Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനത്തില്‍ സച്ചിന്‍ കളി നിര്‍ത്താന്‍ കാരണം ധോണി! ഒതുക്കിയതോ? ഇതാണ് സത്യം

ലോക ക്രിക്കറ്റിനു ഇന്ത്യന്‍ ക്രിക്കറ്റ് നല്‍കിയ ഏറ്റവും വലിയ സംഭാവനയായിരുന്നു മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഓസ്‌ട്രേലിയന്‍ മുന്‍ ബാറ്റിങ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന് ശേഷം സച്ചിനോളം ആരാധിക്കപ്പെട്ട മറ്റൊരു ബാറ്റര്‍ ലോക ക്രിക്കറ്റില്‍ ഉണ്ടായിട്ടില്ല. വിരമിച്ചിട്ട് വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും ഇപ്പോള്‍ കളിക്കളത്തിലേക്കു ചുവടുവയ്ക്കുന്ന പല യുവതാരങ്ങളുടെയും ഹീറോ സച്ചിന്‍ തന്നെയാണ്.

ക്രിക്കറ്റെന്ന ഗെയിമില്‍ ഇപ്പോഴും അദ്ദേഹമുണ്ടാക്കുന്ന ഇംപാക്ട് എത്ര മാത്രം വലുതാണെന്നു തെളിയിക്കാന്‍ ഇതു തന്നെ ധാരാളം. ബാറ്റ് കൊണ്ട് ഒരു താരത്തിനു സാധ്യമായതെല്ലാം നേടിക്കഴിഞ്ഞിട്ടും സച്ചിന്റെ ഏറ്റവും വലിയ സ്വപ്‌നമായി ചൂണ്ടിക്കാണിക്കപ്പെട്ടത് ലോകകിരീടമായിരുന്നു. കരിയറിന്റെ അസ്തമയ കാലത്ത്, 2011ല്‍ സ്വന്തം നാടായ മുംബൈയില്‍ വച്ച് തന്നെ ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.

SACHIN TENDULKAR

തൊട്ടടുത്ത വര്‍ഷമാണ് സച്ചിന്‍ ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നത്. 2012 മാര്‍ച്ച് 18ന് ചിരവൈരികളായ പാകിസ്താനുമായി ബംഗ്ലാദേശിലെ മിര്‍പൂരില്‍ നടന്ന കളിയോടെ അദ്ദേഹം ഏകദിനം മതിയാക്കുകയായിരുന്നു. കുറച്ചുകൂടി ഏകദിനത്തില്‍ സച്ചിനു കളിക്കാന്‍ സാധിക്കുമായിരുന്നെന്നും പക്ഷെ അന്നത്തെ ക്യാപ്റ്റനായ എംഎസ് ധോണി അദ്ദേഹത്തെ വിരമിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നും പിന്നീട് ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതില്‍ യഥാര്‍ഥത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? ഇതേക്കുറിച്ചു നമുക്കു പരിശോധിക്കാം.

ധോണി കാരണമാണ് സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമച്ചത് എന്നത് തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണം തന്നെയാണ്. കാരണം 2012ല്‍ വിരമിക്കുമ്പോള്‍ സച്ചിന് 39 വയസ്സുണ്ടായിരുന്നു. ഒരു ശരാശരി ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളം വിരമിക്കല്‍ പ്രായം 36-37 വയസ്സാണ്. പക്ഷെ സച്ചിന്‍ 39 വയസ്സ് വരെ ഏകദിനത്തില്‍ കളി തുടര്‍ന്നത് ക്യാപ്റ്റായിരുന്ന ധോണി കാരണം തന്നെയാണ്. വിരമിക്കല്‍ പ്രായം പിന്നിട്ടിട്ടും ധോണി അദ്ദേഹത്തിനു അവസരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്.

മാത്രമല്ല 2012ലെ കണക്കുകളെടുത്താല്‍ ഏകദിനത്തില്‍ സച്ചിന്റെ പ്രകടനത്തിലും ഇടിവ് സംഭവിച്ചിട്ടുള്ളതായി കാണാന്‍ കഴിയും. ഇതേ തുടര്‍ന്നാണ് ഇനിയും ടീമിനു ബാധ്യതയാവേണ്ടതില്ലെന്ന തീരുമാനത്തിനു അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. 2012ല്‍ 10 ഏകദിനങ്ങളിലാണ് സച്ചിന്‍ കളിച്ചത്. ഇവയില്‍ നിന്നും 31.50 ശരാശരിയില്‍ 315 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമാണ് സച്ചിനു നേടാനായത്.

MS DHONI

അദ്ദേഹത്തിന്റെ ഏകദിന കരിയറെടുത്താല്‍ ശരാശരി 40നു താഴെ പോയതും 2005നു ശേഷമാദ്യമായിട്ടാണ്. 2005ല്‍ ശരാശരി 27.47ലേക്കു വീണതിനു ശേഷമുള്ള 10 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ശരാശരിയായിരുന്നു 2012ലേത്. പ്രകടനം താഴേക്കു പോയതും അതോടൊപ്പം പ്രായവും തന്നെ തളര്‍ത്തുന്നതായി ബോധ്യമായതോടെ യുവതാരങ്ങള്‍ക്കു വഴി മാറിക്കൊടുക്കുന്നതിനു വേണ്ടി സച്ചിന്‍ ഏകദിനത്തില്‍ നിന്നും സ്വയം വിരമിക്കുകയായിരുന്നു.

വിരമിക്കുന്നതിനു തൊട്ടുമുമ്പത്തെ വര്‍ഷമായ 2011ല്‍ സച്ചിന്റെ ഏകദിന ശരാശരി 46.6 ആയിരുന്നു. ലോകകപ്പിലടക്കം കളിച്ച അദ്ദേഹം 11 മല്‍സരങ്ങളില്‍ നിന്നും രണ്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റികളുമടക്കം 513 റണ്‍സ് വാരിക്കൂട്ടിയിരുന്നു. ഉയര്‍ന്ന സ്‌കോര്‍ 120 റണ്‍സുമായിരുന്നു.

2011നെ അപേക്ഷിച്ച് പ്രകടനത്തില്‍ ഇടിവ് സംഭവിച്ചതു മാത്രമല്ല സ്ലോ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ സച്ചിന്‍ ഈ സമയത്തു വിമര്‍ശനങ്ങളും നേരിട്ടിരുന്നു. ഈ കാരണങ്ങളെല്ലാം ഒത്തുചേര്‍ന്നു വന്നപ്പോള്‍ സ്വരം നന്നാവുമ്പോള്‍ പാട്ടു നിര്‍ത്തുകയെന്ന രീതി സച്ചിനും പിന്തുടരുകയായിരുന്നു. അദ്ദേഹം ഏകദിനം മതിയാക്കിയതില്‍ ധോണിക്കു യാതൊരു പങ്കുമില്ലെന്നു ഇതില്‍ നിന്നും തന്നെ നമുക്കു മനസ്സിലാക്കാം.

Story first published: Tuesday, February 6, 2024, 13:56 [IST]
Other articles published on Feb 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+