ഐപിഎല്ലിന്റെ സമാപിച്ച സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊരാളായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ഇടംകൈയന്‍ ബാറ്ററും ഫിനിഷറുമായ ഷിംറോണ്‍ ഹെറ്റ്‌മെയര്‍. ഫിനിഷിങില്‍ അദ്ദേഹത്തിന്റെ ദയനീയ പ്രകടനം കാരണം ജയിക്കേണ്ടിയിരുന്ന ചില മല്‍സരങ്ങളില്‍ പോലും റോയല്‍സിനു തോല്‍വിയും നേരിട്ടു.
വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം സീസണിനു ശേഷം ഹെറ്റിക്കു നേരെ ഉയരുകയും ചെയ്തു. സീസണില്‍ വന്‍ ദുരന്തമായതോടെ റോയല്‍സ് ഒഴിവാക്കാന്‍ പോവുന്ന ലിസ്റ്റില്‍ അദ്ദേഹവും ഉള്‍പ്പെടുമെന്നുറപ്പായിരിക്കുകയാണ്.
എന്നാല്‍ റോയല്‍സിനായി ഐപിഎല്ലില്‍ ഹെറ്റ്‌മെയര്‍ മനപ്പൂര്‍വ്വം മോശമായി കളിച്ചതാണെന്ന ആരോപണവുമയി ഒരു വിഭാഗം ആരാധകര്‍ ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്. ഇതിന്റെ തെളിവും അവര്‍ പുറത്തു വിട്ടിട്ടുണ്ട്.

എംഎല്‍സിയിലെ ഫിനിഷിങ്
ഐപിഎല്ലിനു ശേഷം ഇപ്പോള്‍ അമേരിക്കയില്‍ നടക്കുന്ന സമാനമായ ഫ്രാഞ്ചൈസി ലീഗായ എംഎല്‍സിയില്‍ (മേജര്‍ ലീഗ് ക്രിക്കറ്റ്) കളിച്ചു കൊണ്ടിരിക്കുകയാണ് ഷിംറോണ്‍ ഹെറ്റ്‌മെയര്‍. കഴിഞ്ഞ ദിവസം ഡല്ലാസില്‍ നടന്ന കളിയില്‍ കിടിലനൊരു ഫിനിഷിങുമായി അദ്ദേഹം ടീമിന്റെ ഹീറോയുമായി മാറി.
ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ വെസ്റ്റ് ഇന്‍ഡീസ് താരത്തിനെതിരേ രംഗത്തു വന്നത്. മറ്റൊരു ലീഗില്‍ ഫിനിഷറുടെ റോളില്‍ കസറാന്‍ ഹെറ്റിക്കു കഴിയുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് കുപ്പായത്തില്‍ ഇതിനു കഴിഞ്ഞില്ലെന്നും അവര്‍ ചോദിക്കുന്നു.
മുംബൈ ഇന്ത്യന്‍സിനു കീഴിലുള്ള ടീമായ എംഐ ന്യൂയോര്‍ക്കിനെ കഴിഞ്ഞ ദിവസം ത്രില്ലറില്‍ സിയാറ്റില്‍ ഒര്‍ക്കാസ് ടീം വീഴ്ത്തിയപ്പോള്‍ അവരുടെ ജയത്തിനു ചുക്കാന്‍ പിടിച്ചത് ഹെറ്റ്‌മെയറായിരുന്നു. റണ്‍ചേസ് നടത്തവെ ഇന്നിങ്‌സിലെ അവസാന ബോളില്‍ ഒര്‍ക്കാസിനു ജയിക്കാന്‍ വേണ്ടിയിരുന്നത് ആറു റണ്‍സാണ്.
ഈ ഓവര്‍ എറിഞ്ഞത് വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ മുന്‍ താരവും ഓള്‍റൗണ്ടറുമായ കരെണ്‍ പൊള്ളാര്‍ഡാണ്. അവസാന ബോള്‍ സിക്‌സറിലേക്കു പറത്തിയാണ് പൊള്ളാര്‍ഡിനെയും എംഐയെയും സ്തബ്ധരക്കി ഹെറ്റ്‌മെയര്‍ ടീമിന്റെ വിജയറ ണ്‍സ് കുറിച്ചത്. അദ്ദേഹത്തിന്റെ ഈ സിക്‌സര്‍ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്.
പൊള്ളാര്‍ഡിനെതിരേ സിക്‌സറിലൂടെ ഹെറ്റ്‌മെയര്‍ വിജയറണ്‍സ് നേടുന്നു
സിക്‌സറിലൂടെ വിജയ റണ്‍സ് കുറിക്കുക മാത്രമല്ല ഈ കളിയില്‍ ടീമിനായി ഏറ്റവും ഗംഭീരമായ ഇന്നിങ്‌സ് കാഴ്ചവച്ചതും അദ്ദേഹം തന്നെ. വെറു 40 ബോളില്‍ പുറത്താവാതെ 97 റണ്‍സാണ് ഹെറ്റി വാരിക്കൂട്ടിയത്. ഒമ്പതു കൂറ്റന്‍ സിക്‌സറും അഞ്ചു ഫോറും ഇതിലുള്‍പ്പെടും.
ഇതോടെ ഈ കളിയില്‍ എംഐ നല്‍കിയ 237 റണ്‍സെന്ന കൂറ്റന്‍ സ്‌കോറും ഒര്‍ക്കാസ് മറികടക്കുകയായിരുന്നു. എംഎല്‍സിയുടെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന റണ്‍ചേസും ഇതു തന്നെയാണ്. എംഎല്‍സിയില്‍ ഇത്തരമൊരു ഗംഭീര ഇന്നിങ്‌സ് കളിക്കാനായെങ്കില്‍ ഐപിഎല്ലില്‍ ഇങ്ങനെയുള്ള ഒരു തീപ്പൊരി ഇന്നിങ്‌സ് എന്തുകൊണ്ട് ഹെറ്റി കളിച്ചില്ലെന്നും ആരാധകര്‍ ചോദിക്കുന്നു.

ഹെറ്റ്‌മെയര്‍ ചതിയന്‍
ഷിംറോണ്‍ ഹെറ്റ്‌മെയര്‍ കൊടും ചതിയനാണെന്നും രാജസ്ഥാന്‍ റോയല്‍സ് വീണ്ടുമൊരു ഐപിഎല്‍ സീസണില്‍ അദ്ദേഹത്തെ വിശ്വസിക്കരുതെന്നും ആരാധകര്‍ ആവശ്യപ്പെടുകയാണ്.
ഐപിഎല്ലിലെ ഷിംറോണ്‍ ഹെറ്റ്‌മെയറിനെയും എംഎല്‍സിയിലെ ഹെറ്റ്‌മെയറിനെയും നോക്കൂ. രണ്ടു പേരും തീര്‍ത്തും വ്യത്യസ്തരാണ്. കഴിഞ്ഞ സീസണില്‍ ഇതിനേക്കാള്‍ സിംപിളായ സാഹചര്യത്തില്‍ പോലും ഒന്നിലേറെ തവണ രാജസ്ഥാന്‍ റോയല്‍സിനെ ജയിപ്പിക്കാന്‍ അവസരം കിട്ടിയിട്ടും അദ്ദേഹത്തിനു ഇതിനായില്ല. റോയല്‍സില്‍ ഹെറ്റി ഒത്തുകളിച്ചിട്ടുണ്ടോയെന്നു സംശയിക്കുന്നതായും ആരാധകര്‍ ആഞ്ഞടിക്കുന്നു.
രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെ ആറു ബോളില്‍ ജയിക്കാന്‍ വെറും ഒമ്പതു റണ്‍സ് മാത്രം വേണമെന്നിരിക്കവെ അതു പോലും നേടാന്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്കു തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ സാധിച്ചില്ല. എംഎല്‍സിയില്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സ് കാണുമ്പോള്‍ റോയല്‍സില്‍ മനപ്പൂര്‍വ്വം മോശമായി കളിച്ചെന്നു സംശയമുണ്ടെന്നുമായിരുന്നു ഒരു പ്രതികരണം.