ആന്‍ഡേഴ്‌സന്‍ -ടെണ്ടുല്‍ക്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ സമനിലയില്‍ കുരുക്കാന്‍ സഹായിച്ച ഇന്ത്യന്‍ സംഘത്തിലെ നിര്‍ണായക താരങ്ങളിലൊരാളാണ് പേസര്‍ ആകാശ്ദീപ്. ബോള്‍ കൊണ്ടു മാത്രമല്ല, കന്നി ഫിഫ്റ്റിയുമായി ബാറ്റ് കൊണ്ടും ഈ പരമ്പര അവിസ്മരണീയമാക്കി മാറ്റാന്‍ അദ്ദേഹത്തിനായിരുന്നു.
ഓവലിലെ ഏറെ നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലാണ് രണ്ടാമിന്നിങ്‌സില്‍ നൈറ്റ് വാച്ച്മാനായെത്തി ആകാശ്ദീപ് കരിയര്‍ ബെസ്റ്റ് സ്‌കോറായ 66 റണ്‍സ് കുറിച്ചത്. ഇംഗ്ലണ്ടിനു 374 റണ്‍സെന്ന വലിയ വിജയലക്ഷ്യം നല്‍കാന്‍ ഇന്ത്യയെ സഹായിച്ചതിനും ഈ പ്രകടനത്തിനു വലിയ പങ്കു തന്നെയുണ്ട്.
രോഹിത് ശര്‍മ, വിരാട് കോലി, ആര്‍ അശ്വിന്‍ എന്നീ മൂന്നു ഇതിഹാസതാരങ്ങളില്ലാതെയാണ് പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ ടീം ഇന്ത്യ 2-2ന്റെ വീരോചിത സമനില പിടിച്ചുവാങ്ങിയത്. ഈ പരമ്പരയില്‍ കോലിയെ ഇന്ത്യന്‍ ടീം മിസ് ചെയ്തുവോയെന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആകാശ്ദീപ്. അദ്ദേഹത്തിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.

കോലിയുടെ അഭാവം
വിരാട് കോലിയുടെ അസാന്നിധ്യത്തെ പൂര്‍ണമായി തള്ളിക്കളയുന്ന തരത്തിലുള്ള പ്രതികണമാണ് ആകാശ്ദീപ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഒരു താരവും ടീമിനേക്കാല്‍ വലുതല്ലെന്നും ടീമാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
നോക്കൂ, ഇതൊരു ടീമാണ്. ഇന്നു നമ്മള്‍ ഇവിടെയുണ്ട്. നമ്മളില്ലെങ്കില്‍ വേറേയാരെങ്കിലും ആ സ്ഥാനത്തേക്കു വരികയും ചെയ്യും. പക്ഷെ എന്തൊക്കെയൈാണെങ്കിലും ടീമിലെ അന്തരീക്ഷം എല്ലായ്‌പ്പോഴും ഒന്നു തന്നെയായിരിക്കും. കാരണം ടീം സൃഷ്ടിക്കപ്പെട്ടത് ഒരാള്‍ക്കു വേണ്ടിയല്ല.
11 പേര്‍ ഒരു ടീമിലുണ്ട്. അവര്‍ എല്ലാവരും പ്രധാനപ്പെട്ടവരാണുമായിരുന്നു ആകാശ്ദീപിന്റെ കിടിലന്‍ മറുപടി. കോലിയെ മാത്രമല്ല രോഹിത്തിനെയും ടീം മിസ് ചെയ്യുന്നില്ലെന്ന പരോക്ഷമാ മറുപടി കൂടിയാണ് ഇതിലൂടെ അദ്ദേഹം നല്‍കിയിരിക്കുന്നത്.
ആകാശ്ദീപിന്റെ പ്രകടനം
ഇംഗ്ലണ്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ മൂന്നെണ്ണത്തിലാണ് ആകാശ്ദീപിനു കളിക്കാന്‍ അവസരം ലഭിച്ചത്. ഒരു കളിയില്‍ അദ്ദേഹം ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ടപ്പോള്‍ മറ്റൊന്നില്‍ പരിക്കു കാരണം പുറത്തിരിക്കേണ്ടിയും വരികയായിരുന്നു.
13 വിക്കറ്റുകളാണ് മൂന്നു ടെസ്റ്റുകളില്‍ നിന്നായി ആകാശ്ദീപ് പോക്കറ്റിലാക്കിയത്. ലീഡ്‌സില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന്റെ പരാജയമേറ്റു വാങ്ങിയ ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തിനു ബെഞ്ചിലായിരുന്നു സ്ഥാനം. എന്നാല്‍ എജ്ബാസ്റ്റണിലെ രണ്ടാമങ്കത്തില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഇന്ത്യ വിശ്രമം അനുവദിച്ചപ്പോള്‍ പകരം ആകാശ്ദീപിനു ടീമിലേക്കു നറുക്കുവീണു.

തനിക്കു ലഭിച്ച ഈ അവസരം അദ്ദേഹം ശരിക്കും മുതലെടുക്കുകയും ചെയ്തു. രണ്ടിന്നിങ്‌സുകളിലായി 10 വിക്കറ്റുകള്‍ പിഴുത ആകാശ്ദീപ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ഈ ഗ്രൗണ്ടില്‍ ഇന്ത്യന്‍ ടീം ഒരു ടെസ്റ്റ് വിജയിച്ചതും ചരിത്രത്തിലാദ്യമായിരുന്നു.
അതിനു ശേഷമായിരുന്നു ഇന്ത്യക്കു ഡു ഓര്‍ ഡൈ മാച്ചായിരുന്ന ഓവലിലെ അഞ്ചാമങ്കത്തില്‍ ആകാശ്ദീപ് വീണ്ടും ടീമിന്റെ ഹീറോയായി മാറിയത്. നൈറ്റ് വാച്ച്മാനായി ക്രീസിലേക്കു അയക്കപ്പെട്ട അദ്ദേഹം ടീം മാനേജ്‌മെന്റിനെയും ആരാധകരെയുമെല്ലാം ഒരുപോലെ ഞെട്ടിക്കുക തന്നെ ചെയ്തു.
ഇംഗ്ലണ്ടിന്റെ ന്യൂബോള്‍ മികച്ച രീതിയില്‍ നേരിട്ട ആകാശ്ദീപ് 66 റണ്‍സുസുമായി ടീമിനെ ശക്തമായ നിലയിലേക്കു നയിച്ചു. യശസ്വി ജയ്‌സ്വാളിനൊപ്പം 107 റണ്‍സാണ് ടീം ടോട്ടലിലേക്കു അദ്ദേഹം കൂട്ടിച്ചേര്‍ത്തത്.
ടെസ്റ്റ് കരിയറെടുത്താല്‍ വെറും 10 മല്‍സരങ്ങളില്‍ മാത്രമേ ആകാശ്ദീപ് ഇതിനകം കളിച്ചിട്ടുള്ളൂ. 30ന് മുകളില്‍ ശരാശരിയില്‍ 54.8 ശരാശരിയില്‍ 28 വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു. ഒരു ഫൈററും ഇതിലുള്‍പ്പെടും.