ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കു ഇപ്പോൾ ഏറെ പ്രിയങ്കരരായ പ്രണയ ജോടികളാണ് ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലും മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയും. പ്രണയം ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചില സൂചനകള്‍ വച്ച് ഇവര്‍ അടുപ്പത്തിലാണെന്നു ആരാധകര്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഗില്ലിന്റെ പ്രകടനം കാണാന്‍ സാറ സ്റ്റേഡിയത്തില്‍ എത്തിയതും ചില പ്രതികരണങ്ങളുമെല്ലാം ഫാന്‍സ് ആഘോഷിക്കുകയും ചെയ്തിരുന്നു.
വിരാട് കോലിയും പ്രമുഖ നടി അനുഷ്‌കാ ശര്‍മയും പ്രണയം പോലെ ഗില്‍- സാറ ബന്ധവും വിവാഹത്തില്‍ കലാശിക്കുമെന്ന ശുഭപ്രതീക്ഷയിലുമാണ് ആരാധകര്‍. ഇതിനിടെയാണ് ഗില്ലിന്റെ ചില ഫോട്ടോസ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

ലണ്ടനില്‍ കൂട്ടുകാര്‍ക്കൊപ്പം അവധിക്കാലം ചെലവഴിക്കുന്ന ഗില്ലിനോടൊപ്പം ബോളിവുഡ് നടി അവനീത് കൗറിനെയും കണ്ടതോടെയാണ് പലരും സംശയത്തിലായിരിക്കുന്നത്. സാറയുമായി ഗില്‍ ബ്രേക്കപ്പായോയെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയിയയില്‍ ചോദിക്കുകയാണ്. എന്നാല്‍ ഒരു സംഗീത വീഡിയോയുടെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് ഗില്‍ ഇവിടെ എത്തിയതെന്നും അഭ്യൂഹങ്ങള്‍ വരുന്നുണ്ട്.
കളിഞ്ഞ ലോകകപ്പ് ഫൈനലിനു ശേഷം ഇന്ത്യയുടെ ഭൂരിഭാഗം താരങ്ങളും അവധിക്കാലം ആഘോഷിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച അഞ്ചു ടി20കളുടെ പരമ്പരയില്‍ മുന്‍നിര താരങ്ങള്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. സൗത്താഫ്രിക്കയുമായി ഈ ഞായറാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയിലൂടെ ഗില്ലുള്‍പ്പെടെയുള്ള ചില പ്രമുഖ താരങ്ങള്‍ ദേശീയ ടീമിലേക്കു മടങ്ങിയെത്തും. ഇതിനിടെയാണ് ലണ്ടനില്‍ നിന്നുള്ള ഗില്ലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്.
നടി അവനീത് കൗറിനോടൊപ്പം അന്‍ഷുല്‍ ഗാര്‍ഗ്, രാഘവ് ശര്‍മ എന്നീ രണ്ടു സുഹൃത്തുക്കളും ഗില്ലിനോടൊപ്പമുണ്ടായിരുന്നു. അഞ്ചു പേരും ലണ്ടനില്‍ ഒരുമിച്ച് കറങ്ങുന്നതിന്റെ ഫോട്ടോസാണ് സേഷ്യല്‍ മീഡിയിലൂടെ പുറത്തു വരികയും വൈറലാവുകയും ചചെയ്തത്.
അതേസമയം, ദിവസങ്ങള്‍ക്കു മുമ്പ് കരിയറില്‍ ഒരു സുപ്രധാന റോള്‍ ഗില്ലിനെ തേടിയെത്തിയിരുന്നു. ഐപില്ലിന്റെ അടുത്ത സീസണിനു മുന്നോടിയായി അദ്ദേഹത്തെ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായി നിയമിച്ചിരിക്കുകയാണ്. ട്രേഡ് വിന്‍ഡോയില്‍ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്കു മടങ്ങിപ്പോയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കു പകരമാണ് ഗില്ലിനു ഈ റോള്‍ ലഭിച്ചത്.

സീനിയര്‍ ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിന്റെ ആദ്യത്തെ ദൗത്യം കൂടിയാണത്. ഗുജറാത്ത് ടൈറ്റന്‍സിനെ മികച്ച രീതിയില്‍ നയിക്കാനായാല്‍ ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപറ്റന്‍സിയും ഗില്ലിനെ തേടിയെത്തുമെന്നുറപ്പാണ്.
ഹാര്‍ദിക്കിനെ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്കുയര്‍ത്തിയതും ഐപിഎല്ലിലെ പ്രകടനമായിരുന്നു. 2022ല്‍ നായകനായുള്ള ആദ്യ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ചാംപ്യന്‍മാരാക്കിയ അദ്ദേഹം കഴിഞ്ഞ തവണ ടീമിനെ റണ്ണറപ്പാക്കുകയും ചെയ്തു.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ ഗില്‍ 2022ലാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായത്. 2021ലെ സീസണിനു ശേഷം അദ്ദേഹത്തെ കെകെആര്‍ ഒഴിവാക്കിയതോടെ ലേലത്തിനു മുമ്പ് തന്നെ ഗില്ലിനെ ജിടി സ്വന്തമാക്കുകയായിരുന്നു.
16 മല്‍സരങ്ങളില്‍ നിന്നും 483 റണ്‍സുമായി ജിടിയുടെ കന്നി കിരീട വിജയത്തില്‍ താരം നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ 800നു മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ ഗില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനും അവകാശിയായിരുന്നു.