ഇന്ത്യന്‍ ടീമിലെ ഭാവി അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെയാണ് സഞ്ജു സാംസണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നതിനെക്കുറിച്ച് സ്വപ്‌നം കാണുന്നത്. ടെസ്റ്റിലും കളിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നു അദ്ദേഹം അടുത്തിടെ തുറന്നു പറയുകയും ചെയ്തിരുന്നു. ഈ ലക്ഷ്യത്തിലേക്കു ഒരു പടി കൂടി അടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വരാനിരിക്കുന്ന റെഡ് ബോള്‍ ടൂര്‍ണമെന്റായ ദുലീപ് ട്രോഫിയില്‍ സഞ്ജു കളിക്കാന്‍ തയ്യാറെടുക്കുന്നത്. ഇതിനു വേണ്ടി ഇതേ കാലയവില്‍ തന്നെ നടക്കാനിരിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗ് (KCL) ടി20 ടൂര്‍ണമെന്റും അദ്ദേഹം വേണ്ടെന്നു വച്ചിരുന്നു.
പക്ഷെ യഥാര്‍ഥത്തില്‍ ദുലീപ് ട്രോഫിക്കായി കെസിഎല്ലില്‍ നിന്നും പിന്‍മാറാനുള്ള സഞ്ജുവിന്റെ തീരുമാനം ശരിയാണോ? അല്ലെന്നു പറയേണ്ടതായി വരും. ഇതിനു പിന്നിലെ കാരണങ്ങളെക്കുറിച്ചറിയാം. ദുലീപ് ട്രോഫിയില്‍ സഞ്ജുവിനു കളിക്കാന്‍ അവസരം ലഭിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും യാതൊരു ഉറപ്പുമില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം.

ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി, ഇന്ത്യ ഡി എന്നിങ്ങനെ നാലു ടീമുകളാണ് സപ്തംബറില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഒരു മാസത്തിലേറെ കാലം അന്താരാഷ്ട്ര മല്‍സരങ്ങളൊന്നും ഇല്ലാത്തതിനാല്‍ തന്നെ ഇന്ത്യന്‍ ടീമിലെ സീനിയര്‍ കളിക്കാരുള്‍പ്പെടെ എല്ലാവരും ദുലീപ് ട്രോഫിയില്‍ കളിക്കും. ഈ കാരണത്താല്‍ തന്നെ സഞ്ജുവിനു ഏതെങ്കിലും ടീമില്‍ അവസരം കിട്ടുമോയെന്ന കാര്യം പോലും സംശയത്തിലാംണ്.
റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ധ്രുവ് ജുറേല്‍, കെഎസ് ഭരത് എന്നീ നാലു പേരായിരിക്കും ദുലീപ് ട്രോപിയിലെ നാലു ടീമുകള്‍ക്കായി വിക്കറ്റ് കീപ്പറായേക്കുക. അപ്പോള്‍ പിന്നെ സഞ്ജുവിന് എങ്ങനെ കളിക്കാന്‍ സാധിക്കും? ഇനി സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാണ് അദ്ദേഹം ഏതെങ്കിലുമൊരു ടീമിനു വേണ്ടി ഇറങ്ങുന്നതെങ്കില്‍ അതു ഗുണവും ചെയ്യില്ല. കാരണം വിക്കറ്റ് കീപ്പര്‍ ബാറ്ററെ മാത്രമേ ടെസ്റ്റില്‍ ഇന്ത്യക്കു ആവശ്യമുള്ളൂ.
ദുലീപ് ട്രോഫിയില്‍ ഇനി അവസരം ലഭിച്ചെന്നു കരുതുക, അതു കൊണ്ടു മാത്രം ടെസ്റ്റ് ടീമില്‍ ഇടം പിടിക്കുകയെന്നത് സഞ്ജുവിനു ഏറെ ദുഷ്‌കരമാണ്. കാരണം റിഷഭ് പരിക്കില്‍ നിന്നും മോചിതനായ ശേഷം തിരിച്ചെത്തിയതോടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും അദ്ദേഹമായിരിക്കും.
ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡുള്ള റിഷഭിനെ പുറത്തിരുത്തുകയെന്നത് ഇന്ത്യക്കു അസാധ്യമാണ്. ബാക്കപ്പിന്റെ റോളില്‍ ജുറേലിനാണ് ഇപ്പോള്‍ മുന്‍തൂക്കം. കൂടാതെ ഇഷാനും ദുലീപ് ട്രോഫിയിലൂടെ തിരിച്ചെത്തുകയാണ്. ഇവരെല്ലാം കഴിഞ്ഞു മാത്രമേ സഞ്ജുവിനെ പരിഗണിക്കുകയുമുള്ളൂ.

എന്നാല്‍ ടി20 ഫോര്‍മാറ്റിലുള്ള കെസിഎല്ലില്‍ കളിക്കുകയാണെങ്കില്‍ അതു സഞ്ജുവിനു കസറാനും സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുമുള്ള നല്ലൊരു അവസരം കൂടിയായിരിക്കും. കഴിഞ്ഞ ഐപിഎല്ലില്‍ അദ്ദേഹം ഗംഭീര ഫോമിലായിരുന്നു. കരിയര്‍ ബെസ്റ്റ് പ്രകടനവും സഞ്ജു കാഴ്ചവച്ചിരുന്നു.
ഐപിഎല്ലിലേതു പോലെ ലോകോത്തര ബൗളര്‍മാരൊന്നും കെസിഎല്ലില്‍ ഇല്ല. അതിനാല്‍ ടൂര്‍ണമെന്റില്‍ വലിയ റണ്‍വേട്ടയും അദ്ദേഹത്തിനു നടത്താം. ഒക്ടോബറില്‍ ബംഗ്ലാദേശുമായി മൂന്നു ടി20കളുടെ പരമ്പര ഇന്ത്യ കളിക്കാനിരിക്കുകയാണ്. കെസിഎല്ലില്‍ കസറിയാല്‍ സഞ്ജുവിനു ഉറപ്പായും ടീമില്‍ സ്ഥാനവും പ്രതീക്ഷിക്കാം.
അവസാനമായി കളിച്ച ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടു ടി20കളിലും സഞ്ജു ഡെക്കായാണ് ക്രീസ് വിട്ടത്. ഇതിന്റെ ക്ഷീണം കെസിഎല്ലില്‍ തീര്‍ക്കാന്‍ അദ്ദേഹത്തിനു സാധിച്ചേനെ. പക്ഷെ കെസിഎല്‍ വേണ്ടെന്നു വച്ച് ദുലീപ് ട്രോഫി തിരഞ്ഞെടുത്തതിലൂടെ ടെസ്റ്റിലെ മാത്രമല്ല ടി20 ടീമിലേക്കുള്ള വഴി കൂടിയാണ് സഞ്ജു അടയ്ക്കുന്നത്.