ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ യഥാര്‍ഥത്തില്‍ നയിക്കേണ്ടിയിരുന്നത് എംഎസ് ധോണി ആയിരുന്നില്ല, മറിച്ച് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങായിരുന്നു. പക്ഷെ ചില കാരണങ്ങളാല്‍ യുവി ബിസിസിഐയുടെ കണ്ണിലെ കരടായി മാറുകയും നേതൃതനിരയില്‍ നിന്നും നീക്കം ചെയ്യപ്പെടുകയുമായിരുന്നു. ധോണിയേക്കാള്‍ സീനിയറായിട്ടും ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം തനിക്കു ലഭിക്കാതെ പോയതിന്റെ കാരണം യുവി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുമായി ഒരു അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഓസ്‌ട്രേലിയക്കാരനായ മുന്‍ കോച്ച് ഗ്രെഗ് ചാപ്പലും ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങളും ഈ വിഷയത്തില്‍ താന്‍ സച്ചിനെ പിന്തുണച്ചതുമാണ് ക്യാപ്റ്റന്‍സി ലഭിക്കാതിരിക്കാനുള്ള പ്രധാനപ്പെട്ട കാരണമെന്നാണ് യുവി തുറന്നു പറഞ്ഞത്.

ക്യാപ്റ്റന്‍സി മോഹമുണ്ടായിരുന്നോയെന്ന മഞ്ജരേക്കറുടെ ചോദ്യത്തിനു തീര്‍ച്ചായും എന്നായിരുന്നു യുവിയുടെ മറുപടി. തുടര്‍ന്നാണ് തനിക്കു അതു ലഭിക്കാതെ പോയതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചത്.
ഞാനായിരുന്നു ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആവേണ്ടയിരുന്നത്. പക്ഷെ ഗ്രെഗ് ചാപ്പല്‍ പ്രശ്‌നമുണ്ടായപ്പോള്‍ ഒന്നുകില്‍ ചാപ്പല്‍ അല്ലെങ്കില്‍ സച്ചിന്‍ എന്നിവരിലൊരാളെ പിന്തുണയ്ക്കുകയായിരുന്നു ചെയ്യാന്‍ സാധിക്കുക. ആ സമയത്തു എന്റെ ടീമംഗമായ സച്ചിനെ പിന്തുണച്ച ഏക താരം ചിലപ്പോള്‍ ഞാനായിരിക്കും.
ബിസിസിഐയുടെ ചില ഒഫീഷ്യലുകള്‍ക്കു ഇതു ഇഷ്ടമാവുകയും ചെയ്തില്ല. ആരെ വേണമെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റനാക്കാം, പക്ഷെ എന്നെയാക്കില്ലെന്നാണ് അവര്‍ പറഞ്ഞതെന്നാണ് പിന്നീട് അറിയാന്‍ സാധിച്ചത്. ഇതില്‍ എത്ര മാത്രം സത്യമുണ്ടെന്നും തനിക്ക് അറിയില്ലെന്നും യുവരാജ് വ്യക്തമാക്കി.
വളരെ പെട്ടെന്നായിരുന്നു ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ഞാന്‍ ഒഴിവാക്കപ്പെട്ടത്. വീരേന്ദര്‍ സെവാഗ് ടീമിലും ഇല്ലായിരുന്നു. ചിത്രത്തില്‍ പോലുമില്ലായിരുന്ന മഹി (എംഎസ് ധോണി) 2007ലെ ടി20 ലോകകപ്പില്‍ ക്യാപ്റ്റനായി നിയമിക്കപ്പെടുകയും ചെയ്തു. ഞാനായിരുന്നു ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആവേണ്ടിയിരുന്നത്. കാരണം വീരുവായിരുന്നു സീനിയര്‍. പക്ഷെ ഇംഗ്ലണ്ട് പര്യടനത്തില്‍ അദ്ദേഹമില്ലായിരുന്നു.
രാഹുല്‍ (ദ്രാവിഡ്) ഏകദിന ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ ഞാനായിരുന്നു വൈസ് ക്യാപ്റ്റന്‍. അതുകൊണ്ടു തന്നെ സ്വാഭാവികമായും അടുത്ത നായകനാവേണ്ടിയിരുന്നത് ഞാനാണ്. പക്ഷെ തീരുമാനം എനിക്കെതിരായി വരികയായിരുന്നു. എനിക്കു അതില്‍ ഖേദവുമില്ല. ഇപ്പോള്‍ അതുപോലെയൊരു സംഭവമുണ്ടായാലും ഞാന്‍ എന്റെ ടീമംഗത്തെ തന്നെയായിരിക്കും പിന്തുണയ്ക്കുകയെന്നും യുവി കൂട്ടിച്ചേര്‍ത്തു.

അതേസമയം, വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരുടെ നിരയിലാണ് യുവരാജ് സിങിന്റെ സ്ഥാനം. പ്രതിസന്ധി ഘട്ടങ്ങളില്‍ നിരവധി തവണ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഇന്ത്യയുടെ രണ്ടു ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള താരം കൂടിയാണ് യുവി.
2007ലെ ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. ഇംഗ്ലണ്ടുമായുള്ള പോരാട്ടത്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറില്‍ ആറു സിക്‌സറുകള്‍ പായിച്ച് യുവി ലോക റെക്കോര്‍ഡ് കുറിച്ചതും ഈ ടൂര്‍ണമെന്റിലായിരുന്നു.
അതിനു ശേഷം 2011ലെ ഏകദിന ലോകകപ്പില്‍ ധോണിക്കു കീഴില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോഴും യുവിയായിരുന്നു ഹീറോ. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും അദ്ദേഹം അന്നു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏകദിനത്തില്‍ 304 മല്‍സരങ്ങളില്‍ നിന്നും 9924 റണ്‍സും ടി20യില്‍ 58 മല്‍സരങ്ങളില്‍ നിന്നും 1177 റണ്‍സുമാണ് യുവിയുടെ സമ്പാദ്യം.