്ത്യന്‍ ടീമിലേക്കെത്തുന്ന താരങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും മികച്ച കരിയര്‍ സൃഷ്ടിക്കുന്നവര്‍ കുറവാണെന്ന് തന്നെ പറയാം.
സ്ഥിരതയോടെ കളിക്കാനാവാത്ത പക്ഷം ഇന്ത്യന്‍ ടീമില്‍ സീറ്റുണ്ടാവില്ല. അവസരത്തിനായി യുവതാരങ്ങള്‍ പ്രതിഭകാട്ടി കാത്തുനില്‍ക്കുമ്പോള്‍ സീറ്റുറപ്പിക്കുക ദുഷ്‌കരം. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം സൂപ്പര്‍ താരമാവുമെന്ന് കരുതിയ ചില താരങ്ങള്‍ അരങ്ങേറ്റത്തിന് ശേഷം പ്രതീക്ഷക്കൊത്ത് ഉയരാതെ കരിയറില്‍ പിന്നോട്ട് പോയത് ചരിത്രം പരിശോധിച്ചാല്‍ കാണാനാവും. ഇത്തരത്തില്‍ വലിയ പ്രതീക്ഷ നല്‍കി അരങ്ങേറുകയും വിലയിരുത്തപ്പെട്ട നിലയിലേക്ക് ഉയരാന്‍ സാധിക്കാതെ പോവുകയും ചെയ്ത അഞ്ച് ഇന്ത്യക്കാരിതാ.
രോഹന്‍ ഗവാസ്‌കറാണ് ഈ പട്ടികയിലെ ഒന്നാമന്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസം സുനില്‍ ഗവാസ്‌കറുടെ മകനെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയെത്തിയ താരമാണ് രോഹന്‍ ഗവാസ്‌കര്‍. എന്നാല്‍ അച്ഛന്റെ പേരുകളയുന്ന പ്രകടനമാണ് നടത്തിയത്. ആഭ്യന്തര ക്രിക്കറ്റിലെ മികവ് പരിഗണിച്ചാണ് രോഹന് ദേശീയ ടീമിലേക്കുള്ള വിളിയെത്തിയത്. 2003-2004ലെ വിബി സീരിസില്‍ ഓസ്‌ട്രേലിയക്കെതിരേ രോഹന്‍ ഗവാസ്‌കറിന് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്നു.
മുഹമ്മദ് കൈഫിന്റെ പകരക്കാരനായായിരുന്നു അവസരം. പക്ഷെ മികവുകാട്ടിയില്ല. 2005ല്‍ പാകിസ്താനെതിരേയും പരിഗണിക്കപ്പെട്ടെങ്കിലും തിളങ്ങാനായില്ല. ഇതോടെ താരത്തിന്റെ ചൂട്ടുകീറി. ഇന്ത്യക്കായി 11 ഏകദിനം കളിച്ച് 151 റണ്‍സാണ് രോഹന്‍ നേടിയത്. 18.87 മാത്രമായിരുന്നു ശരാശരി. 2009ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായ താരത്തിന് അവിടെയും മികവുകാട്ടാനായില്ല. 2012ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച രോഹന്‍ നിലവില്‍ കമന്റേറ്ററാണ്.

ദിനേഷ് മോംഗിയയെന്ന പേര് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവാത്തതാണ്. സൗരവ് ഗാംഗുലിയെന്ന ക്യാപ്റ്റന് കീഴില്‍ ഇന്ത്യയുടെ മധ്യനിരയില്‍ കളിച്ചിരുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ വലിയ പ്രതീക്ഷയാണ് നല്‍കിയത്. ഇന്ത്യക്കായി രണ്ട് ലോകകപ്പുകള്‍ കളിച്ച ദിനേഷ് മോംഗിയക്ക് വിലയിരുത്തപ്പെട്ട നിലവാരം കാട്ടാനായില്ല. സിംബാബ്‌വെക്കെതിരേ 159 റണ്‍സ് നേടിയതാണ് മോംഗിയയുടെ മറക്കാനാവാത്ത പ്രകടനം.
2005ല്‍ മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തുപോയ താരത്തിന് അനുമതിയില്ലാതെ ലീഗ് ക്രിക്കറ്റ് കളിച്ചതിന് ബിസിസിഐ വിലക്കും ഏര്‍പ്പെടുത്തി. പിന്നീടൊരു തിരിച്ചുവരവ് നടത്താന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി. ഇന്ത്യക്കായി 57 ഏകദിനത്തില്‍ നിന്ന് 1230 റണ്‍സും 14 വിക്കറ്റും 1 ടി20യില്‍ നിന്ന് 38 റണ്‍സുമാണ് മോംഗിയയുടെ സമ്പാദ്യം.
വേണുഗോപാല്‍ റാവുവാണ് മറ്റൊരു താരം. ആന്ധ്രാപ്രദേശിനായി മികച്ച പ്രകടനം കാഴ്ചവെച്ചെത്തിയ വേണുഗോപാല്‍ ഇന്ത്യക്കായി അരങ്ങേറിയ ശേഷം തീര്‍ത്തും നിറം മങ്ങി. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 16 ഏകദിനത്തില്‍ നിന്ന് 218 റണ്‍സാണ് വേണുഗോപാല്‍ ആകെ നേടിയത്. ഒരു അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഒറ്റ വര്‍ഷംകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിലെ താരത്തിന്റെ സ്ഥാനം തെറിച്ചു. 65 ഐപിഎല്ലില്‍ നിന്ന് 985 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.
അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങ്ങും സ്പിന്‍ ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന സമയത്താണ് മുരളി കാര്‍ത്തിക് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. കഴുത്തില്‍ മുറുകിക്കിടക്കുന്ന ചരടുമിട്ട് ഇടം കൈയന്‍ സ്പിന്നറായെത്തിയ മുരളി വലിയ കരിയര്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. 8 ടെസ്റ്റില്‍ നിന്ന് 24 വിക്കറ്റും 37 ഏകദിനത്തില്‍ നിന്ന് 37 വിക്കറ്റും വീഴ്ത്തി മുരളിയുടെ കരിയര്‍ അവസാനിച്ചു. 2000ല്‍ അരങ്ങേറ്റം കുറിച്ച താരത്തിന്റെ കരിയറിന് 2007ല്‍ ഷട്ടര്‍ വീണു.
2007ലെ ടി20 ലോകകപ്പ് കണ്ടിട്ടുള്ളവരാരും ജോഗീന്ദര്‍ ശര്‍മയെന്ന പേര് മറക്കില്ല. പാകിസ്താനെതിരായ ഫൈനലില്‍ അവസാന ഓവര്‍ എറിഞ്ഞ് ഇന്ത്യക്ക് ജയം നേടിക്കൊടുത്തത് ജോഗീന്ദര്‍ ശര്‍മയാണ്. ഇന്ത്യക്കായി ഇനിയും ഏറെക്കാലം കളിക്കുമെന്ന് തോന്നിപ്പിച്ച താരമാണെങ്കിലും വന്നതിലും വേഗത്തില്‍ താരത്തിന്റെ കരിയര്‍ അവസാനിച്ചു. 4 ഏകദിനത്തില്‍ നിന്ന് ഒരു വിക്കറ്റും 4 ടി20യില്‍ നിന്ന് 4 വിക്കറ്റുമാണ് താരം വീഴ്ത്തിയത്. 2004ല്‍ അരങ്ങേറി 2007 ആയപ്പോഴേക്കും ജോഗീന്ദര്‍ കളമൊഴിഞ്ഞു.