മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസങ്ങളാണ് എംഎസ് ധോണിയും സച്ചിന്‍ ടെണ്ടുല്‍ക്കറും. കളിച്ചിരുന്ന കാലഘട്ടത്തിലെ എതിരാളികളെപ്പോലും ആരാധകനാക്കിയ ബാറ്റ്‌സ്മാനാണ് സച്ചിന്‍. തൊട്ടതെല്ലാം പൊന്നാക്കുന്ന സച്ചിന്‍ വിരമിച്ച ശേഷവും ആരാധക മനസിലെ രാജകീയ സിംഹാസനത്തില്‍ ഇരിക്കുന്നു. ധോണി ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച നായകനാണ്. മൂന്ന് ഐസിസി കിരീടം ഇന്ത്യക്ക് നേടിക്കൊടുത്ത നായകനാണ് അദ്ദേഹം.
എംഎസ് ധോണിയെ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിക്കുന്നതിന് പിന്നില്‍ സച്ചിന്റെ ഇടപെടലുണ്ടായിരുന്നു. ധോണിയുടെ നായക മികവ് തിരിച്ചറിഞ്ഞ് നായകസ്ഥാനത്തേക്ക് നിര്‍ദേശിച്ചത് സച്ചിനായിരുന്നു. എന്നാല്‍ കരിയറിന്റെ ആദ്യ സമയത്ത് സച്ചിനൊപ്പമുണ്ടായിരുന്ന സീറ്റ് ധോണി മാറ്റി നല്‍കാന്‍ ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായി. ഇതിന്റെ കാരണത്തെക്കുറിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായി. ഇത് എന്താണെന്ന് അറിയാം.
ധോണിക്ക് എനിക്കൊപ്പമിരിക്കാന്‍ മടിയായിരുന്നു
പലപ്പോഴും ടീം ബസിലും വിമാന യാത്രയിലും ധോണിക്ക് സീറ്റ് ലഭിച്ചിരുന്നത് എനിക്കൊപ്പമായിരുന്നു. എന്നാല്‍ അവന്‍ ഈ സീറ്റിലേക്ക് മറ്റാരെയെങ്കിലും ഇരുത്തി എനിക്കൊപ്പം ഇരിക്കുന്ന സാഹചര്യം ഒഴിവാക്കുമായിരുന്നു. മറ്റ് താരങ്ങള്‍ പറഞ്ഞാണ് ഞാന്‍ ഇത് അറിയുന്നത്. അതിന്റെ കാരണം ഞാന്‍ ചോദിച്ചപ്പോള്‍ നാണവും മടിയുമായിരുന്നുവെന്നാണ് അവന്‍ പറഞ്ഞത്. കരിയറിന്റെ തുടക്ക സമയത്തായിരുന്നു ഇത്. എന്നാല്‍ പിന്നീട് ഇത് മാറി. ഞാനുമായി ഏറെ നേരം അവന്‍ സംസാരിക്കുമായിരുന്നു- സച്ചിന്‍ പറഞ്ഞു.
സച്ചിന്‍ ടെണ്ടുല്‍ക്കറെ ഇതിഹാസമെന്ന നിലയിലാണ് എല്ലാവരും പരിഗണിച്ചിരുന്നത്. ഇതിന്റെ സ്‌നേഹവും ബഹുമാനവും സച്ചിന് എല്ലാവരും നല്‍കിയിരുന്നു. തുടക്കക്കാരനെന്ന നിലയില്‍ സച്ചിനോട് ഇത്തരമൊരു ആദരവും ബഹുമാനവും ധോണിക്കുണ്ടായിരുന്നു. ഇതാണ് ഒരുമിച്ചിരിക്കാന്‍ ധോണി മടി കാട്ടാനുള്ള കാരണം. പിന്നീട് സച്ചിനോടൊപ്പം ആരാധക പിന്തുണയുള്ള താരമായി ധോണി വളരുകയും സച്ചിന്‍ ധോണിക്ക് കീഴില്‍ കളിക്കുകയും ചെയ്തു.

ബംഗ്ലാദേശില്‍ വെച്ചാണ് ആദ്യം കാണുന്നത്
ധോണിയെ ആദ്യമായി കണ്ട സാഹചര്യത്തെക്കുറിച്ചും സച്ചിന്‍ വെളിപ്പെടുത്തി. 'ബംഗ്ലാദേശില്‍ വെച്ചാണ് ആദ്യമായി ധോണിയെ കാണുന്നത്. ഒരു മത്സരത്തില്‍ അവന്‍ രണ്ടോ മൂന്നോ വലിയ ഷോട്ടുകള്‍ കളിക്കുകയുണ്ടായി. അവന്റെ ബാറ്റില്‍ നിന്ന് കേട്ട ശബ്ദം വ്യത്യസ്തമായിരുന്നു. ഞാനത് സൗരവ് ഗാംഗുലിയോട് പറയുകയും ചെയ്തു. അവന്‍ ഷോട്ട് പായിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദം വ്യത്യസ്തമാണ് ഞാന്‍ ഗാംഗുലിയോട് പറയുകയുണ്ടായി.
വലിയ ഷോട്ടുകള്‍ കളിക്കുന്നവര്‍ അല്‍പ്പം കൂടി പവര്‍ നല്‍കും. കൂടുതല്‍ ദൂരം പന്ത് പോകാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നത്. ആ ഷോട്ടുകള്‍ അവന്റെ പ്രതിഭ മനസിലാക്കിത്തന്നു' സച്ചിന്‍ പറഞ്ഞു. ധോണിയെ നായകനാക്കി നിര്‍ദേശിക്കാനുള്ള കാരണവും സച്ചിന്‍ വെളിപ്പെടുത്തിയിരുന്നു. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യവെ ധോണിയുടെ ക്രിക്കറ്റിനെക്കുറിച്ചുള്ള വീക്ഷണം അത്ഭുതപ്പെടുത്തി. ഇവന് നായകനായി ഭാവിയുണ്ടെന്ന് അങ്ങനെയാണ് തിരിച്ചറിഞ്ഞതെന്നാണ് സച്ചിന്‍ പറഞ്ഞത്.
സച്ചിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല
ധോണിയെ നായകനായി നിര്‍ദേശിച്ച സച്ചിന്റെ തീരുമാനം തെറ്റിയില്ല. ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകനായിത്തന്നെ ധോണി മാറി. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചാണ് ധോണി തുടങ്ങിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച് അവസാന ലോകകപ്പില്‍ സച്ചിനെ കിരീടം നേടിക്കൊടുത്ത് യാത്രയാക്കാന്‍ ധോണിക്ക് സാധിച്ചു. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ധോണി ഇന്ത്യക്ക് നേടിക്കൊടുത്തു.
എന്നാല്‍ രാജകീയമായ വിരമിക്കല്‍ ധോണിക്ക് ലഭിച്ചില്ല. 2019ലെ ഏകദിന ലോകകപ്പ് സെമിയിലെ തോല്‍വിയോടെ അദ്ദേഹം കരിയര്‍ അവസാനിപ്പിക്കുകയായിരുന്നു. വിരമിക്കല്‍ മത്സരത്തിന് ധോണി തയ്യാറായില്ലെന്നതാണ് വസ്തുത. ഇന്ത്യന്‍ ടീമില്‍ നിന്ന് പടിയിറങ്ങിയ ശേഷവും ഐപിഎല്ലില്‍ ധോണി കളി തുടരുന്നുണ്ട്.