ടീം ഇന്ത്യയെ സംബന്ധിച്ച് ഏറെക്കാലത്തിനു ശേഷം ലഭിച്ച എല്ലാം തികഞ്ഞ ഒരു സീം ബൗളിങ് ഓള്‍റൗണ്ടറെന്നു വിശേഷിപ്പിക്കാവുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ലോകകപ്പ് വിന്നിങ് ക്യാപ്റ്റനുമായ കപില്‍ ദേവിനു ശേഷം മാച്ച് വിന്നറായ ഒരു സീം ബൗളിങ് ഓള്‍റൗണ്ടറെ ഇന്ത്യക്കു കിട്ടിയത് ഹാര്‍ദിക്കിലൂടെയാണ്. പക്ഷെ കപിലുമായി അദ്ദേഹത്തെ ഒരിക്കലും നമുക്കു താരതമ്യം ചെയ്യാന്‍ സാധിക്കില്ല. കാരണം പരിക്കള്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന കരിയറാണ് ഹാര്‍ദിക്കിന്റേത്.
ഇപ്പോള്‍ വീണ്ടുമൊരു പരിക്കു കാരണം അദ്ദേഹം കളിക്കളത്തില്‍ നിന്നും മാറിനില്‍ക്കുകയാണ്. നാട്ടില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ പകുതിയാവുമ്പോഴക്കും ഹാര്‍ദിക് പരിക്കേറ്റ് വീഴുകയും പിന്നീട് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയും ചെയ്തിരുന്നു. ഇനി അദ്ദേഹത്തിനു എപ്പോള്‍ കളിക്കളത്തിലേക്കു മടങ്ങിവരാന്‍ സാധിക്കുമെന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.

അടുത്ത മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിലൂടെയാവും ഹാര്‍ദിക്കിന്റെ മടങ്ങിവരവെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. പക്ഷെ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐപിഎല്ലും താരത്തിനു നഷ്ടമായേക്കും. പക്ഷെ ഹാര്‍ദിക്ക് എന്തൊക്കെ സംഭവിച്ചാലും ഐപിഎല്ലില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിവരാന്‍ സാധ്യത കൂടുതലാണെന്നു ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവും.
ഇന്ത്യന്‍ ടീമിനേക്കാള്‍ ഐപിഎല്ലില്‍ നിന്നും ലഭിക്കുന്ന വലിയ സാമ്പത്തിക നേട്ടമാണ് ഹാര്‍ദിക്കിനു മുഖ്യമെന്നു പറഞ്ഞാലും തെറ്റില്ല. ടീം ഇന്ത്യയേക്കാള്‍ വലുത് അദ്ദേഹത്തിനു ഐപിഎല്‍ തന്നെയാണെന്നതിനു വ്യക്തമായ തെളിവുണ്ട്. ഇതു എന്താണെന്നു നമുക്കു പരിശോധിക്കാം.
പരിക്കു കാരണം ലോകകപ്പുള്‍പ്പെടെ നഷ്ടമായാലും ഹാര്‍ദിക്ക് ഐപിഎല്ലില്‍ നന്നും അത്ര പെട്ടെന്നന്നും പിന്‍മാറില്ല. എന്തു ത്യാഗം ചെയ്തും ഐപിഎല്ലില്‍ കളിക്കാന്‍ അദ്ദേഹം തയ്യാറായി ഇരിക്കുകയും ചെയ്യും. ദേശീയ ടീമിലും ഐപിഎല്ലിലും പരിക്കു കാരണം ഹാര്‍ദിക്ക് നഷ്ടപ്പെടുത്തിയ മല്‍സരങ്ങളുടെ കണക്കുകളെടുത്താല്‍ രണ്ടും തമ്മിലുള്ള അന്തരം ആരെയും ഞെട്ടിക്കും. ഐപിഎല്‍ തന്നെയാണ് അദ്ദേഹത്തിനു മറ്റ് എന്തിനേക്കാളും വലുതെന്നു ഇതു കാണിച്ചുതരികയും ചെയ്യും.
2016ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഹാര്‍ദിക്ക് അരങ്ങേറിയതിനു ശേഷം മൂന്നു ഫോര്‍മാറ്റുകളിലുമായി ഇന്ത്യന്‍ ടീം കളിച്ചിട്ടുള്ളത് 343 മല്‍സരങ്ങളിലാണ്. ഇവയില്‍ പക്ഷെ അദ്ദേഹം കളിച്ചത് 189 മല്‍സരങ്ങളില്‍ മാത്രമാണ്. അതായത് ആകെ മല്‍സരങ്ങളുടെ വെറും 55 ശതമാനം മാത്രമേ ഹാര്‍ദിക്കിന്റെ സേവനം ഇന്ത്യക്കു ലഭിച്ചിട്ടുള്ളൂ. പരിക്കു കാരണമാണ് ഭൂരിഭാഗം മല്‍സരങ്ങളും അദ്ദേഹത്തിനു നഷ്ടമായത്.

അതേസമയം, 2016 ഏപ്രിലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിനോടൊപ്പമാണ് ഐപിഎല്ലില്‍ ഹാര്‍ദിക് അരങ്ങേറിയത്. അതിനു ശേഷം ഹാര്‍ദിക് 2021ല്‍ ടീം വിടുന്നതു വരെ 137 മല്‍സരങ്ങളിലാണ് മുംബൈ കളിച്ചത്. ഇവയില്‍ 123ലും ഹാര്‍ദിക് മുംബൈയ്ക്കു വേണ്ടി കളിക്കാനിറങ്ങിയിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. അതായത് മുംബൈയ്ക്കു വേണ്ടി 90 ശതമാനം മല്‍സരങ്ങളിലും അദ്ദേഹം കളിക്കാനിറങ്ങിയിട്ടുണ്ട്. വളരെ കുറച്ചു മല്‍സരങ്ങള്‍ മാത്രമേ താരത്തിനു നഷ്ടമായിട്ടുള്ളൂ.
വരാനിരിക്കുന്ന 17ാം സീസണില്‍ മുംബൈ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ഹാര്‍ദിക്. ഇത്തവണത്തെ ലേലത്തിനു മുമ്പാണ് ട്രേഡ് വിന്‍ഡോയില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരുന്ന അദ്ദേഹം അവരെ കൈവിട്ട് മുംബൈയില്‍ തിരികെയെത്തിയത്. നേരത്തേ 2021ല്‍ ടീമിന്റെ ക്യാപ്റ്റന്‍സി ഹാര്‍ദിക് ആവശ്യപ്പെട്ടിരുന്നതായും പക്ഷെ മുംബൈ ഇതു നല്‍കാന്‍ തയ്യാറായില്ലെന്നും അതിനു പിന്നാലെയാണ് അവര്‍ ഒഴിവാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇത്തവണ മുംബൈ ടീമിലേക്കു തിരിച്ചെത്തുന്നതിനു ഹാര്‍ദിക്കിന്റെ ആദ്യത്തെ ഡിമാന്റ് നായകസ്ഥാനം തനിക്കു നല്‍കണമെന്നതായിരുന്നു. മുംബൈ ഇതിനു സമ്മതം മൂളിയതോടെയണ് ജിടി വിടാന്‍ അദ്ദേഹം തയ്യാറായതെന്നുമാണ് റിപ്പോര്‍ട്ട്. കരാര്‍ ഒപ്പിട്ട് ദിവസങ്ങള്‍ക്കകം തന്നെ രോഹിത് ശര്‍മയുടെ കസേര തെറിപ്പിച്ച് ഹാര്‍ദിക്കിനെ പുതിയ ക്യാപ്റ്റനായി മുംബൈ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.