ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അഗ്രസീവായിട്ടുള്ള ക്യാപ്റ്റന്‍മാരുടെ നിരയിലാണ് മുന്‍ നായകന്‍ വിരാട് കോലിയുടെ സ്ഥാനം. ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഗംഭീര റെക്കോര്‍ഡുള്ള അദ്ദേഹത്തിനു വൈറ്റ് ബോള്‍ ഫോര്‍മാറ്റിലു മോശമല്ലാത്ത റെക്കോര്‍ഡുണ്ട്. പക്ഷെ ഐസിസിയുടെ ഒരു കിരീടം പോലുമില്ലാതെയാണ് കോലിക്കു പടിയിറങ്ങേണ്ടി വന്നത്. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായി ക്യാപ്റ്റന്‍സിയേറ്റെടുത്ത അദ്ദേഹം ദീര്‍ഘകാലം ടീമിന്റെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായിരുന്നു.
ഈ കാലയളവില്‍ നാണക്കേടിന്റെ വലിയൊരു റെക്കോര്‍ഡും കോലി തന്റെ പേരില്‍ കുറിച്ചിരുന്നു. ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റനുമില്ലാത്ത മോശം റെക്കോര്‍ഡാണ് അദ്ദേഹം കൈക്കലാക്കി വച്ചിരിക്കുന്നത്. ഭാവിയില്‍ ആരെങ്കിലും ഇതിനൊപ്പമെത്തുമോയെന്നതു കാത്തിരുന്നു തന്നെ കാണേണ്ടതാണ്. കോലിക്കു മാത്രം അവകാശപ്പെട്ട ഈ നാണക്കേട് എന്താണെന്നു നമുക്കു നോക്കാം.

ടെസ്റ്റ്, ഏകദിനം, ടി20 എന്നിങ്ങനെ മൂന്നു ഫോര്‍മാറ്റുകളിലും എതിരാളികളില്‍ നിന്നും പത്തു വിക്കറ്റിന്റെ ദയനീയ പരാജയമേറ്റു വാങ്ങിയ ഏക ഇന്ത്യന്‍ ക്യാപ്റ്റനാണ് കോലി. ലോക ക്രിക്കറ്റില്‍ ഒരു നായകനും ആഗ്രഹിക്കാത്ത റെക്കോര്‍ഡാണിത്. പത്തു വിക്കറ്റിന്റെ പരാജയമെന്നത് എതിരാളികള്‍ സ്വന്തം ടീമിനെ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുന്നതിനു തുല്യമാണ്. ഇങ്ങനെയൊരു പരാജയത്തിനു ഒരു ന്യായീകരണവും ഒരു ക്യാപ്റ്റനു നല്‍കാനും സാധിക്കില്ല.
ഏകദിനത്തില്‍ ഓസ്‌ട്രേലിയയോടാണ് കോലിക്കു കീഴില്‍ ഇന്ത്യന്‍ ടീം പത്തു വിക്കറ്റിന്റെ വന്‍ പരാജയത്തിലേക്കു കൂപ്പുകുത്തിയത്. 2020ല്‍ ഓസീസുമായി വിശാഖപട്ടണത്തു നടന്ന ഏകദിന പരമ്പരയിലെ ആദ്യ കളിയിലാണ് കോലിപ്പടയ്ക്കു ഇത്തരമൊരു ഷോക്ക് നേരിട്ടത്. ഇന്ത്യ നല്‍കിയ 256 റണ്‍സിന്റെ വിജയലക്ഷ്യം 12.2 ഓവറുകള്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ഓസീസ് മറികടക്കുകയിരുന്നു.
ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെയും ഓപ്പണിങ് പങ്കാളി ഡേവിഡ് വാര്‍ണറുടെയും അപരാജിത സെഞ്ച്വറികളാണ് ഓസീസിന്റെ വിജയം ഏകപക്ഷീയമാക്കി മാറ്റിയത്. ഏകദിനത്തില്‍ ഓസ്‌ട്രേലിയയോടു പത്തു വിക്കറ്റിനു പരാജയപ്പെട്ട ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായും കോലി അന്നു മാറിയിരന്നു. അതിനു മുമ്പ് നാലു തവണ മാത്രമേ ഏകദിന ചരിത്രത്തില്‍ ഇന്ത്യക്കു പത്തു വിക്കറ്റ് പരാജയം നേരിട്ടിട്ടുള്ളൂ. ന്യൂസിലാന്‍ഡ് (1981), വെസ്റ്റ് ഇന്‍ഡീസ് (1997), സൗത്താഫ്രിക്ക (2000, 2005) എന്നിവര്‍ക്കെതിരേയായിരുന്നു ഇത്.
അതിനു ശേഷം കോലിക്കു കീഴില്‍ ഇന്ത്യയുടെ പത്തു വിക്കറ്റ് തോല്‍വി ടി20 ഫോര്‍മാറ്റിലായിരുന്നു. 2021ല്‍ യുഎയില്‍ നടന്ന ടി20 ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്താനോടാണ് ഇന്ത്യ നാണംകെട്ടത്. സൂപ്പര്‍ 12ലെ ആദ്യ കളിയില്‍ തന്നെ ബാബര്‍ ആസവും സംഘവും ഇന്ത്യയെ വാരിക്കളയുകയായിരുന്നു. ടി20 ലോകകപ്പ് ചരിത്രത്തില്‍ പാകിസ്താനോടു ഇന്ത്യ തോറ്റതും ആദ്യമായിട്ടായിരുന്നു.

152 റണ്‍സിന്റെ വിജയലക്ഷ്യമാണ് പാക് ടീമിനു ഇന്ത്യ നല്‍കിയത്. പക്ഷെ ഈ ടോട്ടല്‍ പാകിസ്താന് ഒരിക്കലും വെല്ലുവിളിയായില്ല. ക്യാപ്റ്റന്‍ ബാബറും (79*) ഓപ്പണിങ് പങ്കാളിയായ മുഹമ്മദ് റിസ്വാനും (68*) ചേര്‍ന്ന് അപരാജിത ഫിഫ്റ്റികളോടെ 17.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ പാക് ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.
ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനോടാണ് പത്തു വിക്കറ്റിന്റെ വന്‍ പരാജയം കോലിക്കും സംഘത്തിനും നേരിട്ടത്. വെല്ലിങ്ടണില്‍ നടന്ന ടെസ്റ്റിലാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 165ന് പുറത്തായപ്പോള്‍ കിവീസ് 348 റണ്‍സ് അടിച്ചെടുത്തു. രണ്ടാമിന്നിങ്‌സില്‍ 197 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി. ഇതോടെ 15 റണ്‍സെന്ന കുഞ്ഞന്‍ വിജയലക്ഷ്യം ന്യൂസിലാന്‍ഡ് അനായാസം നേടിയെടുക്കുകയും ചെയ്തു.