ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ അന്താരാഷ്ട്ര കരിയര്‍ പ്രതീക്ഷിക്കപ്പെട്ടതിനേക്കാള്‍ നേരത്തേ അവസാനിച്ചതിനു പിന്നിലുള്ള കാരണക്കാരന്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണോ? ക്രിക്കറ്റ് ആരാധകര്‍ക്കു അന്നും ഇന്നുമുള്ള ഒരു സംശയമാണിത്. പല തരത്തിലുള്ള അഭിപ്രായങ്ങളും ഇതുമായി ബന്ധപ്പെട്ടു നമുക്കു കേള്‍ക്കുകയും ചെയ്യാം.
ധോണി വില്ലനായിരുന്നില്ലെങ്കില്‍ ദേശീയ ടീമിനായി സെവാഗ് കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കുകയും മിന്നുന്ന പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുമായിരുന്നെന്നാണ് ആരാധകരുടെ വാദം. യഥാര്‍ഥത്തില്‍ വീരുവിന്റെ കരിയര്‍ ഇല്ലാതാക്കിയതില്‍ ധോണിക്കു പങ്കുണ്ടോ? ഇതിനെക്കുറിച്ചു നമുക്കു പരിശോധിക്കാം. ചില പ്രധാനപ്പെട്ട ഘടകങ്ങള്‍ ഇതിനായി നമുക്കു പരിഗണിക്കേണ്ടതായി വരും.

ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ ഇഷ്ടപ്പെടുന്ന വളരെ അഗ്രസീവ് ബാറ്റിങ് ശൈലിയുടെ വക്താവായിരുന്നു സെവാഗെന്നു എല്ലാവര്‍ക്കുമറിയാം. തുടക്കത്തില്‍ തന്നെ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി അവരുടെ താളം തെറ്റിക്കുകയെന്ന തന്ത്രമാണ് അദ്ദേഹം പയറ്റിയിരുന്നത്. ഇതില്‍ സെവാഗ് വിജയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അദ്ദേഹത്തിന്റെ സമീപനത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു ശൈലിയുടെ വക്താവായിരുന്നു ധോണി. രണ്ടു കല്‍പ്പിച്ചുള്ള ആക്രമണത്തേക്കാള്‍ കുറേക്കൂടി തന്ത്രപരമായി കാര്യങ്ങളെ സമീപിച്ചിരുന്ന ക്യാപ്റ്റനാണ് ധോണി. മാത്രമല്ല പ്രകടനത്തിലെ സ്ഥിരതയ്ക്കും കൂട്ടുകെട്ടുകള്‍ക്കുമാണ് അദ്ദേഹം കൂടുതല്‍ പ്രാധാന്യവും നല്‍കിയിരുന്നത്. ഇതു വീരുവിനും സെവാഗിനുമിടയിലുള്ള കെമിസ്ട്രിയെ ബാധിച്ചുവെന്നു പറയേണ്ടി വരും.
ധോണി ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം ടീമിന്റെ ആകെയുള്ള ഘടനയിലും കളിക്കാരുടെ റോളുകളിലുമെല്ലാം അടിമുടി മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഈ സമയത്തു ടീമിലുണ്ടായിരുന്ന വീരുവിനെ ഇതു ദോഷകരമായി ബാധിക്കുകയും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ഇടിവുണ്ടാവുകയും ചെയ്തു. യഥാര്‍ഥത്തില്‍ ഇതു ധോണി കാരണമായിരുന്നില്ല. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും മറ്റും സെവാഗിന്റെ പ്രകടനങ്ങളെയും മോശമായി ബാധിക്കുകയും ഇതു അദ്ദേഹത്തിന്റെ സ്ഥിരത നഷ്ടപ്പെടാന്‍ വഴിയൊരുക്കുകയും ചെയ്തു.
ടീം സെലക്ഷന്റെ കാര്യത്തില്‍ വളരെ സജീവമായി ഇടപെട്ടിരുന്ന ക്യാപ്റ്റന്‍ കൂടിയായിരുന്നു ധോണി. തുടര്‍ച്ചയായുള്ള മോശം പ്രകടനങ്ങള്‍ കാരണം ഒടുവില്‍ സെവാഗിനെ ടീമില്‍ നിന്നൊഴിവാക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി തീരുകയും ചെയ്തു.
ടീമില്‍ നിന്നും ധോണി പുറത്താക്കിയതോടെ സെവാഗിന്റെ ആത്മവിശ്വാസം തകര്‍ന്നുവെന്നും ഇതു ഫോം വീണ്ടെടുക്കാന്‍ അദ്ദേഹത്തിനു തടസ്സമായെന്നുമാണ് വിമര്‍ശകരുടെ വാദം. എന്നാല്‍ തുടര്‍ച്ചയായി പ്രകടനം മോശമായാല്‍ ഏതൊരു താരത്തിനും ടീമില്‍ സ്ഥാനം നഷ്ടമാവുമെന്നത് പൊതുവായ കാര്യമാണ്. അതിനു അന്നു ക്യാപ്റ്റനായിരുന്ന ധോണിയെ മാത്രം പഴിക്കാനും സാധിക്കില്ല.

ധോണിയുടെ ക്യാപ്റ്റന്‍സി സമീപനവും കളിക്കാരുടെ റോളുകളില്‍ വരുത്തിയിട്ടുള്ള മാറ്റവുമെല്ലാം സെവാഗിന്റെ കരിയറിനെയും മോശമായി ബാധിച്ചിട്ടുണ്ടെന്നു നമുക്കു കാണാം. പക്ഷെ ഇതിന്റെ പേരില്‍ മാത്രം വീരുവിന്റെ കരിയര്‍ തകര്‍ത്തത് ധോണിയാണെന്നു കുറ്റപ്പെടുത്താന്‍ സാധിക്കില്ല.
ധോണിയുടെ ഗെയിം പ്ലാനുകളുമായി പൂര്‍ണമായി പൊരുത്തപ്പെടാന്‍ സാധിക്കാതെ പോയതും പ്രകടനം മെച്ചപ്പെടുത്തി ദേശീയ ടീമിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിക്കാതെ പോയതുമാണ് യഥാര്‍ഥത്തില്‍ സെവാഗിന്റെ കരിയറിനു തിരിച്ചടിയായത്. ഈ കാരണത്താല്‍ ആഗ്രഹിച്ചതു പോലെ നല്ലൊരു ക്ലൈമാക്‌സ് അദ്ദേഹത്തിന്റെ കരിയറിനു ലഭിച്ചതുമില്ല.