മുംബൈ: വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമുകളെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന പല താരങ്ങളും വിജയ് ഹസാരെ ട്രോഫി കളിക്കുന്നുണ്ട്. എന്നാല്‍ ചില താരങ്ങള്‍ സര്‍പ്രൈസായി ടീമില്‍ നിന്ന് തഴയപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇത്തരത്തില്‍ തഴയപ്പെട്ടവരിലൊരാളാണ് മുംബൈയുടെ പൃഥ്വി ഷാ. അടുത്ത സച്ചിനായും സെവാഗായുമെല്ലാം വാഴ്ത്തപ്പെട്ട താരം ഇപ്പോള്‍ പിന്നോട്ട് പോവുകയാണ്.
അച്ചടക്കമില്ലായ്മയും മോശം ഫിറ്റ്‌നസുമെല്ലാം പൃഥ്വിയുടെ വളര്‍ച്ചയെ പിന്നോട്ടടിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ച പൃഥ്വി ഇപ്പോള്‍ വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. തന്റെ നിരാശ പരസ്യമാക്കി പൃഥ്വി ഷാ തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇതിഹാസമായി മാറുമെന്ന് കരുതിയ താരമാണ് ഇപ്പോള്‍ ആഭ്യന്തര ടീമില്‍ പോലും സീറ്റ് നേടിയെടുക്കാന്‍ സാധിക്കാതെ നിരാശപ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ പൃഥ്വിയുടെ ലിസ്റ്റ് എ ക്രിക്കറ്റ് കണക്കുകള്‍ നോക്കാം.
രണ്ട് തവണ ഡബിള്‍ സെഞ്ച്വറി നേടി
ലിസ്റ്റ എ ക്രിക്കറ്റില്‍ രണ്ട് തവണ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് പൃഥ്വി ഷാ. 2020-21 സീസണിലെ വിജയ് ഹസാരെ ട്രോഫിയിലാണ് താരത്തിന്റെ ആദ്യ ഇരട്ട സെഞ്ച്വറി പിറക്കുന്നത്. പോണ്ടിച്ചേരിക്കെതിരേ 227 റണ്‍സാണ് പൃഥ്വി അടിച്ചെടുത്തത്. മുംബൈ നായകനായാണ് പൃഥ്വി ഈ നേട്ടത്തിലെത്തിയത് എന്നതാണ് എടുത്തു പറയേണ്ടത്. പൃഥ്വിക്ക് കീഴില്‍ മുംബൈ കപ്പും നേടിയിരുന്നു. ഇതിന് ശേഷം നോര്‍ത്താംപ്റ്റന്‍ഷെയറിനായും പൃഥ്വി ഇരട്ട സെഞ്ച്വറി നേടി.
ഇംഗ്ലണ്ടിലായിരുന്നു ഇത്. 153 പന്തില്‍ 244 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. വലിയ സ്‌കോറിലേക്കുയരാന്‍ കഴിവുള്ള താരമാണ് പൃഥ്വി. എന്നാല്‍ അച്ചടക്കം ഇല്ലായ്മ പൃഥ്വിയുടെ കരിയറിനെ ബാധിച്ചു. ടീമിലെ സഹതാരങ്ങള്‍ പോലും യുവതാരത്തെ തള്ളിപ്പറയുന്ന സാഹചര്യമാണുള്ളത്. സെലക്ടര്‍മാര്‍ക്കും പരിശീലകര്‍ക്കും പൃഥ്വിയുടെ പെരുമാറ്റത്തിലും ഫിറ്റ്‌നസിലും അതൃപ്തിയുണ്ട്. എന്നാല്‍ ഇത് മെച്ചപ്പെടുത്താന്‍ പൃഥ്വി തയ്യാറാവുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്.

സച്ചിനെക്കാളും മികച്ച ശരാശരി
ലിസ്റ്റ് എ ക്രിക്കറ്റില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെക്കാള്‍ മികച്ച ശരാശരി പൃഥ്വി ഷാക്കുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. 65 മത്സരത്തില്‍ നിന്ന് 3399 റണ്‍സാണ് പൃഥ്വി നേടിയെടുത്തത്. 55.72 ശരാശരിയാണ് പൃഥ്വിക്കുള്ളത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ലിസ്റ്റ എ ക്രിക്കറ്റില്‍ മികച്ച ശരാശരിയുള്ള നാലാമനാണ് പൃഥ്വി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലിസ്റ്റ് എ ശരാശരി 45.54 ആണ്. എന്നാല്‍ ശരാശരിയില്‍ തലപ്പത്തുള്ളത് റുതുരാജ് ഗെയ്ക് വാദാണ്.
58.16 ശരാശരിയിലാണ് സിഎസ്‌കെ നായകന്‍ മിന്നിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് വിരാട് കോലിയാണ്. 57.05 ആണ് കോലിയുടെ ശരാശരി. മൂന്നാം സ്ഥാനത്തുള്ള ചേതേശ്വര്‍ പുജാരയുടെ ശരാശരി 57.01 ആണ്. കണക്കുകളില്‍ പൃഥ്വി ഷാ ആഭ്യന്തര ക്രിക്കറ്റിലെ ഹീറോയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഫിറ്റ്‌നസിലെ ശ്രദ്ധക്കുറവാണ് പ്രശ്‌നം. അമിതവണ്ണമുള്ള താരമായി പൃഥ്വി മാറിയിരിക്കുന്നു. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ച നായകന്റെ നിലവിലെ അവസ്ഥ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്.
പൃഥ്വിക്ക് ഇനിയും തിരിച്ചുവരാം
നിലവില്‍ പൃഥ്വി ടീമിന് പുറത്താകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പരിശീലകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ്. പരിശീലകരുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായാല്‍ പൃഥ്വിക്ക് തിരിച്ചുവരവ് സാധ്യമായേക്കും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പൃഥ്വി നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. സ്ഥിരതയോടെ മികവ് കാട്ടാന്‍ പൃഥ്വിക്ക് സാധിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ തഴഞ്ഞതില്‍ തെറ്റുപറയാനാവില്ല. എന്നാല്‍ ഇത്തരത്തില്‍ പൂര്‍ണ്ണമായും തഴയപ്പെടേണ്ട താരമല്ല പൃഥ്വി ഷായെന്ന് നിസംശയം പറയാം.