For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു നന്നാകില്ല, അന്ന് ശ്രീശാന്തടക്കം വിമര്‍ശിച്ചു! ഒറ്റപ്പെടുത്തി; ഈ സംഭവം ഓര്‍മയുണ്ടോ?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ പ്രതീക്ഷയാണ് സഞ്ജു സാംസണ്‍. ഇന്ത്യക്കായി കളിക്കാന്‍ തുടങ്ങിയിട്ട് 9 വര്‍ഷത്തിലേറെയായെങ്കിലും സഞ്ജുവിന് ലഭിച്ച അവസരങ്ങള്‍ വിരളമാണെന്ന് തന്നെ പറയാം. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകസ്ഥാനമേറ്റെടുത്ത ശേഷം സഞ്ജുവിന് നിരവധി അവസരങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് മത്സരത്തില്‍ സഞ്ജുവിന് കളിക്കാന്‍ അവസരം നല്‍കി. എന്നാല്‍ രണ്ട് മത്സരത്തിലും താരം ഡെക്കായി.

ദുലീപ് ട്രോഫിയില്‍ സഞ്ജു മികവ് കാട്ടി തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ശരാശരി പ്രകടനം മാത്രമാണ് സഞ്ജു കാഴ്ചവെച്ചത്. സഞ്ജുവിന്റെ പഴയ പ്രശ്‌നങ്ങള്‍ ഇപ്പോഴും താരം ആവര്‍ത്തിക്കുകയാണ്. സ്ഥിരതയില്ലായ്മയും ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള മടിയും പക്വതയില്ലായ്മയുമെല്ലാം സഞ്ജുവിന്റെ കരിയറില്‍ ഇപ്പോഴും നിഴലിച്ച് നില്‍ക്കുന്നു. സാഹചര്യം മനസിലാക്കി കളിക്കാത്ത സഞ്ജു സീനിയര്‍ താരങ്ങളുടെ ഉപദേശങ്ങള്‍ പോലും തള്ളിക്കളഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്.

ഇത്തരത്തില്‍ സഞ്ജുവിനെ പിന്തുണച്ചവര്‍ പോലും തള്ളിപ്പറിഞ്ഞ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. സഞ്ജുവിനെ ഐപിഎല്ലിലേക്ക് കൊണ്ടുവന്ന ശ്രീശാന്ത് പോലും സഞ്ജുവിനെ കുറ്റപ്പെടുത്തിയ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. അത് എന്താണെന്ന് പരിശോധിക്കാം.

ഗവാസ്‌ക്കറുടെ ഉപദേശം സഞ്ജു നിരസിച്ചു

ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌ക്കറിന്റെ ഉപദേശം സഞ്ജു തള്ളിക്കളഞ്ഞതാണ് ശ്രീശാന്തടക്കം സഞ്ജുവിനെ പിന്തുണച്ചവരെല്ലാം മലയാളി താരത്തെ വിമര്‍ശിക്കാന്‍ കാരണമായത്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നതാണ് സഞ്ജുവിന്റെ ശൈലി. എന്നാല്‍ കുറച്ച് പന്ത് നേരിട്ട് പിച്ചിന്റെ സ്വഭാവവും പന്തിന്റെ ലെങ്തും മനസിലാക്കിയ ശേഷം വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കണമെന്നാണ് ഗവാസ്‌ക്കര്‍ സഞ്ജുവിനെ ഉപദേശിച്ചത്.

എന്നാല്‍ തന്റെ ശൈലി ഇങ്ങനെയാണെന്നും ഈ ശൈലിയിലൂടെയാണ് ഇതുവരെ എത്തിയതെന്നുമാണ് സഞ്ജു നിലപാടെടുത്തത്. ഗവാസ്‌ക്കറെ അപമാനിക്കുന്ന തരത്തിലായിരുന്നു സഞ്ജു അന്ന് പ്രതികരിച്ചത്. ഇതാണ് ശ്രീശാന്തിനെ ചൊടിപ്പിച്ചത്. സഞ്ജു ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറല്ലെന്നും സഞ്ജുവിന് കരിയറില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും അന്ന് ശ്രീശാന്ത് പറഞ്ഞു. അനുഭവസമ്പന്നരായ താരങ്ങളെപ്പോലും സഞ്ജു മുഖവിലക്കെടുത്തില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

sanju samson ind vs ban

ശ്രീശാന്തിന്റെ അഭിപ്രായവും മുഖവിലക്കെടുത്തില്ല

സഞ്ജു ഐപിഎല്ലിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥാനത്തിനുമാണ് പ്രാധാന്യം നല്‍കിയിരുന്നത്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ സഞ്ജു വലിയ താല്‍പര്യം കാട്ടിയിരുന്നില്ല. കേരളത്തിനായി രഞ്ജി ട്രോഫി കളിക്കാന്‍ പോലും സഞ്ജു തയ്യാറായിരുന്നില്ലെന്നതാണ് സത്യം. ഇക്കാര്യം ശ്രീശാന്ത് ഒരിക്കല്‍ ചൂണ്ടിക്കാട്ടിയിരുന്നു. സഞ്ജു പരമാവധി ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നും ഇത് സഞ്ജുവിന് കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ സഹായിക്കുമെന്നും ശ്രീശാന്ത് ഉപദേശിച്ചിരുന്നു.

എന്നിട്ടും സഞ്ജു ആഭ്യന്തര ക്രിക്കറ്റിന് വലിയ പ്രാധാന്യം നല്‍കിയില്ല. ഇത് ശ്രീശാന്തിനെ ചൊടിപ്പിച്ചു. ശ്രീശാന്ത് പല തവണ സഞ്ജുവിനെതിരേ പരസ്യ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു. എന്നാല്‍ ഈ പ്രകടനംകൊണ്ട് മാത്രം ഇന്ത്യന്‍ ടീമിനൊപ്പം സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കില്ലെന്ന് ശ്രീശാന്ത് പല തവണ ചൂണ്ടിക്കാട്ടിയെങ്കിലും സഞ്ജു ഇതൊന്നും ചെവിക്കൊണ്ടില്ല.

സഞ്ജുവിന് മടങ്ങിവരവ് പ്രയാസം

ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് സഞ്ജു സാംസണെ സംബന്ധിച്ച് അല്‍പ്പം പ്രയാസമാണ്. ഇന്ത്യക്ക് ഇനി കൂടുതലും വരാനിരിക്കുന്നത് ടെസ്റ്റ് പരമ്പരകളാണ്. ഇതില്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യത ഇല്ല. പരിമിത ഓവര്‍ പരമ്പര ബംഗ്ലാദേശിനെതിരായ ടി20യാണ്. ഇതിന് ശേഷം ഇംഗ്ലണ്ട് പരമ്പരയും ദക്ഷിണാഫ്രിക്കന്‍ പരമ്പരയും വരാനുണ്ട്.

ദ്രുവ് ജുറേലും ഇഷാന്‍ കിഷനും തകര്‍പ്പന്‍ ഫോമില്‍ കളിക്കവെ സഞ്ജുവിന് കാര്യങ്ങള്‍ കടുപ്പമാണ്. ശക്തമായ തിരിച്ചുവരവ് നടത്താന്‍ സഞ്ജുവിന് ദുലീപ് ട്രോഫി മുതലാക്കേണ്ടിയിരുന്നു. ഇതിന് സാധിക്കാത്തതിനാല്‍ത്തന്നെ സഞ്ജു പരിഗണിക്കപ്പെടുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം.

Story first published: Wednesday, September 18, 2024, 11:43 [IST]
Other articles published on Sep 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+