നേരത്തെ ബാറ്റിങ്ങിനിറങ്ങി, സച്ചിന്റെ ഇരട്ട സെഞ്ച്വറി തടയാന്‍ ധോണി ശ്രമിച്ചോ? വസ്തുത അറിയാം
ലോക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നടന്നുകയറിയ വഴികളിലെല്ലാം റെക്കോഡുകള്‍ സൃഷ്ടിച്ച അതുല്യ പ്രതിഭ. എതിരാളികള്‍ പോലും ആദരിച്ചിരുന്ന വിസ്മയമായിരുന്നു സച്ചിന്‍. ക്രിക്കറ്റില്‍ അപ്രാപ്യമെന്ന് തോന്നിയ പല റെക്കോഡുകളും നേടി പിന്‍മുറക്കാര്‍ക്ക് വഴികാട്ടാന്‍ സച്ചിനായിരുന്നു. ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറിയെന്ന അതുല്യ നേട്ടം ആദ്യമായി നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത് സച്ചിനായിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവരുടെ തട്ടകത്തിലായിരുന്നു സച്ചിന്റെ ഇരട്ട സെഞ്ച്വറി പ്രകടനം. 147 പന്ത് നേരിട്ട് 25 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് സച്ചിന്‍ പുറത്താവാതെ 200 റണ്‍സ് നേടിയത്. പിന്നീട് വീരേന്ദര്‍ സെവാഗും രോഹിത് ശര്‍മയും ക്രിസ് ഗെയ്‌ലും മാര്‍ട്ടിന്‍ ഗുപ്റ്റിലുമെല്ലാം ഇരട്ട സെഞ്ച്വറി പ്രകടനം നടത്തിയെങ്കിലും സച്ചിന്റെ ഇരട്ട സെഞ്ച്വറിക്ക് ഇന്നും മാറ്റേറെ. ഈ മത്സരത്തില്‍ സച്ചിന്‍ ഇരട്ട സെഞ്ച്വറിക്ക് തൊട്ടടുത്തു നില്‍ക്കെ നായകന്‍ എംഎസ് ധോണി സ്‌ട്രൈക്ക് കൈമാറാതെ സച്ചിന്റെ നേട്ടം വൈകിപ്പിച്ചിരുന്നു.
അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയ ധോണി അവസാന ഓവറിലെ മൂന്നാം പന്തിലാണ് സച്ചിന് സ്‌ട്രൈക്ക് കൈമാറുന്നത്. 49ാം ഓവറിന്റെ അവസാന പന്തില്‍ ധോണി സിംഗിളെടുത്ത് അവസാന ഓവറിലും സ്‌ട്രൈക്ക് നേടി. ആദ്യ പന്ത് സിക്‌സര്‍ പറത്തിയ ധോണി രണ്ടാം പന്തിലാണ് സ്‌ട്രൈക്ക് കൈമാറിയത്. മൂന്നാം പന്തിലാണ് സച്ചിന് സ്‌ട്രൈക്ക് കൈമാറുന്നത്. ഈ പന്തില്‍ സിംഗിള്‍ നേടിയാണ് സച്ചിന്‍ ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടിയത്.
സച്ചിന് അവസാന ഓവറില്‍ ഇരട്ട സെഞ്ച്വറി നേടാന്‍ സാധിക്കാതെ പോവുകയോ പുറത്താവുകയോ ചെയ്തിരുന്നെങ്കില്‍ ധോണിയെ ആരാധകര്‍ വിമര്‍ശന ശരങ്ങളില്‍ കയറ്റുമായിരുന്നുവെന്നുറപ്പ്. സച്ചിന്റെ ഇരട്ട സെഞ്ച്വറി നേട്ടം തടയാന്‍ ധോണി മനപ്പൂര്‍വ്വം ശ്രമിച്ചുവെന്ന ആരോപണംപോലും പലരും ഉയര്‍ത്തിയിരുന്നു. സത്യത്തില്‍ ധോണി ഇതിന് ശ്രമിച്ചിരുന്നോ. സത്യത്തില്‍ ധോണി സച്ചിനെ രക്ഷിക്കാന്‍ ശ്രമിച്ചതായിരുന്നു. നായകനെന്ന നിലയിലെ ധോണിയുടെ ദീര്‍ഘ വീക്ഷണായിരുന്നു ഇത്.

കാരണം 49ാം ഓവര്‍ എറിയാനെത്തിയ ഡെയ്ല്‍ സ്‌റ്റെയിനാണ്. ഏറ്റവും അപകടകാരിയായ പേസറാണ് സ്‌റ്റെയിന്‍. അദ്ദേഹത്തിന്റെ ഓവറില്‍ സ്‌റ്റെയിന് സ്‌ട്രൈക്ക് കൈമാറിയിരുന്നെങ്കില്‍ വിക്കറ്റ് നഷ്ടമാകാനുള്ള സാധ്യത കൂടുതലായിരുന്നുവെന്ന് പറയാം. ഇത് മുന്നില്‍ക്കണ്ടാണ് ധോണി സച്ചിന് 49ാം ഓവറില്‍ ബാറ്റുചെയ്യാന്‍ അവസരം നിഷേധിച്ചത്. സ്‌റ്റെയിന്റെ ആദ്യ പന്ത് ധോണിക്ക് റണ്‍സ് നേടാനായില്ല. രണ്ടാം പന്തില്‍ സിക്‌സര്‍ നേടിയപ്പോള്‍ മൂന്നാം പന്ത് ഡോട്ടൗയി. നാലാം പന്തില്‍ ധോണി ബൗണ്ടറി നേടി.
അഞ്ചാം പന്തില്‍ സിക്‌സറും പറത്തിയപ്പോള്‍ അവസാന പന്തില്‍ സിംഗിളും നേടി. ധോണി സച്ചിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം ടീം സ്‌കോര്‍ ഉയര്‍ത്താനും ശ്രമിക്കുകയാണ് ചെയ്തത്. എന്നാല്‍ സച്ചിന്റെ ഇരട്ട സെഞ്ച്വറി തടയാന്‍ ധോണി ശ്രമിച്ചുവെന്ന തരത്തില്‍ വലിയ ആരോപണങ്ങള്‍ ധോണിക്ക് നേരിടേണ്ടി വന്നു. ദക്ഷിണാഫ്രിക്ക ഏത് വലിയ ടോട്ടലും മറികടക്കാന്‍ കെല്‍പ്പുള്ളവരുടെ നിരയായതില്‍ അവസാന ഓവറില്‍ റണ്‍സുയര്‍ത്തേണ്ടത് അത്യാവശ്യമായിരുന്നു.
അതുകൊണ്ടാണ് വിരാട് കോലിയേയും സുരേഷ് റെയ്‌നയേയും പിന്നോട്ടിറക്കി ധോണി ഈ ഉത്തരവാദിത്തം ഏറ്റെടുത്തത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ഇന്ത്യ 3 വിക്കറ്റിന് 401 എന്ന സ്‌കോറാണ് നേടിയത്. ദിനേഷ് കാര്‍ത്തിക് 79 റണ്‍സും യൂസഫ് പഠാന്‍ 36 റണ്‍സും നേടിയപ്പോള്‍ 35 പന്തില്‍ 7 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 68 റണ്‍സോടെ ധോണി പുറത്താവാതെ നിന്നു.
ധോണിയുടെ പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ അന്ന് 400 കടക്കില്ലായിരുന്നു. ശ്രീശാന്ത് മൂന്ന് വിക്കറ്റുമായി തിളങ്ങിയ മത്സരത്തില്‍ 153 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. സച്ചിന്റെ ഇരട്ട സെഞ്ച്വറി പ്രകടനം പിറന്ന മത്സരത്തില്‍ വിജയം നേടാന്‍ ഇന്ത്യക്കായി എന്നത് നേട്ടത്തിന്റെ മധുരം ഇരട്ടിയാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications