അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെതിരേ അയര്‍ലാന്‍ഡ് ജഴ്‌സിയില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുന്നത് ഒന്നു സങ്കല്‍പ്പിച്ച് നോക്കൂ. ഇതു അസാധ്യമായി നമുക്കു തോന്നാം. സഞ്ജു മനസ്സ് വച്ചിരുന്നെങ്കില്‍ ഇതു യാഥാര്‍ഥ്യമായി മാറിയേനെ. ഐറിഷ് ടീമില്‍ സ്ഥാനം മാത്രമല്ല, അവരുടെ നായകസ്ഥാനവും സഞ്ജുവിനു ലഭിക്കുമായിരുന്നു. പക്ഷെ അദ്ദേഹം അവരുടെ ഓഫര്‍ തള്ളുകയായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണ്? ഇതേക്കുറിച്ച് അറിയാം.
2022 ഡിസംബറിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധകരെയും, മലയാളികളടക്കം ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള സഞ്ജുവിന്റെ ഫാന്‍സിനെയും ആശ്ചര്യപ്പെടുത്തിയ സംഭവം നടന്നത്. ദേശീയ ടീമില്‍ അവസരങ്ങള്‍ ലഭിക്കാതെ നിരന്തരം തഴയപ്പെട്ടു കൊണ്ടിരുന്ന സഞ്ജുവിനു അയര്‍ലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും വമ്പന്‍ ഓഫര്‍ ലഭിക്കുകയായിരുന്നു. 2022ലെ ടി20 ലോകകപ്പ്, ബംഗ്ലാദേശുമായുള്ള പരമ്പര എന്നിവയില്‍ നിന്നും അദ്ദേഹം തഴയപ്പെട്ട സമയത്തായിരുന്നു ഇത്.

സഞ്ജുവിനെ ദേശീയ ടീമിലെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച അയര്‍ലാന്‍ഡ് മറ്റൊരു വമ്പന്‍ വാഗ്ദാനം കൂടി താരത്തിനു നല്‍കിയെന്നായിരുന്നു ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍. അയര്‍ലാന്‍ഡ് സീനിയര്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റോളിനോടൊപ്പം ക്യാപ്റ്റന്‍സി കൂടി സഞ്ജുവിനു ഓഫര്‍ ചെയ്യുകയായിരുന്നു.
ഏതൊരു താരത്തെ സംബന്ധിച്ചും സ്വപ്‌നതുല്യമായ ഓഫര്‍ തന്നെയാണിത്. പ്രത്യേകിച്ചും സ്വന്തം ടീമില്‍ അവസരം കിട്ടാതെ തഴയപ്പെടുമ്പോള്‍ ഇതിനേക്കാള്‍ നല്ലൊരു ഓഫറും കിട്ടാനില്ല. പക്ഷെ സഞ്ജു ഈ ഓഫര്‍ സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. തന്നെ ദേശീയ ടീമിലേക്കു പരിഗണിക്കുന്നതിനൊപ്പം ക്യാപ്റ്റന്‍സിയും നല്‍കാന്‍ തയ്യാറായതില്‍ അയര്‍ലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിനു സഞ്ജു നന്ദിയും അറിയിക്കുകയായിരുന്നു.
ഇന്ത്യക്കു വേണ്ടി മാത്രമാണ് താന്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതെന്നും മറ്റൊരു രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നും സഞ്ജു പ്രതികരിച്ചതായും അന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അയര്‍ലാന്‍ഡിന്റെ ഓഫര്‍ സ്വീകരിക്കണമെങ്കില്‍ സഞ്ജുവിനു മുന്നില്‍ അന്നു ഒരുപാട് തടസ്സങ്ങളുമുണ്ടായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനോടൊപ്പം ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളിലും അദ്ദേഹം കളി മതിയാക്കേണ്ടത് ആവശ്യമായിരുന്നു.
എങ്കില്‍ മാത്രമേ ബിസിസിഐയുമായുള്ള താരത്തിന്റെ കരാര്‍ പൂര്‍ണമായി അവസാനിക്കുകയുള്ളൂ. ഈ തരത്തിലുള്ള കടുത്ത തീരുമാനങ്ങളെടുത്താല്‍ മാത്രമാണ് അയര്‍ലാന്‍ഡിലേക്കു ചേക്കേറി അവരുടെ ദേശീയ ടീമിന്റെ ഭാഗമായി മാറാന്‍ അദ്ദേഹത്തിനു സാധിക്കുക.
പക്ഷെ കൂടുതല്‍ അവസരങ്ങള്‍ക്കായി ഇന്ത്യന്‍ ടീമിനെയോ, കേരളാ ടീമിനെയോ ഉപേക്ഷിക്കാന്‍ സഞ്ജു തയ്യാറായില്ല. പകരം ഇവിടെ തന്നെ തുടര്‍ന്നു കളിച്ച് ടീമിലെ തന്റെ സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹം കഠിനാധ്വാനം നടത്തുകയായിരുന്നു.
അയര്‍ലാന്‍ഡിന്റെ ഓഫര്‍ വന്ന് ഇപ്പോള്‍ രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഭദ്രമാക്കിയിട്ടില്ല. ടീമിന് അകത്തും പുറത്തുമായി തന്നെ തുടരുകയാണ് താരം. മാത്രമല്ല ടീമിലെ സ്ഥാനത്തിനു വേണ്ടി മുമ്പത്തേതിനേക്കാള്‍ മല്‍സരം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും അവസാനമായി ശ്രീലങ്കയുമായുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പമ്പരയിലാണ് സഞ്ജുവിനെ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്. ആദ്യ കളിയില്‍ തഴയപ്പെട്ട ശേഷം അടുത്ത മല്‍സരങ്ങളിലും അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നു. പക്ഷെ രണ്ടിലും ഡെക്കായി ക്രീസ് വിട്ട സഞ്ജു നിരാശപ്പെടുത്തുകയായിരുന്നു.